1972 സെപ്റ്റംബർ5ന് മ്യൂണിച്ചിലെ ഒളിമ്പിക്ക്സ് വില്ലേജിലേക്ക് "Black September" എന്ന് പേരുള്ള ഒരു പറ്റം പാലസ്തീന്‍ തീവ്രവാദികള്‍ ഇരച്ചുകയറി പതിനൊന്ന് ഇസ്രായേല്‍ കായിക താരങ്ങളെ വെടിവെച്ചു കൊന്നു. ലോകം നടുങ്ങികയും, ഇസ്രേയേല്‍ പൊട്ടിക്കരയുകയും ചെയ്തു. സെപ്റ്റംബർ കൂട്ടക്കൊലയുടെ ഞെട്ടലില്‍ നിന്ന് മോചനം നേടുന്നതിന് മുമ്പുതന്നെ, അതിന്റെ ആസൂത്രകർ ഭൂമിയുടെ ഏതുകോണില്‍ ഒളിച്ചിരുന്നാലും അവരെ പിടികൂടി കൊലപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രധാനമന്ത്രി ഗോള്‍ഡാ മേയറിന്‍റെ നേരിട്ടുള്ള നേതൃത്വത്തില്‍ ജൂതരാഷ്ട്രം തയ്യാറാക്കി. "Operation Wrath of God" എന്ന പേരിൽ പ്രതികാര നടപടി അവിടെ തുടങ്ങി.
ഇനി ഒരിക്കലും ഇസ്രായേലിനെ ആക്രമിക്കാനുള്ള ധൈര്യവും തന്‍റേടവും ഒരു ഭീകര നേതാവിനും, ഭാവിയിൽ ഉണ്ടാകരുതെന്നതായിരുന്നു ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡിന്‍റെ പരമപ്രധാന ലക്ഷ്യം. കൊലയാളികളുടേയും, ആസൂത്രകരുടേയും സമ്പൂര്‍ണ്ണ വിവരം ഇസ്രയേലി ചാര സംഘടനയായ "മൊസാദ്" ശേഖരിച്ചു. അവരെ വകവരുത്തുന്നതിന് രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഇറ്റലിയിലും, ഫ്രാന്‍സിലും, നോര്‍വേയിലും ഗ്രീസിലും, സൈപ്രസിലും, ലബനോണിലും താമസിച്ചിരുന്ന ഭീകരവാദികള്‍ വെടിയേറ്റും ബോംബുപൊട്ടിയും കൊല്ലപ്പെട്ടു.
കൊലപ്പെടുത്തുന്നതിന് മുന്‍പ് ഓരോ തീവ്രവാദിയുടേയും വീട്ടിലേക്ക് പൂക്കളോടൊത്ത് ഒരു സന്ദേശവുമെത്തി "A reminder We do not forget We do not forgive." ഇസ്രായേലിനെ ആക്രമിക്കുന്ന ഏത് ഭീകരസംഘടനയുടേയും നേതൃത്വത്തെ വകവരുത്തും എന്നൊരു മുന്നറിയിപ്പായിരുന്നു വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ റാത്ത് ഓഫ് ഗോഡ്.
ഇനി നമുക്ക് പഞ്ചാബിലേക്ക് വരാം. രക്തവും, കണ്ണീരും കട്ടപിടിച്ച അത്രവിദൂരമല്ലാത്ത ഒരു കലഹചരിത്രം പഞ്ചനദികളുടെ നാടിനുണ്ടായിരുന്നു. എമ്പതുകളു വരെയും ഇന്നത്തെ കാശ്മീരിനേക്കാളും മണിപ്പൂരിനേക്കാളും ഭീകരമായിരുന്നു പഞ്ചാബിലെ സ്ഥിതിഗതികൾ. അകാലിദളിനെ രാഷ്ട്രീയമായി ഒതുക്കാൻ കോൺഗ്രസ് സ്വീകരിച്ച പല എളുപ്പവഴികളും സിഖ് തീവ്രവാദം വളരാൻ ഇടയായിട്ടുണ്ട്. അങ്ങനെ പല കാരണങ്ങൾ കൊണ്ടും സുവർണ്ണ ക്ഷേത്രം ഭീകരരുടെ ഹെഡ് ക്വാർട്ടേഴ്സ് ആയി മാറി. ധീരമായ ഒരു മിലിട്ടറി ഓപ്പറേഷനിലൂടെ ഇന്ദിരാഗാന്ധി ഗോൾഡൻ ടെംപിളിലെ തീവ്രവാദികളെ ഒഴിപ്പിച്ചു. പക്ഷെ സ്വന്തം സിഖ് അംഗരക്ഷകർ തന്നെ ശ്രീമതി ഇന്ദിരാഗാന്ധിയുടെ ജീവനെടുത്തു.
അതിനുശേഷം ഖാലിസ്ഥാൻ ഭീകരൻ ആസൂത്രണം ചെയ്ത 1985ലെ കനിഷ്ക വിമാന ദുരന്തം. കാനഡയിലെ മോൺട്രിയോളിൽ നിന്ന് 329 യാത്രക്കാരുമായി പറന്നുയർന്ന എയർ ഇന്ത്യ വിമാനത്തിൽ സിഖ് ഭീകരർ പ്ളാന്റ് ചെയ്തിരുന്ന ബോംബ് പൊട്ടിത്തെറിച്ചു മുഴുവൻ ആളുകളും കൊല്ലപ്പെട്ടു. അതിൽ 247 കനേഡിയൻസ് ആയിരുന്നു. കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിഖ് തീവ്രവാദികളായിരുന്നു കനിഷ്കയിലെ നിരപരാധികളായ മനുഷ്യരെ ആകാശത്ത് വച്ച് ചിതറിത്തെറിപ്പിച്ചത്. ബ്ളൂസ്റ്റാർ ഓപ്പറേഷൻ കാലത്ത് കരസേനാ മേധാവിയായിരുന്ന എ എസ് വൈദ്യയെ തീവ്രവാദികൾ വെടിവച്ചുകൊന്നു.
അവസാനം നരസിംഹ റാവുവിന്റെ കാലത്ത് സിഖുകാരനായ കെപിഎസ് ഗിൽ പഞ്ചാബിലെ തീവ്രവാദികളെ അയൺ ഹാൻഡ് വച്ച് അടിച്ചൊതുക്കി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഒക്കെ അക്കാലത്ത് നടന്നുവെങ്കിലും പഞ്ചാബ് ശാന്തമായി. ഒരു പ്രശ്നവുമില്ലാതെ സമാധാനത്തോടെ പഞ്ചാബ് മുന്നോട്ട് പോകുമ്പോഴാണ് 1995ൽ കോൺഗ്രസ് മുഖ്യമന്ത്രി ബിയാന്ത് സിംഗ് ചണ്ഡീഗഡ് സെക്രട്ടറിയേറ്റിന് മുന്നിൽ വച്ചുണ്ടായ ചാവേർ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കാര്യത്തിൽ എന്നതുപോലെ ബിയാന്ത് സിംഗിന്റെ സന്തത സഹചാരിയായിരുന്ന ഒരാളാണ് ചണ്ഡീഗഡ് ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
ലഷ്കർ- ഇ- തയ്ബ, ജയ്ഷെ മുഹമ്മദ് തുടങ്ങിയവയെ വെല്ലുന്ന ഭീകരസംഘടന ആയിരുന്നു ഖാലിസ്ഥാൻ ഭീകരരുടെ പഴയ "ബാബർ ഖൽസ". കനിഷ്ക ബോംബ് സ്ഫോടനവും ഉൾപ്പെടെ പല ടെറർ അറ്റാക്കുകളുടേയും പിന്നിൽ കനേഡിയൻ സിഖുകാർ ഫണ്ടിംഗ് നടത്തിയിരുന്ന ഈ ബാബർ ഖൽസ ആയിരുന്നു. അവർ തന്നെയാണ് മുഖ്യമന്ത്രി ബിയാന്ത് സിംഗിനേയും കൊലപ്പെടുത്തിയത്. കാനഡയിലെ ശക്തമായ സിഖ് കമ്മ്യൂണിറ്റിയെ പ്രീണിപ്പിക്കാനാണ് ജസ്റ്റിൻ ട്രൂഡോ കർഷക സമരക്കാരെ വാഴ്ത്തിയത്. ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാർ നിലനില്ക്കുന്നത് തന്നെ ഒരു സിഖ് രാഷ്ട്രീയ കക്ഷിയുടെ പിന്തുണയിലാണ്.
പഞ്ചാബിൽ ഖാലിസ്ഥാൻ വാദം അടുത്തകാലത്തായി വീണ്ടും തലപൊക്കി തുടങ്ങിയിട്ടുണ്ട്. ഏത് ഭീകരതയും നിലനിൽക്കുന്നത് ഫണ്ടിംഗിന്റെ ബലത്തിലാണ്. പണ്ടും ഇപ്പോഴും കാനഡയാണ് സിഖ് തീവ്രവാദത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്. ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ വന്നതിന് ശേഷം കാനഡയിൽ സിഖ് തീവ്രവാദികളുടെ അഴിഞ്ഞാട്ടമാണ്. ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തുന്നത് ദൃശ്യവത്ക്കരിച്ച് പ്രതീകാത്മകമായി പരസ്യമായി അവതരിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റിന് നേരെ ആക്രമണവും ദേശീയപതാകയെ അപമാനിക്കലും ഒക്കെ പതിവായി മാറി. ഈ ഭീകര പ്രവർത്തനങ്ങളുടെ എല്ലാം പ്രതിഫലനവും, പ്രത്യാഘാതവും പഞ്ചാബിലാണ് നേരിട്ട് അനുഭവപ്പെടുന്നത്.
സിഖ് തീവ്രവാദത്തിനെതിരെ നടപടിയെടുക്കണമെന്ന് ഭാരതം പലവട്ടം ആവശ്യപ്പെട്ടിട്ടും അനങ്ങാത്ത കനേഡിയൻ പ്രധാനമന്ത്രി പക്ഷെ കൊടുംതീവ്രവാദികൾക്ക് പൗരത്വം നൽകുന്നതിൽ അതീവ താല്പ്പര്യം കാണിക്കുകയും ചെയ്യുന്നു. ചോരവാർന്ന് കരയുന്ന ഒരു പഞ്ചാബ് ഇന്ത്യയുടെ രാഷ്ട്ര ശരീരത്തിൽ ഇനി ഉണ്ടാവാൻ പാടില്ല. കാനഡ കേന്ദ്രീകരിച്ചുള്ള സിഖ് ഭീകരതയുടെ വേരറക്കണം. 'War against Terror' എന്നുപറഞ്ഞാൽ ഭീകര സംഘടനകളുടെ നേതൃത്വത്തെ ഇല്ലാതാക്കണം എന്നുതന്നെയാണ് അർത്ഥമാക്കുന്നത്.
മണ്ടന്മാരായ അനുയായികളുടെ വയറ്റത്ത് ബോംബും കെട്ടിച്ചുവിടുന്ന ഭീകരസംഘങ്ങളുടെ നേതാക്കന്മാരെല്ലാം വ്യക്തികളെന്ന നിലയില്‍ ഭീരുക്കളും, അമിത ജീവിതാസക്തിക്കാരുമാണ്. കാനഡയിലും, പാകിസ്ഥാനിലുമുള്ള ഖാലിസ്ഥാൻ നേതാക്കൾ അടുത്തിടെയായി അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്നുണ്ട്. ഇതിന്റെ പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. കാനഡയുടെ കയ്യിൽ കാശുണ്ട് അതുകൊണ്ട് ട്രൂഡോയുടെ ഖാലിസ്ഥാൻ പ്രേമം ഇന്ത്യ സഹിച്ചോണം എന്നുപറഞ്ഞാൽ പോയി പണി നോക്കാൻ തന്നെ പറയണം. അതാണ് ഇപ്പോൾ കാണുന്നത്.
ലോകത്തെ ഏറ്റവും വലിയ മാർക്കറ്റാണ് ജനാധിപത്യ ഇന്ത്യ. വികസിത പാശ്ചാത്യ രാജ്യങ്ങൾക്ക് ഭാരതത്തെ അവഗണിച്ചോ, വെറുപ്പിച്ചോ മുന്നോട്ട് പോകാനാവില്ല. സ്വതന്ത്ര കമ്പോള വ്യവസ്ഥ നൽകുന്ന ആ ശക്തി തന്നെയാണ് ട്രൂഡോയെ എതിരിടാൻ ഇന്ത്യയെ ധൈര്യപ്പെടുത്തുന്നത്. കനിഷ്ക വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രികരിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരാണെന്ന വസ്തുത മനസ്സിലാക്കുവാൻ ജസ്റ്റിൻ ട്രൂഡോ തയ്യാറാകേണ്ടിയിരിക്കുന്നു.
വികസിത രാജ്യങ്ങളിലെ പൗരന്മാരുടെ ജീവന് മാത്രമല്ല മൂല്യവും വിലയുമുള്ളത്. ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനിലും, മാർക്കറ്റിലും ബോംബ് സ്ഫോടനവും തീവ്രവാദി ആക്രമണവും ആസൂത്രണം ചെയ്തിന് ശേഷം കാനഡയിലും, പാകിസ്താനിലും സുഖജീവിതം നയിക്കാമെന്ന് കരുതുന്ന ഭീകരതയുടെ 'King Pins' വേട്ടയാടപ്പെടുമെന്ന സന്ദേശം പകരാൻ ഭാരതത്തിന് കഴിഞ്ഞിട്ടുണ്ട്. ക്ഷമാശീലന്റെ വീടിന് തീവെച്ചാൽ വിധിയാണെന്ന് കരുതി സമാധാനിച്ചോണം എന്ന പഴയ തിയറി കാലാഹരണപ്പെട്ടെന്ന് കനേഡിയൻ പ്രധാനമന്ത്രിക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടാകും.