ഖെമർ രാജവംശത്തിലെ സൂര്യവർമ്മൻ രണ്ടാമൻ നിർമ്മിച്ച കമ്പോഡയയിലെ അംഗോർവാത്ത് ക്ഷേത്രം

കമ്പോഡിയയിലെ അങ്കോർ വാത്ത് ലോകത്തിലെ ഏറ്റവും വലിയ മതപരമായ സ്മാരകമാണ്. ഖെമർ വാസ്തുവിദ്യയുടെ അത്ഭുതമായ ഈ ക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ സങ്കീർണ്ണവും മനോഹരവുമായ ചരിത്രമുണ്ട്. ഖെമർ രാജവംശത്തിലെ സൂര്യവർമ്മൻ രണ്ടാമൻ രാജാവാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ (ഏകദേശം എ.ഡി. 1113 - 1150 കാലഘട്ടത്തിൽ) 870-നും 900-നും ഇടയിൽ വർഷങ്ങൾ ആയിട്ടുണ്ട്. ഈ ക്ഷേത്രം നിർമ്മിച്ചത്.

ഇതൊരു വിഷ്ണു ക്ഷേത്രമായാണ് ആദ്യം നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ ഭൂരിഭാഗം ഖെമർ രാജാക്കന്മാരും ശിവഭക്തരായിരുന്നു എന്നതിനാൽ, സൂര്യവർമ്മൻ രണ്ടാമന്റെ ഈ വിഷ്ണു ഭക്തി ഒരു പ്രത്യേകതയായിരുന്നു. രാജാവിന്റെ മരണാനന്തര ചടങ്ങുകൾക്കുള്ള ഇടം കൂടിയായാണ് ഇത് വിഭാവനം ചെയ്തത്. ഹിന്ദു പുരാണങ്ങളിലെ ദേവന്മാരുടെ വാസസ്ഥലമായ മേരു പർവ്വതത്തിന്റെ മാതൃകയിലാണ് ഇതിന്റെ അഞ്ച് പ്രധാന ഗോപുരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ഷേത്രത്തിന് ചുറ്റുമുള്ള വലിയ അഗഴികൾ പ്രപഞ്ചത്തിലെ സമുദ്രങ്ങളെ സൂചിപ്പിക്കുന്നു. രാമായണം, മഹാഭാരതം എന്നിവയിലെ രംഗങ്ങളും, പാലാഴി മഥനവും ഒപ്പം സൂര്യവർമ്മൻ രാജാവിന്റെ വിജയങ്ങളും കോറിയിട്ട മനോഹരമായ ശില്പങ്ങൾ ക്ഷേത്രച്ചുവരുകളിൽ കാണാം. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ജയവർമ്മൻ ഏഴാമൻ രാജാവിന്റെ ഭരണകാലത്ത് ഖെമർ സാമ്രാജ്യം ബുദ്ധമതത്തിലേക്ക് മാറാൻ തുടങ്ങി. ഇതിന്റെ തുടർച്ചയായി, പതിനാലാം നൂറ്റാണ്ടോടെ അങ്കോർ വാട്ട് ഒരു ഥേരവാദ ബുദ്ധ ക്ഷേത്രമായി മാറി. ഇന്നും ഇതൊരു ബുദ്ധമത തീർത്ഥാടന കേന്ദ്രമാണ്.

1431-ൽ അയൽരാജ്യമായ ആയുത്തായയിലെ (തായ്‌ലൻഡ്) അധിനിവേശത്തെ തുടർന്ന് ഖെമർ ഭരണാധികാരികൾ തലസ്ഥാനം അങ്കോറിൽ നിന്നും നോം പെനിലേക്ക് മാറ്റി. ഇതോടെ നഗരം ഉപേക്ഷിക്കപ്പെട്ടെങ്കിലും, ബുദ്ധഭിക്ഷുക്കൾ ഉണ്ടായിരുന്നതിനാൽ അങ്കോർ വാട്ട് പൂർണ്ണമായി നശിച്ചുപോയില്ല. എങ്കിലും ചുറ്റുമുള്ള കാട് മൂടിയതിനാൽ ബാഹ്യലോകത്തിന് ഇതൊരു നിഗൂഢ കേന്ദ്രമായി മാറി.

1860-ൽ ഫ്രഞ്ച് പര്യവേഷകനായ ഹെൻറി മൗഹോട്ട് എഴുതിയ യാത്രാ വിവരണങ്ങളിലൂടെയാണ് അങ്കോർ വാട്ട് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. (അതിന് മുൻപും ചില പോർച്ചുഗീസ് യാത്രികർ ഇവിടെ എത്തിയിരുന്നു). ഇന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ഈ ക്ഷേത്രം കമ്പോഡിയയുടെ ദേശീയ ചിഹ്നമാണ്. അവരുടെ ദേശീയ പതാകയിൽ പോലും അങ്കോർ വാട്ടിന്റെ ചിത്രം കാണാം.

അങ്കോർ വാത്ത് ക്ഷേത്രത്തിന്റെ സംരക്ഷണത്തിലും പുനരുദ്ധാരണത്തിലും ഇന്ത്യ വളരെ നിർണ്ണായകവും ചരിത്രപരവുമായ ഒരു പങ്കുവഹിച്ചിട്ടുണ്ട്. കമ്പോഡിയ കടുത്ത ആഭ്യന്തരയുദ്ധത്തിലൂടെ കടന്നുപോയ സമയത്ത് അവരുടെ തകർന്നടിഞ്ഞ പൈതൃകം വീണ്ടെടുക്കാൻ ആദ്യം കൈത്താങ്ങായത് ഇന്ത്യയാണ്.

1970-കളിൽ കമ്പോഡിയയിലുണ്ടായ ഘേമർ റൂഷ് ഭരണകൂടത്തിന്റെ അതിക്രമങ്ങളും ആഭ്യന്തരയുദ്ധവും കാരണം അങ്കോർ വാത്ത് ക്ഷേത്രത്തിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. യുദ്ധത്തിനുശേഷം 1980-ൽ ക്ഷേത്രം സംരക്ഷിക്കാൻ കമ്പോഡിയൻ സർക്കാർ അന്താരാഷ്ട്ര സമൂഹത്തോട് സഹായം അഭ്യർത്ഥിച്ചു. അന്ന് ആഭ്യന്തര രാഷ്ട്രീയ കാരണങ്ങളാൽ പല രാജ്യങ്ങളും മടിച്ചുനിന്നപ്പോൾ സഹായവുമായി മുന്നോട്ടുവന്ന ആദ്യ രാജ്യം ഇന്ത്യയായിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ASI)  ഈ ദൗത്യം ഏറ്റെടുത്തത്. 1986 മുതൽ 1993 വരെയുള്ള 7 വർഷക്കാലം ഇന്ത്യൻ പുരാവസ്തു വിദഗ്ദ്ധരും എഞ്ചിനീയർമാരും കമ്പോഡിയയിൽ താമസിച്ച് കഠിനമായ സാഹചര്യങ്ങളിൽ പണിയെടുത്തു. അക്കാലത്ത് കാടുകയറി മൂടിക്കിടന്ന ക്ഷേത്രഭാഗങ്ങൾ വൃത്തിയാക്കുകയും, യുദ്ധത്തിൽ തകർന്ന ചുവരുകളും ഗോപുരങ്ങളും ശാസ്ത്രീയമായി പുനർനിർമ്മിക്കുകയും ചെയ്തു. ഇതിനായി ഇന്ത്യ കോടിക്കണക്കിന് രൂപയാണ് അന്ന് ചിലവഴിച്ചത്.

അങ്കോർ വാട്ടിന് ശേഷം കമ്പോഡിയയിലെ മറ്റ് പ്രധാനപ്പെട്ട ചരിത്ര ക്ഷേത്രങ്ങളുടെ പുനരുദ്ധാരണ ചുമതലയും കമ്പോഡിയൻ സർക്കാർ ഇന്ത്യയെ വിശ്വസിച്ച് ഏൽപ്പിച്ചു. താ പ്രോം ക്ഷേത്രം, വൻവൃക്ഷങ്ങളുടെ വേരുകൾ പടർന്നുകയറി പ്രശസ്തമായ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനം 2004 മുതൽ എ.എസ്.ഐ നടത്തിവരുന്നു. ഇതിന്റെ മൂന്നാം ഘട്ട പ്രവർത്തനങ്ങൾ 2026-ഓടെ പൂർത്തിയാകാനാണ് ലക്ഷ്യമിടുന്നത്.

പ്രേ വിഹിയർ ക്ഷേത്രം, മലമുകളിലെ ഈ ക്ഷേത്രത്തിന്റെ സംരക്ഷണത്തിലും ഇന്ത്യ പങ്കാളിയാണ്. ഇന്ത്യയും കമ്പോഡിയയും തമ്മിലുള്ള സാംസ്കാരികവും നയതന്ത്രപരവുമായ ബന്ധത്തിന്റെ ഏറ്റവും വലിയ പ്രതീകമായാണ് ഈ ക്ഷേത്ര സംരക്ഷണ പ്രവർത്തനങ്ങളെ ഇരു രാജ്യങ്ങളും കാണുന്നത്. സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിൽ ഇന്ത്യയുടെ 'സോഫ്റ്റ് പവർ' ലോകത്തിന് കാണിച്ചുകൊടുത്ത വലിയൊരു ദൗത്യമായിരുന്നു ഇത്.






 

Post a Comment (0)
Previous Post Next Post