കഴിഞ്ഞ ദിവസം ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച ലെഫ്റ്റനന്റ് ജനറൽ നിഷികാന്ത സിംഗിന്റെ വാക്കുകളിലേക്ക് പോകാം. മണിപ്പൂർ എന്ന ഇന്ത്യൻ സംസ്ഥാനം ഇന്ന് സംസ്ഥാന രഹിതമാണ്. ഇസ്ലാമിക തീവ്രവാദം അരങ്ങു തകർക്കുന്ന ലിബിയ, ലബനൻ, നൈജീരിയ, സിറിയ പോലെ അസ്ഥിരമാണ് ഇന്ന് മണിപ്പൂർ. ജനങ്ങളുടെ ജീവനും സ്വത്തിനും ഒരു രീതിയിലെയും സുരക്ഷിതത്വം നൽകാൻ കഴിയാതെ ആർക്കും എപ്പോൾ വേണമെങ്കിലും കവർന്നെടുക്കാൻ കഴിയുന്ന ഒന്നായി മാറി മനുഷ്യ ജീവൻ.
ഏകദേശം രണ്ടു മാസങ്ങൾക്കു മുൻപാണ് രാജ്യത്തെ നടുക്കിയ ഈ വംശീയ കലാപത്തിന്റെ തുടക്കം. മെയ്തേയി സമുദായത്തെ പട്ടികവർഗ വിഭാഗത്തിൽ (എസ്ടി) ഉൾപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരെ കുക്കി, നാഗ സമുദായങ്ങൾ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്, കഴിഞ്ഞ മെയ് മുതൽ മണിപ്പൂരിൽ അക്രമങ്ങൾ ഒരു തുടർക്കഥയാകാൻ തുടങ്ങിയത്. ആധുനിക സമൂഹം ലജ്ജിച്ചു തലതാഴ്ത്തുന്ന വിധം ക്രൂരമായ സംഭവവികാസങ്ങൾ.
ഇന്ന് മണിപ്പൂർ ഒരു ആഭ്യന്തരയുദ്ധത്തിന്റെ വക്കിലാണ്. മെയ്തേയ് കുക്കി സമുദായങ്ങൾ തമ്മിലുള്ള ഏട്ടുമുട്ടലിൽ ഇന്ന് 100 ലധികം ജീവൻ നഷ്ടപ്പെടുകയും 500 ലധികം ആളുകൾക്ക് പരിക്കേൾക്കുകയും ചെയ്തു. ഏകദേശം 350 ക്യാമ്പുകളിലായി 60,000 പേരെ ഇതിനോടകം മാറ്റിപ്പാർപ്പിച്ചു കഴിഞ്ഞു. ഈ വംശീയ കലാപത്തെ രാഷ്ട്രീയ വൽക്കരിക്കാൻ ശ്രമിക്കുന്ന ആരാഷ്ട്രീയ വാദികൾ, അക്രമം അടിച്ചമർത്താൻ ശ്രമിക്കുന്ന ഏകദേശം 40,000 ഓളം വരുന്ന സുരക്ഷ സേന അംഗങ്ങളുടെയും, സൈനികരുടെയും, അർദ്ധ സൈനികരുടെയും ശ്രമങ്ങളെ നിസ്സാര വൽക്കരിക്കുകയാണ് ചെയ്യുന്നത്. പോലിസ് സ്റ്റേഷനുകളും മറ്റും ആക്രമിച്ചു കലാപകാരികൾ കൈയ്യടക്കിയിരിക്കുന്നത് ഏകദേശം 40,000 ത്തോളം വരുന്ന ആയുധങ്ങളാണ്. ഇതിൽ നാലിൽ ഒന്ന് മാത്രമാണ് തിരിച്ചെടുക്കാൻ ആയത്. അക്രമങ്ങൾ തുടർക്കഥ ആകുന്നതിനൊപ്പം തന്നെ ഈ സമുദായങ്ങൾ തമ്മിലുള്ള അവിശ്വാസം ദിനംപ്രതി കൂടി കൂടി വരുകയാണ്. സമരം അമർച്ച ചെയ്യാൻ എത്തിയ സുരക്ഷസേന പോലും പക്ഷേപാദിത്വപരമായി പെരുമാറുന്നു എന്ന് രണ്ടു കൂട്ടരും ഒരുപോലെ വാദിക്കുന്നു.
ആർത്തിരമ്പി വന്ന ജനക്കൂട്ടം ഇതുവരെ ഇരുന്നൂറിലധികം പള്ളികളും, 17 അമ്പലങ്ങളും പ്രാദേശിക മന്ത്രിമാരുടെയും, നിയമസഭാ അംഗങ്ങളുടെയും വീടുകളും ആക്രമിക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്തു. സ്വര്യജീവിതം ഒരു പഴംകഥ പോലെ മറന്നു തുടങ്ങിയ ജനം ഇന്നും നമ്മുടെ മനസ്സിൽ ഒരു വിങ്ങലാണ്. അക്രമങ്ങളുടെ തോത് കുറക്കാനായി മണിപ്പൂരിലെ 16 ജില്ലകളിൽ മിക്കയിടത്തും ഇപ്പോൾ രാത്രി കർഫ്യൂ തുടർന്ന് പോകുന്നു, സ്കൂളുകൾ അടച്ചു, ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിച്ച് കലാപകാരികൾ അക്രമങ്ങൾ പരസ്പരം ഏകീകരിക്കാൻ തുടങ്ങിയത്തോടെ ആ സേവനവും സർക്കാർ താത്കാലികമായി നിർത്തലാക്കി. അവശ്യ സാധങ്ങളുടെ പോക്കുവരവ് പോലും പ്രതിഷേധാക്കാർ തടഞ്ഞു. ഇതിനോടൊപ്പം തന്നെയാണ് ഈ കൊലപാതകങ്ങളും തീവപ്പുകളും നടക്കുന്നത്. സർക്കാരിന്റെ സമാധാന ചർച്ചയോട് പോലും തണുത്ത പ്രതികരണമാണ് ഈ സമുദായിക സംഘടനകളിൽ നിന്ന് ലഭിക്കുന്നത്. എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയുമായ ബീനലക്ഷ്മി നേപ്രം പറയുന്നത് ഈ സംഭവ വികാസങ്ങൾ മണിപ്പൂരിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഇരുണ്ട അദ്ധ്യായമായിട്ടാണ്, അക്രമം തുടങ്ങിയ രണ്ടാം നാളിൽ തന്നെ വീടുകൾ അഗ്നിക്കിരയാക്കി, പരസ്പരം തല്ലി കൊല്ലുകയും, ശരീരങ്ങൾ തെരുവുകളിൽ ചുട്ടെരിക്കപ്പെടുകയും ചെയ്തു, സ്ത്രീകൾക്ക് എതിരെയുള്ള അക്ക്രമങ്ങളും, ബലാത്സംഗങ്ങളും ഒരു പരമ്പര എന്നോണം തുടർന്നു.
തച്ചുടക്കപ്പെട്ട സ്വപ്നങ്ങളും, അഗ്നിക്കിരയായ വീടുകളുമാണ് ഈ വംശീയ സംഘർഷങ്ങൾക്ക് ശേഷം മണിപ്പൂരിൽ ഇന്ന് ബാക്കി നിൽക്കുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലെ എട്ട് സംസ്ഥാനങ്ങളിൽ ഏകദേശം 400ലധികം സമുദായങ്ങളിൽപ്പെട്ട 45 ദശലക്ഷം ആളുകളാണ് താമസിക്കുന്നത്. ഈ ഗ്രൂപ്പുകൾ തമ്മിലുണ്ടാകുന്ന വൈര്യം നീക്കുന്നതിന് വേണ്ടി ഏകദേശം ഒരു ഡസനിലധികം സമാധാന ചർച്ചകളാണ് വർഷങ്ങളായി ഇവർക്കിടയിൽ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നത്. മ്യാൻമാറുമായ അതിർത്തി പങ്കിടുന്ന മണിപ്പൂരിന് വംശീയ കലാപം ഒട്ടും അപരിചിതമല്ല. ഏകദേശം 33 വംശീയ ഗോത്രങ്ങൾ ഉള്ള ഈ ഒരു സംസ്ഥാനം വളരെ വൈവിദ്ധ്യ പൂർണ്ണവും അതിനോടൊപ്പം അതിന്റെ അഗാധ തലങ്ങളിൽ അത്രയും തന്നെ വിഭജിച്ചിക്കപെട്ടിരിക്കുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഇവിടം ഏകദേശം നാൽപ്പതിൽ അധികം തീവ്രവാദ പ്രസ്ഥാനങ്ങളുടെ വിളനിലമാണ്. ഇന്ത്യൻ സുരക്ഷാസേനയ്ക്ക് തിരച്ചിൽ നടത്തുന്നതിനും ആയുധങ്ങൾ പിടിച്ചെടുക്കുന്നതിനും, അതിനോടൊപ്പം തന്നെ കലാപങ്ങൾ അടിച്ചു ഒതുക്കുന്നതിനുമായി പ്രത്യേകം അധികാരം നൽകുന്ന ഒരു നിയമമാണ് Armed Forces Special Powers Act (AFSPA). ഈ കലാപ വിരുദ്ധ നിയമങ്ങളിൽ പ്രതിഷേധിച്ചു കൊണ്ട് മെയ്തേയ്, നാഗ, കുക്കി വിമതർ ഇന്ത്യൻ സുരക്ഷാസേനയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നീണ്ട സായുധ ആക്രമണങ്ങളും, കൈവശ ഭൂമിക്കായുള്ള പരസ്പ്പര സംഘർഷങ്ങളും ഇവിടെ പതിവാണ്.
മണിപ്പൂരിലെ 3.3 മില്യൺ ജനങ്ങളിൽ പകുതിയിലധികം വരുന്നവരാണ് മെയ്തേയി സമുദായം. അതിനുശേഷം ഏകദേശം 43% ജനങ്ങളും കുക്കികളും നാഗകളുമാണ് മറ്റു പ്രബല ഗോത്ര സമുദായങ്ങൾ ഇവർ പ്രധാനമായും കുന്നിൻ ചെരുവുകളിൽ ആണ് താമസം ഉറപ്പാക്കിയിരിക്കുന്നത്. കൂടുതൽ മെയ്തേയികൾ ഹിന്ദു മത വിശ്വാസികളും, കുക്കികൾ ക്രിസ്ത്യൻ മതവിശ്വാസികളുമാണ്. The Frontier Manipur എന്ന ദിനപത്രത്തിന്റെ എഡിറ്റർ ആയ ധിരെൻ എ സടോക്പം പറയുന്നത് മണിപ്പൂരിൽ ഇതിനുമുമ്പ് നടന്നിരുന്ന വംശീയ മതസംഘർഷങ്ങൾ നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചിരിക്കുന്നത് എന്നാൽ ഇത്തവണ ഈ സംഘർഷം വേരൂന്നിരിക്കുന്നത് വംശീയതയിലാണ്, മതത്തിലല്ല. ഹൈക്കോടതി വിധിയുടെ പശ്ചാത്തലമാണ് മെയ് മാസത്തിൽ ആരംഭിച്ച ഈ വംശീയ കലാപത്തിന് തുടക്കം. മെയ്തേയി വിഭാഗക്കാർക്ക് ലഭിച്ച ട്രൈബൽ സ്റ്റാറ്റസിനെതിരെയുള്ള പ്രതിഷേധം എന്നോണം ആണ് കുക്കികൾ ഈ കലാപത്തിന് തുടക്കം കുറിച്ചത് പക്ഷെ ഈ ഹൈക്കോടതി വിധിക്ക് വിശദീകരിക്കാൻ കഴിയുന്നതിലും അപ്പുറമാണ് മണിപ്പൂരിൽ ഇന്ന് നിലനിൽക്കുന്ന സ്ഫോടനാത്മകമായ അന്തരീക്ഷവും വംശീയ ആക്രമണങ്ങളും.
വംശീയ സംഘർഷങ്ങൾ നിലനിൽക്കുന്ന ഈ സംസ്ഥാനത്ത് നിന്ന് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് മറ്റു സംസ്ഥാനങ്ങളിലേക്ക് പാലയനം ചെയ്തു കൊണ്ടിരിക്കുന്നത്. ദീർഘകാലമായി നിൽക്കുന്ന കലാപങ്ങൾ, മയക്കു മരുന്നിനെതിരെയുള്ള വിവാദപരമായ യുദ്ധപ്രഖ്യാപനം (War on drugs), പ്രശ്നബാധിത രാജ്യങ്ങളായ മ്യാൻമാറിൽ നിന്നുമുള്ള അനധികൃത കുടിയേറ്റം, സ്വന്തമായി ഭൂമി കൈക്കലാക്കുന്നതിനുള്ള സമ്മർദ്ദം, തൊഴിലവസരങ്ങളുടെ അഭാവം എന്നിങ്ങനെ നിലനിൽക്കുന്ന വിവിധ ഘടകങ്ങളുടെ അതിസങ്കീർണമായ ഇടപെടൽ നിന്നാണ് ഈ സംഘർഷങ്ങൾ ഉടലെടുക്കുന്നത്. ഈ സാഹചര്യങ്ങൾ ഒക്കെയും യുവാക്കളെ വിമത ഗ്രൂപ്പുകളിലേക്ക് ചേരാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. രാജ്യത്ത് അസ്ഥിരത വർദ്ധിപ്പിക്കുന്നതിനുള്ള മറ്റ് പ്രധാനപ്പെട്ട കാരണങ്ങളാണ് പതിറ്റാണ്ടുകളായി മയക്കുമരുന്ന് വ്യാപാരത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയക്കാരുടെ പങ്കാളിത്തവും രാഷ്ട്രീയക്കാരും തീവ്രവാദികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടും ഈ മേഖലയിൽ ഇൻസ്റ്റബിലിറ്റി വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
War on Drugs: മെയ്തേയി സമുദായത്തിൽ പെട്ടയാളാണ് മണിപ്പൂർ ചീഫ് മിനിസ്റ്റർ N ബിരെൻ സിംഗ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യമായി പോപ്പി കൃഷി സംബന്ധിച്ച് മയക്കു മരുന്നതിനെതിരെയുള്ള യുദ്ധ പ്രഖ്യാപനം നടത്തിയത്. സർക്കാർ കണക്കുകൾ പ്രകാരം 2017 മുതൽ ഏകദേശം പതിനെണ്ണായിരം ഏക്കറിലധികം പോപ്പി കൃഷി നശിപ്പിച്ചതാണ് അവർ അവകാശപ്പെടുന്നത്. ഇവിടെ നമ്മൾ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ 18,000 ഏക്കറിൽ അധികവും പോപ്പി ഫാമുകൾ സ്ഥിതി ചെയ്തിരുന്നത് കുക്കി ജനവാസ മേഖലയിലാണ്. രാജ്യത്തു ഉടനീളം ശ്രദ്ധയാകർഷിച്ച ഒരു പ്രധാനപ്പെട്ട പ്രശ്നമാണ് മണിപ്പൂരിലെ ജനങ്ങളുടെ മയക്കുമരുന്ന് ആസക്തിയും അതിനെ തുടർന്നുണ്ടായ പ്രതിസന്ധികളും. സംസ്ഥാനത്തെ മയക്കുമരുന്ന് വിതരണ മേഖലയിൽ ഒരു വലിയ ഇടിവു വരുത്താൻ ഈ 2017 മുതലുള്ള WOD (War On Drugs) നു കഴിഞ്ഞു. ഇവിടെ നാം ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ലോകത്തിലെ തന്നെ രണ്ടാമത്തെ വലിയ കറുപ്പ് ഉൽപാദക രാജ്യമായ മ്യാന്മാറുമായി അതിർത്തി പങ്കിടുന്ന നാല് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഒന്നാണ് മണിപ്പൂർ. സർക്കാരിന്റെ മയക്കുമരുന്നിനോടുള്ള ഈ സന്ധിയില്ലാത്ത സമരം കുക്കികളും, സർക്കാരും തമ്മിലുള്ള ഭിന്നത വളരെ രൂക്ഷമാക്കി. പോപ്പി കൃഷി ചെയ്യുന്ന ഗ്രാമങ്ങൾക്ക് വളരെ ശക്തമായ താകീതാണ് ബിരേൻ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകിയിരുന്നത്. പോപ്പി കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാർ അംഗീകരിക്കുകയില്ല അതുമാത്രമല്ല അവർക്ക് നൽകിക്കൊണ്ടിരുന്ന ക്ഷേമ ആനുകൂല്യങ്ങൾ എല്ലാം ഇല്ലാതാക്കുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി. മാർച്ച് മാസത്തിൽ തന്നെ ഒരു ന്യൂസ് ചാനലിന് അദ്ദേഹം നടത്തിയ അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി കുക്കികൾ എല്ലാം സ്ഥലങ്ങളും കയ്യേറി കൊണ്ടിരിക്കുകയാണ് സംരക്ഷിക്കപ്പെടേണ്ട വനമേഖലയും റിസർവ്ഡ് ആയിട്ടുള്ള വനമേഖലയും വൻതോതിൽ ഉള്ള പോപ്പി കൃഷിക്കും മയക്കുമരുന്ന് വ്യാപാരത്തിനുമായി അവർ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഇതിനു മറുപടിയൊന്നും അതേമാസം തന്നെ കുക്കികൾ വളരെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികളാണ് ഈ മലയോര ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സർക്കാരിനെതിരെ നടത്തിയത്, മെയ്തേയി സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രി കുക്കി സമുദായത്തിനോട് കാണിക്കുന്ന സെലക്ടീവ് പ്രതികരണമാണ് ഇതെന്ന് സമുദായത്തിലെ മറ്റ് വിഭാഗൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ കുക്കികൾ വിജയിച്ചു എന്നുവേണം പറയാൻ.
ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം, ഭൂ ഉടമസ്ഥ അവകാശം സംബന്ധിച്ച് ഏറ്റവും കൂടുതൽ തർക്കം നിലനിൽക്കുന്ന ഒരു സംസ്ഥാനമാണ് മണിപ്പൂർ. ഏകദേശം 60% ത്തോളം വരുന്ന ജനങ്ങൾ മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ താഴ്വരയിലുള്ള 10% സ്ഥലത്താണ് താമസിക്കുന്നത്. മലയോര ജില്ലകളിൽ ഭൂമി വാങ്ങുന്നതിനോ അവിടെ സ്ഥിരമായി താമസിക്കുന്നതിന് തങ്ങൾക്കും അതുപോലെ തന്നെ മറ്റു ആദിവാസിയെ വിഭാഗങ്ങൾക്കും അനുവാദമില്ല എന്ന വസ്തുത മെയ്തേയി സാമുദായിക വിഭാഗങ്ങൾ അംഗീകരിച്ചിരുന്നില്ല. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് മ്യാന്മാർ എന്നിവിടങ്ങളിൽ നിന്നുള്ള അനയന്ത്രിതമായ കുടിയേറ്റവും വർദ്ധിച്ചുവരുന്ന കുടിയേറ്റ ജനസംഖ്യയും മെയ്തേയി വിഭാഗങ്ങൾക്ക് ഉള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ കാരണമായി. മാത്രമല്ല കുക്കി സമുദായത്തിന്റെ പാരമ്പര്യം അനുസരിച്ച് ഭൂമിയുടെ ഉടമസ്ഥാവകാശം ഗ്രാമതലവനു ശേഷം മൂത്ത മകനിലേക്ക് മാത്രം കടന്നു പോവുകയും കുടുംബത്തിലെ മറ്റു അംഗങ്ങൾ പുതിയ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനും അതുവഴി മറ്റു സമുദായക്കാർക്ക് അവിടെ ഭൂമി വാങ്ങുന്നതിന് കഴിയാതെ വരികയും ചെയ്യുന്നത് വലിയ ഒരു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചു. ഈ സാമുദായിക വിഭാഗങ്ങൾ തമ്മിലുള്ള സ്പർദ്ദയെ ആയൂധ വൽക്കരിക്കുകയാണ് മറ്റുള്ളവർ ചെയ്തത്.
ഇതുമാത്രമല്ല രണ്ടു കുന്നിൻ ചെരിവുകളും ആയി ബന്ധപ്പെട്ട ഉടമസ്ഥാവകാശ തർക്കം മെയ്തേയിക്കും, കുക്കികൾക്കും ഇടയിൽ നിലനിൽക്കുന്നുണ്ട്. വളരെ പരസ്പ്പര വിരുദ്ധമായ അവകാശ വാദങ്ങളാണ് ഇവർ രണ്ടുപേരും ഉന്നയിക്കുന്നത്. മെയ്തേയി വിഭാഗം ഈ കുന്നുകളെ വളരെ പവിത്രമായി കണക്കാക്കുന്നവരാണ്. എന്നാൽ കുക്കികൾ ആകട്ടെ ഈ കുന്നുകൾക്ക് താഴെയുള്ള ഭൂമി തങ്ങളുടെ പൂർവ്വ പ്രദേശമായ കണക്കാക്കുന്നത്. ഈ കാരണങ്ങളാൽ ഈ രണ്ടു സമുദായങ്ങൾക്കിടയിലും ശത്രുതയും, രോഷവും ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിൽ ചിലത് തദ്ദേശീയമായ വിശ്വാസങ്ങളെ സംബന്ധിച്ചതാണെങ്കിൽ മറ്റുചിലത് ആചാരങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്. കുക്കികളുടെ അവരുടെ സമുദായത്തിന് പ്രത്യേക ഭരണം വേണമെന്നും അത് ഉണ്ടാകുന്നത് വരെ ഡൽഹിയിലുള്ള നേരിട്ടുള്ള ഭരണം ഏർപ്പെടുത്തണമെന്നാണ് ആവിശ്യപ്പെടുന്നത്. എന്നാൽ ഇതേ സമാനമായ ആവശ്യം നാഗന്മാരിൽ നിന്നും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കുക്കിയും Indigenous Tribal Leaders Forum- ത്തിലെ അംഗവുമായ മേരി ഹോകിപ്പ് പറയുന്നത് "നമ്മുക്ക് നമ്മുടെ സ്വന്തം നാട്ടിൽ നമ്മുടെ സ്വന്തം ജനങ്ങൾക്കൊപ്പം വളരെ സമാധാനത്തോടെ ജീവിക്കാം നമുക്ക് നമ്മെ സ്വയംഭരിക്കാം ഇത് സംഭവിച്ചതിനുശേഷം അതാണ് സമാധാനം എന്ന് നമ്മൾ നിർവ്വചിക്കും.
എന്തുകൊണ്ടാണ് മണിപ്പൂർ അക്രമത്തിന്റെ പിടിയിലാകുന്നത് എന്നു ചോദിച്ചാൽ, മണിപ്പൂരിലെ നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട 60 നിയമ നിർമ്മാദാക്കളിൽ പത്തു പേരും കുക്കികളാണ് സിംഗിന്റെ 10 അംഗ മന്ത്രിസഭയിലെ 3 മന്ത്രിമാരും കുക്കികളാണ്. ഈ സമുദായങ്ങൾക്കിടയിൽ ചില രാഷ്ട്രീയവും, ഭരണവുമായ ബന്ധമുണ്ട് എന്നിരുന്നാലും അവർക്കിടയിലെ അന്യവൽക്കരണത്തിന്റെ തോത് അവരെ കൂടുതൽ അകറ്റുന്നതായി കാണാം. രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള ഈ വിശ്വാസക്കുറവും ഇവർക്കിടയിലുള്ള വിഭജനത്തിന് ഒരു പ്രത്യേക കാരണമായി എന്ന് വേണം പറയാൻ. ഇത് മണിപ്പൂരിനെ സംബന്ധിച്ചിടത്തോളം ഒരു ആഭ്യന്തരയുദ്ധം മാത്രമല്ല, അവിടെ നിലനിൽക്കുന്ന പ്രശ്നം War on Drugs മായി മുമ്പോട്ടുപോയ സർക്കാരിന് എതിരെയുള്ള ഒരു എതിർപ്പ് കൂടിയാണ്. ഗോത്ര വിഭാഗങ്ങൾക്ക് സ്വയംഭരണ അവകാശം നൽകുക എന്നതാണ് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ഒരേ ഒരു പോംവഴി എന്നാണ് ഇൻസർജൻ ക്രോസ് ഫയർ എന്ന പുസ്തകത്തിന്റെ രചിച്ചതാവായ ശ്രീ സുബീർ ഫൗമിക് പറയുന്നത്. ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയിൽ മൂന്നിലൊന്നും ഗോത്രവർഗ്ഗക്കാരായ അംഗീകരിക്കപ്പെടുകയും സംസ്ഥാനത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും സ്വയം ഭരണാധികാരം ഉള്ള ജില്ലാ കൗൺസിൽ വഴിയുമാണ് ഭരിക്കപ്പെടുകയും ചെയ്യുന്നത് ഇതേ മാർഗ്ഗമാണ് അദ്ദേഹം മണിപ്പൂരിലേക്ക് നിർദ്ദേശിക്കുന്നത്.
വളരെ വ്യക്തമായി പറഞ്ഞാൽ മണിപ്പൂരിലെ സമാധാനം എന്നത് എല്ലാക്കാലത്തും അപകടകരമായിരുന്നു. സമീപ വർഷങ്ങളിൽ മണിപ്പൂരിൽ നിന്ന് നിലനിന്ന സമാധാന അന്തരീക്ഷം ഭൂരിഭാഗവും സ്വാഭാവികമായും ലഭിച്ചിരുന്നതല്ല. മറിച്ച് കഠിനമായി സൈനിക വൽക്കരിക്കപ്പെട്ട മേഖലയിൽ അടിച്ചേൽപ്പിക്കപ്പെട്ട സമാധാനം എന്നാണ്. ഇതിനൊരു അവസാനം ഉടൻ ഉണ്ടാകും എന്ന് ആരും ഇപ്പോൾ കരുതുന്നില്ല. ഇരുപക്ഷവും തളരുന്നത് വരെ ഒരുപക്ഷേ ഇത് അവസാനിക്കുകയുമില്ല അതുമല്ലെങ്കിൽ ഏതെങ്കിലും ഒരു വിഭാഗം സർവ്വാധിപത്യം നേടുന്നതുവരെ ഇത് തുടർന്നു കൊണ്ടേയിരിക്കും.
(മണിപ്പൂർ വിഷയത്തെ കുറിച്ച് ബിബിസിയിൽ വന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ.)