ഇസ്രായേലിനെ പറ്റി പറയുന്നത് അതൊരു യഥാർത്ഥ രാഷ്ട്രം പോലുമല്ല, 1948 ൽ പാശ്ചാത്യ ലോകത്തിന്റെ ഉപജാപത്തിന്റെ ഫലമായി നിലവിൽ വന്ന ഒരു രാഷ്ട്ര സങ്കൽപം മാത്രമാണ്, അതിനും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപേ അവിടെ നിലനിന്നിരുന്ന പാലസ്തീൻ ആണ് യഥാർത്ഥ രാഷ്ട്രം എന്നാണ് കെ-രാജ്യത്തിലെ പ്രബുദ്ധ മഹാ ശിരോമണികൾ പറയുന്നത്.
അതായത് ഒരു രാഷ്ട്രത്തെ സാധുവായി സമ്മതിക്കാൻ 75 വർഷത്തെ നിലനിൽപ്പോ, ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമോ ഒന്നും പോരാ, നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യം വേണമെന്നാണ് നിലപാട്. രാഷ്ട്ര നിർമ്മിതിക്ക് പിന്നിൽ പാശ്ചാത്യ താല്പര്യങ്ങൾ ഉണ്ടാവാനും പാടില്ലത്രേ. എന്നാൽ ഇതേ ആളുകൾ ഇന്ത്യയുടെ കാര്യത്തിൽ പറയുന്നത് അത് 1947 ഓഗസ്റ്റ് 15ന് മാത്രം നിലവിൽ വന്ന രാഷ്ട്രമാണ്, ബ്രിട്ടീഷുകാരാണ് ദയാപൂർവ്വം അത് നമുക്ക് നിർമ്മിച്ചു തന്നത്.
വളരെ മുമ്പത്തെ നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവും ഒന്നും ആ ആധുനിക രാഷ്ട്രത്തിന്റെ വർത്തമാനകാല വ്യവഹാരങ്ങൾക്ക് ബാധകമേ അല്ലെന്നാണ്. അതായത് ഒരു ആധുനിക രാഷ്ട്രത്തിന് 75 വർഷത്തെ ചരിത്രം ധാരാളവുമാണ് അതിന്റെ നിർമ്മിതിക്ക് പിന്നിലെ പാശ്ചാത്യ ഇടപെടൽ സാരവുമില്ല എന്നായി നിലപാട്. ഒരുപാട് പിന്നിലേക്കുള്ള ചരിത്രമാണ് തീരെ പാടാത്തതായിട്ടുള്ളത് എന്ന്.
ശരി, ഇനി ചരിത്രത്തിന്റെ കുറവാണ് ഇസ്രായേലിന്റെ പ്രശ്നം എങ്കിൽ സിറിയക്കും ലെവന്റിനും മുൻപേ നിലനിന്ന കാനാൻ ദേശത്തിന്റെ ചരിത്രം മുതൽ എടുത്ത് തുടങ്ങാമല്ലോ, അവിടെ 1047 BCE യിൽ തന്നെ Kingdom of Israel എന്നും Kingdom of Judah എന്നും പേരുകളുള്ള രണ്ട് രാജ്യങ്ങൾ നിലവിൽ വന്നിരുന്നല്ലോ, പ്രദേശത്തെ ജൂത സമൂഹത്തിന്റെ ചരിത്രവും അവിടെ മുതൽ തുടങ്ങുന്നതല്ലേ,
CE 1-2 നൂറ്റാണ്ടുകളിൽ നടന്ന ജ്യൂയിഷ് റോമൻ യുദ്ധങ്ങൾക്ക് ശേഷമല്ലേ ജൂതർ അവിടെ നിന്ന് നിഷ്കാസിതർ ആയത്, അതിനൊക്കെ ശേഷം CE 7ആം നൂറ്റാണ്ടിൽ മാത്രമല്ലേ ലെവന്റിൽ അറേബ്യൻ അധിനിവേശം നടക്കുന്നതും അവിടേക്ക് ഇസ്ലാം കടന്ന് വരുന്നതും എന്ന് ചോദിച്ചാൽ അതും അവർക്ക് പറ്റില്ല. അത്ര പുറകോട്ടുള്ള ചരിത്രം നമുക്ക് ആവശ്യമില്ല, പ്രദേശം ഓട്ടോമാൻ സാമ്രാജ്യത്തിന്റെ ഭരണത്തിന് കീഴിൽ വന്ന 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രം എടുത്താൽ മതി, മധ്യകാല ചരിത്രമാണ് ശരിക്കുമുള്ള ചരിത്രമെന്ന് അപ്പോളവർ പറയും.
ശരി, 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രമാണ് ആധുനിക രാഷ്ട്രീയ വ്യവഹാരങ്ങൾക്ക് ബാധകമാവുന്നതെങ്കിൽ, അയോദ്ധ്യയിലും മധുരയിലും കാശിയിലും ഒക്കെ പള്ളികൾക്ക് പകരം ക്ഷേത്രങ്ങൾ തന്നെയല്ലേ വേണ്ടത്, മധ്യകാല ചരിത്രം പരിശോധിച്ചാൽ അവിടെ നിലനിന്നിരുന്ന ക്ഷേത്രങ്ങൾ തകർത്താണ് പള്ളികൾ നിർമ്മിച്ചത് എന്ന് വ്യക്തമാകുമല്ലോ എന്ന് ചോദിച്ചാൽ അത് തീരെ പറ്റില്ല.
അപ്പോൾ പറയുക 1991ൽ ഉണ്ടാക്കിയ Places of Worship Act പ്രകാരം 1947 ഓഗസ്റ്റ് 15ന് എന്തായിരുന്നോ ഒരു ആരാധനാലയത്തിന്റെ മത സ്വഭാവം അതങ്ങനെ തന്നെ നിലനിർത്തണം, 16ആം നൂറ്റാണ്ടിലെ കാര്യം പറഞ്ഞു ഒരു മത സ്ഥാപനത്തിന്റെയും സ്റ്റാറ്റസ് കോയ്ക്ക് മാറ്റം വരുത്താൻ പാടില്ല എന്നാണ്.
അപ്പോൾ ചോദ്യം ഇതാണ്, ശരിക്കും നിങ്ങളെ സംബന്ധിച്ച് എന്ന് മുതലാണ് ആധുനിക ചരിത്രം ആരംഭിക്കുന്നത്? ഇരുപതാം നൂറ്റാണ്ട് മുതലോ അതോ പതിനാറാം നൂറ്റാണ്ട് മുതലോ? അതോ ഇന്ത്യയുടെ ചരിത്രം പറയുമ്പോൾ ഇരുപതാം നൂറ്റാണ്ടും ഇസ്രായേലിന്റെ കാര്യം വരുമ്പോൾ പതിനാറാം നൂറ്റാണ്ടുമാവണം ബേസ് ഇയർ എന്നാണോ നിലപാട്, അത് നല്ലൊരു ഇതാണ്.
എന്തായാലും പാലസ്തീനിന്റെ കാര്യത്തിൽ യു.എൻ പ്രഖ്യാപിച്ച പാർട്ടീഷൻ പ്ലാൻ പ്രകാരമുള്ള രണ്ട് രാഷ്ട്രങ്ങളല്ല, അവിഭക്ത ബ്രിട്ടീഷ് മാൻഡേറ്റ് ആണ് യഥാർത്ഥ പൊളിറ്റിക്കൽ എന്റിറ്റി എന്ന് നിങ്ങൾ പറയുന്ന സാഹചര്യത്തിൽ അഖണ്ഡ ഭാരതത്തിന്റെ കാര്യത്തിലും ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. അവിടെ പിന്നെയും മാറ്റി പറയരുത്.
- STD