ഇന്ത്യൻ നാവികസേനയുടെ ചരിത്രത്തിലെയും ഇന്ത്യയുടെ പ്രതിരോധ മേഖലയിലെയും ഒരു വലിയ നേട്ടമാണ് 'മഹേന്ദ്രഗിരി' എന്ന യുദ്ധക്കപ്പൽ. പ്രൊജക്റ്റ് 17A പദ്ധതിക്ക് കീഴിൽ നിർമ്മിച്ച ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റാണിത്. ഒഡീഷയിലെ കിഴക്കൻ ഘട്ടത്തിലുള്ള പ്രശസ്തമായ 'മഹേന്ദ്രഗിരി' മലനിരകളുടെ പേരാണ് ഈ അത്യാധുനിക യുദ്ധക്കപ്പലിന് നൽകിയിരിക്കുന്നത്. ഈ കപ്പലിൻ്റെ ഏകദേശം 75% ഭാഗങ്ങളും തദ്ദേശീയമായ സാങ്കേതികവിദ്യയും, അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഇന്ത്യയുടെ 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിന് വലിയ കരുത്ത് പകരുന്നു.
ശത്രുക്കളുടെ റഡാറുകളിൽ പെട്ടെന്ന് പെടാത്ത തരത്തിലുള്ള സ്റ്റെൽത്ത് ഡിസൈൻ, അത്യാധുനിക ആയുധങ്ങൾ, സെൻസറുകൾ, പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്നിവ മഹേന്ദ്രഗിരിയുടെ പ്രത്യേകതകളാണ്. മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് ലിമിറ്റഡ് (MDL) ആണ് ഈ കപ്പൽ നിർമ്മിച്ചത്. 2023 സെപ്റ്റംബറിലാണ് ഇത് ലോഞ്ച് ചെയ്തത്. ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും നാവികസേനയുടെ പ്രഹരശേഷി കൂട്ടുന്നതിനും മഹേന്ദ്രഗിരി പോലുള്ള യുദ്ധക്കപ്പലുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.
2026 ജൂലൈ 11 ശനിയാഴ്ച ഔദ്യോഗികമായി കമ്മീഷൻ ചെയ്യും. 2026 ഏപ്രിൽ 30-നാണ് ഈ കപ്പൽ നാവികസേനയ്ക്ക് നിർമ്മാതാക്കളായ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ് കൈമാറിയത്. ഇതിനുശേഷമുള്ള പരീക്ഷണങ്ങൾ പൂർത്തിയാക്കിയാണ് ഇപ്പോൾ കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകാൻ പോകുന്നത്.
ഇന്ത്യൻ നാവികസേനയുടെ പ്രൊജക്റ്റ് 17A ഗണത്തിൽപ്പെടുന്ന യുദ്ധക്കപ്പലുകൾ ലോകോത്തര നിലവാരത്തിലുള്ള അത്യാധുനിക സവിശേഷതകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ശത്രുക്കളുടെ റഡാറുകൾ, ഇൻഫ്രാറെഡ് സെൻസറുകൾ, ശബ്ദം തിരിച്ചറിയുന്ന സോണാർ സംവിധാനങ്ങൾ എന്നിവയിൽ നിന്നും പരമാവധി മറഞ്ഞുനിൽക്കാൻ സഹായിക്കുന്ന പ്രത്യേക ഡിസൈനാണ് ഈ കപ്പലിനുള്ളത്. കപ്പലിന്റെ ആകൃതിയും പുറമേ പൂശിയിരിക്കുന്ന പ്രത്യേക പെയിന്റും ഇതിന് സഹായിക്കുന്നു.
ആകാശത്തു നിന്നും, കടലിൽ നിന്നും, വെള്ളത്തിനടിയിൽ നിന്നുമുള്ള ഭീഷണികളെ ഒരുപോലെ നേരിടാൻ മഹേന്ദ്രഗിരിക്ക് ശേഷിയുണ്ട്. ഇതിലെ ആയുധ ശേഖരങ്ങളായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും, ദീർഘദൂര വ്യോമ പ്രതിരോധ മിസൈൽ സംവിധാനമായ ബരാക് 8 (LR-SAM), കപ്പലിന്റെ മുൻഭാഗത്തുള്ള പ്രധാന പീരങ്കിയായ ഒട്ടോ മെലാര 76mm ഗൺ, ശത്രു അന്തർവാഹിനികളെ തകർക്കാനുള്ള അത്യാധുനിക ടോർപ്പിഡോകളും റോക്കറ്റ് ലോഞ്ചർ സംവിധാനങ്ങൾ ഉൾപ്പെടെയുണ്ട്.
ഇസ്രായേൽ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച MF-STAR (EL/M-2248) മൾട്ടി-ഫങ്ഷൻ റഡാറാണ് ഈ കപ്പലിന്റെ പ്രധാന കരുത്ത്. ഒരേസമയം നൂറിലധികം ശത്രുലക്ഷ്യങ്ങളെ കണ്ടെത്താനും അവയെ പിന്തുടർന്ന് ആക്രമിക്കാനും ഇതിന് സാധിക്കും. കപ്പലിന്റെ പിൻഭാഗത്തായി രണ്ട് മൾട്ടി-റോൾ ഹെലികോപ്റ്ററുകൾ (ഉദാഹരണത്തിന് MH-60R സീഹോക്ക് അല്ലെങ്കിൽ തദ്ദേശീയമായ ALH ധ്രുവ്) ലാൻഡ് ചെയ്യാനും സൂക്ഷിക്കാനുമുള്ള സൗകര്യമുണ്ട്.
പൂർണ്ണമായും കമ്പ്യൂട്ടർ നിയന്ത്രിതമായ ഡിജിറ്റൽ കൺട്രോൾ സിസ്റ്റമാണ് (Integrated Platform Management System) കപ്പലിലെ ഭൂരിഭാഗം പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്നത്. കുറഞ്ഞ ജീവനക്കാരെക്കൊണ്ട് തന്നെ വലിയൊരു യുദ്ധക്കപ്പലിനെ കാര്യക്ഷമമായി നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു. ഐ.എൻ.എസ് മഹേന്ദ്രഗിരിയുടെ ഔദ്യോഗിക ആപ്തവാക്യം ഇതാണ്, "Mighty - Majestic - Matchless" (ശക്തമായത് - പ്രൗഢഗംഭീരമായത് - സമാനതകളില്ലാത്തത്).
കൂടാതെ, ഈ കപ്പലിന്റെ ഔദ്യോഗിക ചിഹ്നത്തിൽ ആലേഖനം ചെയ്തിരിക്കുന്ന സംസ്കൃതത്തിലുള്ള ആപ്തവാക്യം ഇതാണ് (Sthitaprajnah Raneshu Aparajitah) ഇതിൻ്റെ അർത്ഥം, "യുദ്ധത്തിൽ പതറാത്ത മനക്കരുത്തുള്ളവൻ, ഒരിക്കലും പരാജയപ്പെടാത്തവൻ". കിഴക്കൻ ഘട്ടത്തിലെ മഹേന്ദ്രഗിരി മലനിരകളിൽ കാണപ്പെടുന്ന 'ക്രസ്റ്റഡ് ഗോഷാക്ക്' എന്ന ശക്തനായ പരുന്തിന്റെ ചിത്രമാണ് ഈ കപ്പലിന്റെ ചിഹ്നത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് നാവികസേനയുടെ ധീരതയെയും കൃത്യതയെയും സൂചിപ്പിക്കുന്നു.
