ഭാരതീയ നാവിക സേനയ്ക്കായി കൊച്ചിൻ ഷിപ്പ്‌യാർഡ് (CSL) നിർമ്മിച്ച് നൽകിയ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത അൻ്റി-സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് വിഭാഗത്തിൽപ്പെടുന്ന മൂന്നാമത്തെ യുദ്ധക്കപ്പലാണ് INS മംഗ്രോൾ. 2026 ഓഗസ്റ്റ് 21-നാണ് (കഴിഞ്ഞ ദിവസം) ഔദ്യോഗികമായി ഈ കപ്പൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറിയത്. തീരദേശത്തോട് ചേർന്നുള്ള ആഴം കുറഞ്ഞ കടൽപ്രദേശങ്ങളിൽ ശത്രുസബ്‌മറൈനുകളെ കണ്ടെത്താനും നശിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഗുജറാത്തിലെ മംഗ്രോൾ എന്ന തീരദേശ തുറമുഖ പട്ടണത്തിന്റെ പേരാണ് ഈ കപ്പലിന് നൽകിയിരിക്കുന്നത്. ആത്മനിർഭർ ഭാരതിലൂടെ കപ്പലിന്റെ നിർമ്മാണ സാമഗ്രികളും, ഉപകരണങ്ങളും 80%-ത്തിലധികവും തദ്ദേശീയമായി നിർമ്മിച്ചവയാണ്. പരമ്പരാഗത പ്രൊപ്പല്ലറുകൾക്ക് പകരം മൂന്ന് ഡീസൽ എൻജിനുകളിൽ പ്രവർത്തിക്കുന്ന കരുത്തുറ്റ വാട്ടർ-ജെറ്റ് സാങ്കേതികവിദ്യയാണ് കപ്പലിന്റെ വേഗതയ്ക്ക് ഉപയോഗിക്കുന്നത്. ഇത് ആഴം കുറഞ്ഞ വെള്ളത്തിലും അതിവേഗം സഞ്ചരിക്കാനും വേഗത്തിൽ തിരിയാനും സഹായിക്കുന്നു.
ഈ യുദ്ധക്കപ്പലിൻ്റെ നീളം 78 മീറ്റർ, ഭാരം ഏകദേശം 900 - 1,100 ടൺ, പരമാവധി വേഗത 25 നോട്ട്സ് (മണിക്കൂറിൽ ~46 കി.മീ), റേഞ്ച് 14 നോട്ട്സ് വേഗതയിൽ തുടർച്ചയായി 1,800 നോട്ടിക്കൽ മൈൽ വരെ സഞ്ചരിക്കാം (14 ദിവസത്തെ സർവീസ് ശേഷി). ഇതിലെ ആയുധശേഖരങ്ങൾ ആധുനിക അഡ്വാൻസ്ഡ് ലൈറ്റ് വെയ്റ്റ് ടോർപ്പിഡോകൾ, RBU-6000 അൻ്റി-സബ്‌മറൈൻ റോക്കറ്റ് ലോഞ്ചർ, അണ്ടർവാട്ടർ മൈനുകൾ സ്ഥാപിക്കാനുള്ള സംവിധാനം. 30 mm മെയിൻ നാവിക തോക്കും, രണ്ട് 12.7 mm സ്റ്റെബിലൈസ്ഡ് റിമോട്ട് കൺട്രോൾഡ് ഗണ്ണുകളും (SRCG).
ശത്രു സബ്‌മറൈനുകളെ കൃത്യമായി തിരിച്ചറിയാൻ DRDO വികസിപ്പിച്ച അത്യാധുനിക റഡാറും, 'അഭയ്' ഹൾ-മൗണ്ടഡ് സോനാറും കുറഞ്ഞ ഫ്രീക്വൻസിയിൽ പ്രവർത്തിക്കുന്ന വേരിയബിൾ ഡെപ്ത് സോനാറും (LFVDS) ഉൾപ്പെടുത്തിയിട്ടുണ്ട്. തീരപ്രദേശങ്ങളിലെ ആഴം കുറഞ്ഞ കടലിൽ ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തുക, ട്രാക്ക് ചെയ്യുക, അവയെ നശിപ്പിക്കുക എന്നിവയാണ് പ്രധാന ദൗത്യം. ഇതിനുപുറമെ കടലിനടിയിലെ നിരീക്ഷണം, രക്ഷാപ്രവർത്തനം , മൈനുകൾ വിതറുക തുടങ്ങിയ ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കാം.
മറ്റ് ദൗത്യങ്ങൾ: സബ്‌മറൈൻ വേട്ടയ്ക്ക് പുറമെ കടലിലെ നിരീക്ഷണം, മാരിടൈം സേർച്ച് ആൻഡ് റെസ്ക്യൂ, ലോ-ഇൻ്റൻസിറ്റി ഓപ്പറേഷനുകൾ എന്നിവയ്ക്കും കപ്പൽ സജ്ജമാണ്. 1983 മുതൽ 2004 വരെ സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യൻ നാവികസേനയുടെ പഴയ ഐ.എൻ.എസ് മംഗ്രോൾ എന്ന മൈൻസ്വീപ്പർ കപ്പലിന്റെ സ്മരണയും ഇതിനുണ്ട്. ഇന്ത്യൻ നാവികസേനയുടെ തീരദേശ പ്രതിരോധവും അന്തർവാഹിനി വേട്ടയാടൽ ശേഷിയും വർദ്ധിപ്പിക്കുന്നതിൽ ഈ കപ്പൽ ഒരു നിർണ്ണായക പങ്ക് വഹിക്കുന്നു.
