അരിക്ക് ജി.എസ്.ടി നിർദ്ദേശം മുന്നോട്ട് വെച്ചവരിൽ കേരളവും; കേന്ദ്രത്തിന് കത്തയച്ച് നാടകം കളിക്കുന്ന മുഖ്യമന്ത്രി; പായ്‌ക്കറ്റിലോ ലേബൽ ഒട്ടിച്ച് നൽകുന്നതിനോ മാത്രമാണ് ജിഎസ്ടി.



ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. പാക്ക് ചെയ്ത് ലേബൽ ചെയ്ത് വിൽക്കുന്ന 25 കിലോഗ്രാം വരെയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്ക് 5 ശതമാനം ചരക്ക് സേവന നികുതി കഴിഞ്ഞ ദിവസം രാജ്യത്ത് പ്രാബല്യത്തിൽ വന്നിരുന്നു.

ഇതിന് പിന്നാലെ ചില്ലറയായി തൂക്കി വിൽക്കുന്ന ബ്രാൻഡഡ് അല്ലാത്ത ധാന്യങ്ങൾക്കും പയറു വർഗങ്ങൾക്കും അടക്കം നികുതി വർദ്ധിച്ചെന്നും പ്രചാരണമുണ്ടായി. ഈ നടപടി കേന്ദ്രസർക്കാറിന്റെ മാത്രം തീരുമാനമാണെന്ന തരത്തിലായിരുന്നു കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങളുടെ വ്യാജ പ്രചാരണങ്ങൾ. ജിഎസ്ടി നിരക്ക് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിന് കത്തയച്ചതും ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായി.

എന്നാൽ ചില്ലറയായി വാങ്ങുന്ന സാധനങ്ങൾക്ക് ജിഎസ്ടി ബാധകമല്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. അരി ഗോതമ്പ്, ഓട്‌സ്, റവ, ധാന്യങ്ങൾ, തൈര്, ലെസി തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണെന്നും മന്ത്രി ട്വിറ്ററിൽ കുറിച്ചു. സാധനങ്ങളുടെ പട്ടികയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മുൻകൂട്ടി പായ്‌ക്ക് ചെയ്തതും ലേബൽ ഒട്ടിച്ചതുമായ ഭക്ഷ്യ സാധനങ്ങൾക്ക് മാത്രമാണ് ജിഎസ്ടി ഈടാക്കുക. പാക്ക് ചെയ്ത് വിൽക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ജിഎസ്ടി ഏർപ്പെടുത്തുന്നതിനുള്ള തീരുമാനം എല്ലാ സംസ്ഥാനങ്ങളും ഏകകണ്ഠമായി എടുത്ത തീരുമാനമാണെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരും യോഗത്തിൽ പങ്കെടുത്തതായും കേന്ദ്രധനമന്ത്രി വ്യക്തമാക്കി.

ജിഎസ്ടി മന്ത്രിതല സമിതിയാണ് ഇത് സംബന്ധിച്ച നിർദ്ദേശം സമർപ്പിച്ചത്. നികുതിചോർച്ച ഒഴിവാക്കാൻ വേണ്ടിയായിരുന്നു നിർദ്ദേശം. കേരളം, ബംഗാൾ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, രാജസ്ഥാൻ, ഗോവ ഉൾപ്പെടെയുളള സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരാണ് സമിതിയിൽ ഉളളത്. കഴിഞ്ഞ ജൂൺ 28ന് ചണ്ഡീഗഢിലായിരുന്നുജിഎസ്ടി കൗൺസിലിന്റെ 47ാമത് യോഗം നടന്നത്.

Post a Comment (0)
Previous Post Next Post