300 കിലോഗ്രാം വിഭാഗത്തിൽപ്പെടുന്ന ഈ ബോംബിന് 140 കിലോമീറ്ററിലധികം (ഉയർന്ന വിമാനത്തിൽ നിന്ന് തൊടുക്കുമ്പോൾ 180 കി.മീ വരെ) സഞ്ചരിക്കാനുള്ള ശേഷിയുണ്ട്. 125 കിലോഗ്രാം സ്ഫോടക വസ്തുക്കളടങ്ങിയ Mk 81 വാർഹെഡാണ് ഇതിൽ ഉപയോഗിക്കുന്നത്. സാറ്റലൈറ്റ് നാവിഗേഷനും ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റവും (IRNS) ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ശത്രുക്കളുടെ ജാമിംഗ് പ്രതിരോധങ്ങളെ മറികടക്കാൻ സാധിക്കും. കൂടാതെ AI അധിഷ്ഠിത ഇലക്ട്രോ-ഓപ്റ്റിക്കൽ/ഇൻഫ്രാറെഡ് (EO/IR) സീക്കറുകളും ലഭ്യമാണ്.
സുഖോയ്-30MKI ഉൾപ്പെടെയുള്ള ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങളിൽ ഇത് ഘടിപ്പിച്ച് ഉപയോഗിക്കാം. ശത്രുക്കളുടെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തുനിന്ന് കൃത്യതയോടെ ലക്ഷ്യസ്ഥാനം തകർക്കാൻ ഇന്ത്യൻ വ്യോമസേനയ്ക്ക് ഈ സാങ്കേതികവിദ്യ സഹായകരമാകും. ഗ്ലൈഡ് ബോംബുകൾ, സാധാരണ ഗ്രാവിറ്റി ബോംബുകൾക്കും വലിയ ചെലവുള്ള ഗൈഡഡ് മിസൈലുകൾക്കും ഇടയിലുള്ള ഒരു ആധുനിക സാങ്കേതികവിദ്യയാണ്.
മിസൈലുകൾ പോലെ ഗ്ലൈഡ് ബോംബുകൾക്ക് സ്വന്തമായി റോക്കറ്റ് എഞ്ചിനോ ഇന്ധനമോ ഉണ്ടാകില്ല. വിമാനം ഏത് ഉയരത്തിലും വേഗതയിലുമാണോ പറക്കുന്നത്, ആ ഊർജ്ജവും കാറ്റിന്റെ ദിശയും ഉപയോഗിച്ചാണ് ഇവ ദൂരത്തേക്ക് സഞ്ചരിക്കുന്നത്. സാധാരണ ബോംബുകൾ വിക്ഷേപിച്ചാൽ ഗുരുത്വാകർഷണം മൂലം വേഗത്തിൽ താഴേക്ക് വീഴും. എന്നാൽ ഗ്ലൈഡ് ബോംബുകളിൽ ഘടിപ്പിച്ചിട്ടുള്ള പ്രത്യേക ചിറകുകൾ വായുവിൽ തെന്നി നീങ്ങി കിലോമീറ്ററുകളോളം ദൂരം സഞ്ചരിക്കാൻ ഇവയെ സഹായിക്കുന്നു.
സാധാരണ ബോംബുകൾ ഉപയോഗിക്കാൻ പോർവിമാനങ്ങൾ ശത്രുവിന്റെ വ്യോമപ്രതിരോധ നിരയ്ക്ക് തൊട്ടുമുകളിൽ എത്തേണ്ടി വരുന്നു. എന്നാൽ ഗ്ലൈഡ് ബോംബുകളും മിസൈലുകളും ശത്രുക്കളുടെ റേഡാർ/മിസൈൽ പരിധിക്ക് പുറത്തുനിന്ന് സുരക്ഷിതമായി തൊടുക്കാം. മിസൈലുകളിലെ ഏറ്റവും ചെലവേറിയ ഭാഗം അവയുടെ എഞ്ചിനുകളും ഇന്ധന സംവിധാനങ്ങളുമാണ്. ഗ്ലൈഡ് ബോംബുകളിൽ എഞ്ചിൻ ഇല്ലാത്തതിനാൽ, ഒരു മിസൈലിന്റെ നിർമ്മാണച്ചെലവിന്റെ ചെറിയൊരു ഭാഗം മാത്രം ഉപയോഗിച്ച് മിസൈലിന് തുല്യമായ കൃത്യതയും ദൂരപരിധിയും നേടാൻ സാധിക്കും.
