ഇന്ത്യൻ പാർലമെന്റ് ആക്രമിച്ച, മുംബൈയിൽ ഭീകരാക്രമണം നടത്തിയ, ഉറിയിലും പുൽവാമയിലും നമ്മുടെ ധീരജവാന്മാരെ കൊലപ്പെടുത്തിയ ഭീകരതയുടെ പാലസ്തീൻ പതിപ്പാണ് ഹമാസ്. ഈ ഭീകരവാദ സംഘടനയെ ഭാരതത്തിലിരുന്ന് അനുകൂലിക്കുന്നവർ ദേശസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. അജ്മൽ കസബിനെ ധീരരോദ്ധാവായി ഉള്ളിന്റെയുള്ളിൽ താലോലിക്കുന്നവർ തന്നെയാണ് പിഞ്ചു കുഞ്ഞുങ്ങളെയും, വൃദ്ധരെയും കഴുത്തറുത്തും കത്തിച്ചും കൊന്ന ഹമാസ് ഭീകരരെ വാഴ്ത്തിപ്പാടുന്നത്.
1300 സിവിലയൻസിനെ ഹമാസ് കൂട്ടക്കൊല ചെയ്തതിനെ അപലപിച്ച ശൈലജടീച്ചറും, ശശി തരൂറും, വിടി ബലറാമിനും ഗത്യന്തരമില്ലാതെ ഒടുവിൽ തങ്ങളുടെ നിലപാടിൽ വെള്ളം ചേർക്കേണ്ടി വരുന്നു. പോപ്പുലർ ഫ്രണ്ട് നിരോധിക്കപ്പെട്ടു എങ്കിലും അവരും മൗദൂദികളും നിശ്ചയിക്കുന്ന പൊളിറ്റിക്കൽ അജണ്ടയ്ക്ക് അനുസരിച്ച് മാത്രം ചലിക്കുന്ന പാവകളായി കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയം എന്നേ മാറി കഴിഞ്ഞിരിക്കുന്നു.
സ്ക്കുൾ യൂണിഫോമിൽ ലിംഗസമത്വം എന്ന മഹത്തായ ആശയം കേരള സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചപ്പോൾ അങ്ങനെയെങ്കിൽ പിണറായി വിജയൻ സാരി ഉടുത്ത് നടക്കണമെന്ന് പറഞ്ഞാണ് എം കെ മുനീർ അധിക്ഷേപം ചൊരിഞ്ഞത്. എത്ര മിതവാദി വേഷം കെട്ടിയാലും ഇവരുടെയൊക്കെ മതസ്വത്വം ചിലനേരങ്ങളിൽ അറിയാതെ സടകുടഞ്ഞ് പുറത്തുവരും. ഹമാസിന്റെ ഭീകരാക്രമണത്തെ ശശി തരൂർ അപലപിച്ചപ്പോൾ അതിനെതിരെ ചാടിവീഴാൻ സിമിബാധ ഇപ്പോഴും വിട്ടുമാറിയിട്ടില്ലാത്ത ജലീലിനൊപ്പം സൗമ്യമുഖമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുനീറും ഉണ്ടായിരുന്നു.
ഇസ്ലാമിക മതമൗലികവാദത്തെ മൃദുവായെങ്കിലും വിമർശിക്കാൻ ധൈര്യപ്പെടുന്ന സെക്കുലർ നേതാക്കളുടെ രാഷ്ട്രീയഭാവി എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന ഭീഷണി ഉയർത്തി എൽഡിഎഫിനെയും യുഡിഎഫിനെയും കേരളത്തിലെ ഹമാസിസ്റ്റുകൾ ബ്ളാക്ക് മെയിൽ ചെയ്യുന്നു. മനുഷ്യ സ്നേഹികളായ മതേതേര വ്യക്തിത്വങ്ങൾ പോലും ഈ ബൗദ്ധിക ഗുണ്ടായിസത്തെ ഭയന്ന് നിശബ്ദതയിൽ അഭയം തേടുന്നു. തുർക്കിയിലെ ഖലീഫയുടെ സിംഹാസനം പോയതിന്റെ പേരിൽ 1921 ൽ മലബാറിൽ പതിനായിരത്തിൽ പരം നിരപരാധികളാണ് കൂട്ട കൊല ചെയ്യപ്പെട്ടത്.
പാലസ്തീൻ ഐക്യദാർഢ്യം എന്ന പേരിൽ മതവികാരം ഊതിപ്പെരുപ്പിച്ചും ഉദ്ദീപിച്ചും, ജൂതരില്ലാത്ത കേരളത്തിൽ, സൃഷ്ടിച്ചെടുക്കുന്ന ആൾക്കൂട്ടം നാടിന്റെ സാമൂഹിക ആരോഗ്യത്തിന് ഗുരുതരമായ ആഘാതമുണ്ടാക്കിയേക്കും. സൗദി അറേബ്യയും ഇറാനും ഇരുപക്ഷത്ത് നിന്ന് നടത്തുന്ന പ്രോക്സി യുദ്ധത്തിൽ 3 ലക്ഷത്തിൽ പരം യമനികൾ കൊല്ലപ്പെട്ടിട്ടും അതിൽ മതവികാരം വിജ്രംഭിപ്പിക്കാൻ സ്ക്കോപ്പില്ലാത്തതിനാൽ മുനീറിനും ജലീലിനും സമദാനിക്കും മറ്റ് സമാധാനികൾക്കും അവരുടെ ശിങ്കിടികളായ ഇളയിടങ്ങൾക്കും KENമാർക്കും വേദനയും രോഷവുമൊന്നും അണപൊട്ടുന്നില്ല.
ധ്രുവീകരണത്തിന് സാധ്യതയില്ലാത്തിടത്ത് മത- പൊളിറ്റിക്കൽ കേരളത്തിലെ നടീനടന്മാർ 'ഇരയ്ക്കൊപ്പം' വേഷം കെട്ടിയാടാറില്ല. പൊളിറ്റിക്കൽ ഇസ്ലാം അതിന്റെ പിറവിമുതൽ നിത്യ യുദ്ധത്തിലാണ്. സർവ്വ വിശ്വാസങ്ങളെയും ആലിംഗനം ചെയ്ത ഭാരതത്തിനെതിരെയും അവർ പോരിന് ഇറങ്ങിയിട്ടുണ്ട്. ഗാന്ധിജിയും, വീരസവർക്കറും അന്നും, ഇന്നും അവർക്ക് ഹിന്ദു വർഗീയ വാദികളായിരുന്നു. മതം കെട്ടിപ്പെടുത്താൻ രാജ്യം വെട്ടിമുറിക്കപ്പെട്ടു. 20ലക്ഷത്തോളം ജീവനുകൾ നഷ്ടമായി. കോടിക്കണക്കിന് മനുഷ്യർ നാടും, വീടും നഷ്ടപ്പെട്ട് അഭയാർത്ഥികളായി മാറി.
തൊണ്ണൂറുകൾ വരെ സോവിയറ്റ് യൂണിയനായിരുന്നു കുറച്ചുകാലം പ്രഖ്യാപിത ശത്രു. അമേരിക്ക ആയിരുന്നു അന്ന് അവരുടെ ബന്ധു. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ പഴയ കൂട്ടുകക്ഷിയായ യുഎസ്എ നമ്പർ.1 ആയി മാറി. കൊലയിൽ ഹരം കൊള്ളുന്നവർ എന്നും എപ്പോഴും പുതിയ എതിരാളികളെ സൃഷ്ടിച്ചു കൊണ്ടിരിക്കും. രക്തത്തിന്റെ ഗന്ധത്തിൽ ഉന്മത്തരാകുന്നവരെ സമാധാന മന്ത്രങ്ങൾ ചൊല്ലി മാടപ്രാവുകളാക്കി മാറ്റാനാവില്ല.
ഹമാസ് അയ്ക്കുന്ന ഓരോ റോക്കറ്റും ഇസ്രായേലിനുള്ള യുദ്ധ ക്ഷണക്കത്തുകളായിരുന്നു. ഭീകരർക്ക് നഷ്ടപ്പെടാനൊന്നുമില്ല. എന്നാൽ ഒരു ജനാധിപത്യ രാജ്യത്തിന് ഫുൾടൈം യുദ്ധം ചെയ്തു ജീവിക്കാനാവില്ല. അതുകൊണ്ടാണ് കോടാനുകോടി ഡോളർ ചെലവഴിച്ച് റോക്കറ്റിനെ പ്രതിരോധിക്കാൻ ശേഷിയുള്ള അയൺ ഡോം ഇസ്രായേൽ സ്ഥാപിച്ചത്. മിസൈലുകൊണ്ട് പണി നടക്കുന്നില്ലെന്ന് കണ്ടപ്പോൾ ആ രാജ്യത്ത് കടന്നുകയറി കണ്ണിൽ കണ്ട എല്ലാവരെയും ഹമാസ് അതിക്രൂരമായി കൊല്ലപ്പെടുത്തി. കുഞ്ഞുങ്ങളെയും, സ്ത്രീകളെയും, വൃദ്ധരെയും വരെ തട്ടിക്കൊണ്ടുപോയി.
ഇടവേളയില്ലാത്ത സംഘർഷവും യുദ്ധവും ഭീകരതയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. എതിരാളികളുടെ പേരും വിലാസവും ബാറ്റിൽഫീൽഡും മാറുമെങ്കിലും എന്നും എപ്പോഴും ഒരു വശത്ത് പൊളിറ്റിക്കൽ ഇസ്ലാമുണ്ടായിരിക്കും. ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ലഷ്കറും, ഇന്ത്യൻ മുജാഹിദിനും, ഹമാസും ഒരമ്മ പെറ്റ മക്കളാണ്. സോളിഡാരിറ്റിയുടെ പരിപാടിയിൽ കഴിഞ്ഞ ദിവസം ഹമാസ് നേതാവ് ഖാലിദ് മിഷൽ ഓൺലൈനിലൂടെ സംസാരിച്ചുവെന്നത് ഞെട്ടലുളവാക്കുന്നു. ഭീകരതയ്ക്ക് മതമുണ്ടെങ്കിലും കണ്ണീരിനും, ചോരയ്ക്കും മതമില്ല. ഇന്ന് ഹമാസിന് ജയ് വിളിക്കുന്നവരെ നാളെ ഹമാസ് തന്നെ ഭക്ഷിക്കും. ഹമാസിസ്റ്റുകളുടെ സ്വന്തം നാട് എന്ന വിശേഷണം കേരളീയതയ്ക്ക് ഒട്ടും ഭൂഷണമല്ല. തുടച്ചുനീക്കപ്പെടേണ്ട ഭീകരതയാണ് ഹമാസ്.