മതാധിഷ്ഠിത സംഘടനകളും, രാഷ്ട്രീയപാർട്ടികളും ഉണ്ടാക്കുന്ന വിഭജനത്തിന്റെയും ധ്രുവീകരണത്തിന്റെയും സാമൂഹ്യാന്തരീക്ഷം അതേ അളവിലോ അതിലധികമോ കപട മതേതര സ്വഭാവമുള്ള ഇടതു- വലതു സംഘടനകളും, പാർട്ടികളും സൃഷ്ടിക്കുന്നുണ്ട് എന്നുള്ളത് കേരളത്തെ സംബന്ധിച്ച് ഒരു നഗ്ന സത്യമാണ്. ഒന്നാമത്തെ വിഭാഗത്തിന്റേത് എളുപ്പം തിരിച്ചറിയാനാകുന്ന പ്രകടമായ വർഗീയതയായും, വിഭജനമായുമാണ് വരുത്തി തീർക്കാൻ രണ്ടാമത്തെ വിഭാഗമായ മതേതറകൾക്ക് സാധിച്ചു. ഈ രണ്ടാമത്തെ വിഭാഗത്തിന്റെത് എളുപ്പം തിരിച്ചറിയാനാവാത്ത രക്ഷക വേഷങ്ങളോടെയും, കേൾക്കാൻ സുഖമുള്ള ടാഗ് ലൈനുകളോടെയുമാണ് പ്രത്യക്ഷപ്പെടാറ്. ന്യൂനപക്ഷ സംരക്ഷണമെന്നും ഫാസിസത്തിന് എതിരെയുള്ള പോരാട്ടമെന്നും മതേതരത്വത്തിന് വേണ്ടിയുള്ള ജീവൻ മരണ സമരമെന്നുമൊക്കെ തോന്നിപ്പിക്കും വിധമാണ് അവ സ്വയം പരസ്യപ്പെടുത്താറുള്ളത്.
മുസ്ലീങ്ങളെ പ്രകോപിപ്പിച്ച് നിർത്തുക എന്നതാണ് ഇതിലെ മുഖ്യ ഇനങ്ങളിൽ ഒന്ന്. ഉദാഹരണങ്ങളിലേക്ക് കടന്നാൽ;
കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ അത് ഇന്ത്യൻ മുസ്ലിങ്ങൾക്കെതിരെയുള്ള നീക്കമായി ഇക്കൂട്ടർ പ്രചരിപ്പിച്ചു. കാശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതായതുകൊണ്ട് മാത്രം ഇന്ത്യൻ മുസ്ലിങ്ങൾക്ക് എന്ത് ദ്രോഹമാണ് ഉണ്ടായതെന്ന് ഇതുവരെ മനസ്സിലായിട്ടില്ല. മുത്വലാഖ് നിരോധിക്കപ്പെട്ടപ്പോൾ സെലക്ടീവായി മുസ്ലിം ചെറുപ്പക്കാരെ ജയിലിൽ അടക്കാനുള്ള തന്ത്രമായി പ്രചരിപ്പിക്കപ്പെട്ടു. നിരോധനം കഴിഞ്ഞ് നാലുവർഷം പിന്നിടുമ്പോൾ എത്ര മുസ്ലീങ്ങൾ അനധികൃതമായി ഈ വകുപ്പ് ചാർത്തപ്പെട്ട് ജയിലിൽ കിടക്കുന്നുണ്ട് എന്ന് ആർക്കെങ്കിലും അറിയാമോ?
പൗരത്വ നിയമം പാസാക്കിയ സമയത്ത് "ഇന്ത്യൻ മുസ്ലിങ്ങളെ" ഒന്നടങ്കം പാക്കിസ്ഥാനിലേക്ക് നാടുകടത്താൻ പോകുന്നു എന്നും ഓരോ മുസ്ലിമും ഉപ്പ ഉപ്പൂപ്പമാരുടെ ജനന സർട്ടിഫിക്കറ്റും തേടി പരക്കം പായേണ്ടി വരുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പെട്ടെന്നൊരു സുപ്രഭാതത്തിൽ പിറന്ന മണ്ണിൽ അഭയാർത്ഥികളായി മാറുന്ന ഭീതിതമായ അവസ്ഥയെക്കുറിച്ചുള്ള ഇടതു- വലതു ബുദ്ധി ജീവികളുടെ സാഹിത്യങ്ങളിൽ നിറഞ്ഞു കവിഞ്ഞു.
"പോകുന്നെങ്കിൽ നമ്മൾ ഒരുമിച്ചായിരിക്കും പാകിസ്ഥാനിലേക്ക് പോവുക" എന്ന് ഒരു അൾട്രാ പുരോഗമനിസ്റ്റുകൾ പ്രസംഗിക്കുന്നതും, ഒരു വിഭാഗം ജനം അത് കേട്ട് ആർത്തലച്ച് കയ്യടിക്കുന്നതും നേരിട്ടു കണ്ടു. പൗരത്വ നിയമത്തിന് എതിരെയുള്ള പ്രക്ഷോഭങ്ങൾ ജുമാ കഴിഞ്ഞ ശേഷമുള്ള വെള്ളിയാഴ്ച സമരങ്ങളായി മാറി. സമൂഹത്തിൽ മുമ്പെങ്ങും ഇല്ലാത്ത വിധം അവിശ്വാസവും, വിഭജനവും വീണ്ടും തലപൊക്കി തുടങ്ങി. ഈ സമയത്താണ് "കോവിഡി"ന്റെ വരവ്. കൂട്ടംകൂടലുകളും സമരങ്ങളും നിരോധിക്കപ്പെട്ടു. കോവിഡ് കൊണ്ടുവന്ന "സാമൂഹിക അകല"ത്തിൽ ഭീതിതമായ മറ്റൊരു സാമൂഹിക അകലം ഇല്ലാതായി.
ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതുതന്നെയാണ്. UCC വന്നാൽ നിക്കാഹ് നടത്താൻ പറ്റില്ലെന്നും മൃതദേഹം മറവ് ചെയ്യാതെ ദഹിപ്പിക്കേണ്ടി വരുമെന്നും വരാൻ പോകുന്നത് ഹിന്ദു കോഡാണെന്നും മുസ്ലിങ്ങളുടെ ആചാര അനുഷ്ഠാനങ്ങൾ ഒന്നടങ്കം കീഴ്മേൽ മറിയുവാൻ പോവുകയാണെന്നും കരട് പോലും വരും മുമ്പേ പ്രചരിപ്പിക്കപ്പെടുന്നു. ഭയത്തിന്റെയും പരസ്പ്പര അവിശ്വാസത്തിന്റെയും വിത്തുകൾ വ്യാപകമായി വിതയ്ക്കപ്പെടുന്നു.
ഇപ്പോൾ മണിപ്പൂർ സംഘർഷത്തിന്റെ കാര്യത്തിലും കേരളത്തിൽ വിതച്ചു കൊയ്യാൻ ശ്രമിക്കുന്നതും ഇതേ കമ്മ്യൂണൽ പൊളിറ്റിക്സാണ്. പതിറ്റാണ്ടുകൾ വേരുകളുള്ള ഗോത്രീയവും, വംശീയവുമായ ഒരു സംഘർഷത്തെ മത കലാപമായി മാത്രം ചുരുക്കി കെട്ടാനുള്ള ശ്രമമാണ് നടക്കുന്നത്.അതിനായി സൃഷ്ടിക്കപ്പെട്ട "നരേഷനു"കൾ ഉണ്ടാക്കിയ പൊതുബോധത്തിന്റെ തുടർച്ചയിൽ നിന്നാണ് കുപ്രസിദ്ധമായ "യൂത്ത് ലീഗ് മുദ്രാവാക്യ"ങ്ങൾ പോലും ഉണ്ടായിട്ടുള്ളത്. സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്ന കാര്യത്തിൽ മത വർഗീയവാദികളെ പോലെ തന്നെ "സോകോൾഡ്" മതേതറവാദികളെയും ഭയക്കുകയും, കരുതുകയും ചെയ്യേണ്ട അവസ്ഥയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്.
കലർന്ന് പുലരേണ്ട മനുഷ്യർക്കിടയിൽ അവിശ്വാസത്തിന്റെ കനലുകൾ വിതറുന്നതിന് മതേതറവാദികൾ കാരണക്കാരായി തീരുന്നതും പ്രകോപനങ്ങളും, പ്രലോഭനങ്ങളും അഴിച്ചുവിടുന്നതും മാപ്പർഹിക്കാത്ത അപരാധമാണ്. എല്ലാകാലത്തും ഏത് പ്രശ്നത്തിലും ഈ അൾട്രാ പുരോഗമന മതേതറ വിഭാഗങ്ങളുടെ ഭീതി വ്യാപാരത്തിന് അനുസരിച്ച് വിറച്ചു തുള്ളേണ്ടവരാണോ തങ്ങളെന്ന് മുസ്ലിം സമുദായം ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സെലക്ടീവ് മോങ്ങലുകളേയും, ഫാൻസി ഡ്രസ്സ് മതേതരത്വത്തെയും കൂടി കേരളജനത കരുതിയിരിക്കേണ്ടതുണ്ട്.