മന്ത്രിയായിരിക്കെ കെ.ടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തി; തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് സ്വപ്‌ന സുരേഷ്.


 സ്വർണക്കടത്ത് കേസ് മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്നതിനെ സ്വാഗതം ചെയ്ത് സ്വപ്‌ന സുരേഷ്. കേരളത്തിൽ അന്വേഷണം നടന്നാൽ പുറത്തുവരില്ലെന്ന പേടിയുണ്ടായിരുന്നു. ഇഡിയിൽ ഇപ്പോൾ വിശ്വാസം വരുന്നുണ്ട്. പുതിയ നീക്കം പ്രതീക്ഷയ്‌ക്ക് വക നൽകുന്നുണ്ടെന്നും സ്വപ്‌ന പ്രതികരിച്ചു. നേരത്തെ ശിവശങ്കർ തന്നോട് പറഞ്ഞിട്ടുണ്ട്. ഇഡി, എൻഐഎ തുടങ്ങിയ ദേശീയ അന്വേഷണ ഏജൻസികളെക്കുറിച്ച് ഭയക്കേണ്ടതില്ല. കാരണം കേരളത്തിൽ എൻഐഎ എടുത്ത കേസ് കൈകാര്യം ചെയ്യുന്നത് കേരള പോലീസിലെ ഉദ്യോഗസ്ഥർ കൂടി ചേർന്നാണ്. അവർ മുഖ്യമന്ത്രിയുടെ സംഘത്തിലുള്ള ആളുകളാണ്. അതിനാൽ കേരളത്തിൽ കേസ് നടത്തുന്നത് സ്വാധീനിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുമെന്നാണ് താൻ കരുതുന്നതെന്നും ഈ സാഹചര്യത്തിൽ കേസ് കർണാടകയിലേക്ക് മാറ്റാനുള്ള ഇഡിയുടെ നീക്കം സ്വാഗതാർഹമാണെന്നും സ്വപ്‌ന വ്യക്തമാക്കി.

കെടി ജലീലിനെതിരായ തെളിവുകൾ കോടതിയിൽ നാളെ സമർപ്പിക്കുമെന്നും സ്വപ്‌ന അറിയിച്ചു. മന്ത്രിസ്ഥാനത്ത് ഇരുന്നപ്പോൾ കെടി ജലീൽ രാജ്യവിരുദ്ധ പ്രവർത്തനം നടത്തിയതിന് തെളിവുണ്ട്. അത് അഭിഭാഷകന് കൈമാറി കഴിഞ്ഞു. സത്യവാങ്മൂലത്തിനൊപ്പം അവ കോടതിയിൽ നാളെ സമർപ്പിക്കുമെന്നും സ്വപ്‌ന വ്യക്തമാക്കി. നാളെ തെളിവുകൾ സമർപ്പിക്കുന്നതോടെ തനിക്കെതിരെ ചുമത്തിയ ഗൂഡാലോചന കേസിന്റെ യാഥാർത്ഥ്യം പുറത്തുവരുമെന്നും ആരാണ് ഗൂഢാലോചനകൾ നടത്തിയിരുന്നതെന്ന് തെളിയിക്കപ്പെടുമെന്നും സ്വപ്‌ന സുരേഷ് പറഞ്ഞു.

Post a Comment (0)
Previous Post Next Post