മതവും, രാഷ്ട്രീയവും, സംസ്ഥാനവും നോക്കി സേവ് കാർഡ് ഇറക്കി കളിക്കുന്നവർ.


രണ്ടു‌ ദിവസം മുമ്പ് രാജസ്ഥാനിൽ അശോക് ഗലോട്ട് മന്ത്രിസഭയിൽ രാജേന്ദ്ര ഗുഡ്ഡ (Rajendra Gudha) എന്ന മന്ത്രി രാജിവെച്ചിരുന്നു. കാരണം ഗുഡ്ഡ പറഞ്ഞത് ഇങ്ങനെയാണ്: "എന്റെ പോരാട്ടം അക്രമത്തിന് എതിരെയാണ്. മണിപ്പൂരിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതയും, ദുരന്തവും പ്രതിഷേധിക്കപ്പെടണം. ഒപ്പം മുഖ്യമന്ത്രി സ്വന്തം സംസ്ഥാനമായ രാജസ്ഥാനിലെ അവസ്ഥയും പരിഗണിക്കണം. രാജസ്ഥാനിൽ സ്ത്രീ സുരക്ഷ അപകടത്തിലാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജസ്ഥാന നിയമസഭാ കെട്ടിടം നിൽക്കുന്ന മണ്ഡലത്തിൽ പെട്ട ഒരു ഇരുപതുകാരിയെ കഴുത്തറത്ത് കൊന്നിരുന്നു, പക്ഷെ മുഖ്യമന്ത്രി ഇതൊന്നും പരിഗണിക്കാതെ മണിപ്പൂരിനെ കുറിച്ച് മാത്രം പറഞ്ഞു കൊണ്ടിരിക്കുന്നു". ഈ പ്രസ്താവന പുറത്തു വന്നതും അശോക് ഗലോട്ട് ഈ പ്രതികരിച്ച മന്ത്രിയെ പുറത്താക്കി. രാജസ്ഥാനിലെ മുപ്പതിനായിരം ബലാത്സംഗ കേസുകൾ കോൺഗ്രസ് എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്നതാണ് പ്രതിപക്ഷമായ ബി.ജെ.പിയുടെ ഇപ്പോഴത്തെ ചോദ്യം. മണിപ്പൂരിലെ ക്രൂരതയെ അപലപിക്കാനായി വിഷയത്തിൽ ആദ്യമായി പ്രതികരിച്ച പ്രധാനമന്ത്രി, പറഞ്ഞത് മണിപ്പൂർ മാത്രമല്ല രാജസ്ഥാനും, ചത്തീസ്ഗഡും, ബംഗാളും സ്ത്രീസുരക്ഷയുടെ കാര്യത്തിൽ ഞെട്ടലുണ്ടാക്കുന്നു എന്നായിരുന്നു. 

പശ്ചിമ ബംഗാളിൽ നിന്നുള്ള സി.പിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം അടുത്തിടെ കേരളത്തിൽ വന്ന് ബംഗാളിലെ ക്രമസമാധാനത്തെ കുറിച്ച് പ്രസംഗിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നുണ്ട്. മമതയുടെ തൃണമൂൽ സർക്കാരിന്റെ കാലത്തെ ബംഗാളിനെ കുറിച്ച് സലിം പറയുന്നു: "ജീവിക്കാൻ വയ്യാത്ത അവസ്ഥയാണ്.  കൊലപാതകങ്ങളും, കൂട്ട ബലാത്സംഗങ്ങളും വൻതോതിൽ നടക്കുന്നു, വോട്ടെടുപ്പ് പ്രസഹനമായി മാറി, അക്രമം കണ്ടിട്ടും പോലീസ് കേസെടുക്കുന്നില്ല, പരാതി കൊടുത്താലും എഫ്.ഐ.ആർ ഇടുന്നില്ല. നമ്മളുടെ പാർട്ടിയിലെ ചെറുപ്പക്കാർ തിരിച്ചടിക്കുന്നുണ്ട്". ഇത്രയും പറഞ്ഞ സലിം ഒന്നുകൂടി പറഞ്ഞു- "ഉത്തർപ്രദേശിലെ ഹത്രാസിൽ ഒരു ദളിത് പെൺകുട്ടിക്ക് നേരിട്ട സമാനകളില്ലാത്ത ദുരന്തം നാം ഏറെ പ്രതിഷേധിച്ച കാര്യമാണ്. പക്ഷെ ഇപ്പോൾ ബംഗാളിൽ ദിവസേന ഓരോ ഹത്രാസ് ഉണ്ടാകുന്നുണ്ട്. എന്നിട്ടും ആരും ശ്രദ്ധിക്കുന്നില്ല, ഇവിടുത്തെ മാധ്യമങ്ങളിലും വരുന്നില്ല". സലിമിന്റെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി കൊണ്ടിരുന്ന കേരളത്തിലെ ധനകാര്യമന്ത്രി തർജ്ജമയിൽ ഹത്രാസിനെ കുറിച്ചുള്ള  ഭാഗം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു.

ഇതെല്ലാം രാഷ്ട്രീയ ഇരട്ടത്താപ്പിലെ ആരോപണ പ്രത്യാരോപണങ്ങളായി നമുക്ക് കാണാം. എതിർകക്ഷിയെ ആക്രമിക്കാനായി ഏതറ്റവും പോകുന്ന അവസ്ഥ. പക്ഷെ ഇവിടെയെല്ലാം തെളിയുന്ന കാര്യം വളരെ സുതാര്യമാണ്. കണ്ണീരൊഴുക്കാനും കണ്ണടയ്ക്കാനും മാനദണ്ഡമായി സ്വീകരിക്കുന്നത് വിഷയത്തിന്റെ  ഗൗരവമോ കുറ്റത്തിന്റെ ആഴമോ അല്ല. മറിച്ച് അതെങ്ങനെ സ്വന്തം നേട്ടത്തിനായി പ്രയോജനപെടുത്താം എന്ന ചിന്തയിലാണ് പ്രതിപക്ഷ പാർട്ടികൾ. സ്ത്രീപീഡനവും, റേപ്പും, കൊലപാതകവും ഒക്കെ എതിരാളികളെ എറിയാനുള്ള കല്ലായിട്ടാണ് മിക്ക മത-രാഷ്ട്രീയ ശക്തികളും ഉപയോഗിക്കുന്നത്. പ്രതിഷേധവും, കണ്ണുനീരും സെലക്ടീവാകുന്ന അവസ്ഥ. ഒരു കാര്യത്തിലും ശരിതെറ്റുകളില്ല. മറിച്ച് രാഷ്ട്രീയശരിയും, മതശരിയുമൊക്കെ മാത്രം. മനുഷ്യന്റെ വീഴ്ചയിൽ കരയാനോ അവന്റെ നേട്ടത്തിൽ സന്തോഷിക്കാനോ സാധിക്കാത്ത രീതിയിൽ മതകക്ഷിരാഷ്ട്രീയ വോട്ടുബാങ്ക് തിമിരത്തിന് അടിപ്പെട്ട അവസ്ഥ. സങ്കുചിതമായ മത-രാഷ്ട്രീയ അജണ്ടകൾ "വോട്ട് ബാങ്ക്" അടിസ്ഥാനപെടുത്തിയാണ് ഞെട്ടലും പിടയലുമൊക്കെ പുറത്ത് വരുന്നത്. 

ഒരു മനുഷ്യദുരന്തത്തെ കുറിച്ച് അറിഞ്ഞാൽ ആദ്യം ഇവർക്ക് എവിടെയാണ് നടന്നതെന്ന് നോക്കണം. നമ്മുടെ സംസ്ഥാനത്താണോ അതോ വടക്കേന്ത്യൻ സംസ്ഥാനത്താണോ എന്നതാണ് ആദ്യ പരിശോധന. ചില സംസ്ഥാനങ്ങളിൽ ഭൂകമ്പവും, വെള്ളപൊക്കവും, കലാപങ്ങളും ഉണ്ടാകുമ്പോൾ ഉന്മാദം കൊളളുന്നവരുണ്ട്. സംസ്ഥാനത്താണോ, മുനിസിപ്പാലിറ്റിയിലാണോ, പഞ്ചായത്തിലാണോ എന്നൊക്കെയുള്ളതാണ് രണ്ടാംഘട്ട പരിശോധന കഴിഞ്ഞ് വന്നാൽ കൊന്നവന്റെയും,  കൊല്ലപെട്ടവന്റെയും മതവും, രാഷ്ട്രീയവും പരിശോധിക്കലാണ് മൂന്നാമത്തേത്, അവർക്ക് അതുകഴിഞ്ഞേ ഉള്ളൂ ബാക്കിയെന്തും. പരിശോധനാഫലം അനുകൂലമായാൽ മതരാഗത്തിലോ, പാർട്ടിരാഗത്തിലോ വിലാപം തുടങ്ങും. സേവ് കാംപെയിനും സോഷ്യൽ മീഡിയ പോസ്റ്റിംഗും ഏഴു ദിവസം ദുഖാചാരണവുമൊക്കെ ചാർത്ത് അനുസരിച്ച് നടത്തും. അനുഷ്ഠാനങ്ങളിൽ പങ്കുചേരാത്തവരെ പിന്നാലെ ചെന്ന് അധിക്ഷേപിക്കും, സംഘി ചാപ്പയടിച്ച് ആദരിക്കും. പോസ്റ്റിട്ടവരെ 'തീവ്രത' കുറവാണെന്ന് പറഞ്ഞ് താറടിക്കും. മത പരിശോധനാ ഫലവും, പാർട്ടി പരിശോധനാ ഫലവും അനുകൂലമല്ലെങ്കിൽ ചത്തതു പോലെ കിടക്കും. സേവിംഗ് നിറുത്തിവെച്ച് നൂട്രലിൽ ആകും. പകരം വേണമെങ്കിൽ ഷേവ് പോസ്റ്റർ ഇറക്കി മാനസികവസ്ഥ തുറന്നുകാട്ടും. ചുരുക്കത്തിൽ സഹജീവികളെ ഡീമനൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇക്കൂട്ടർ സേവ് കാർഡും, ഷേവ് കാർഡും ഇറക്കി കളിക്കുന്നത്.

തങ്ങളുടെ ജാതി- മത- പാർട്ടി പ്രസക്തമല്ലാത്ത വിഷയങ്ങളിൽ അവർ ഇവിടെ താൽപ്പര്യം കാണിക്കാറില്ല. ഫ്രാൻസിൽ കലാപം നടക്കുമ്പോഴും- റഷ്യയും, യുക്രെയിനും തമ്മിലടിക്കുമ്പോഴും "ക്രിസ്ത്യാനികൾ കൊല്ലപെടുന്നേ.." എന്ന നിലവിളിയുമായി അവർ രംഗത്ത് വരില്ല. അഫ്ഗാനിലും, സിറിയയിലും, യമനിലും, ഇറാഖിലും ഐഎസ് ചാവേർ ആക്ക്രമണത്തിൽ മുസ്ലിങ്ങൾ തമ്മിൽ കൊല്ലുമ്പോൾ "അയ്യോ മുസ്ലിങ്ങൾ കൊല്ലപെടുന്നേ.." എന്ന നിലവിളിയുമായും അവർ രംഗത്ത് വരില്ല. അല്ലെങ്കിൽ മനുഷ്യർ കൊല്ലപെടുന്നു എന്ന് പറയേണ്ടിവരും. അതിലൊരു രസമില്ല. സിറിയയിലും, അഫ്ഗാനിസ്ഥാനിലും, ഇറാഖിലും മരിക്കുന്നത് മുസ്ലിങ്ങളാണ് എന്നൊരു കാംപെയിനും ഹറാമാണ്. മതരാഷ്ട്രീയ ബൈനോക്കുലറിലൂടെ കണ്ടെത്തുന്ന സംഭവങ്ങൾ വെച്ച് സ്വന്തം തട്ടകത്തിൽ ഒരു കളി കളിക്കാമോ എന്ന ഒരൊറ്റ ചിന്ത മാത്രം. വോട്ടും നോട്ടും മതപ്രചരവും ഒക്കെയാണ് പ്രധാന മോട്ടിവേഷൻ. ആക്രമണം പോലെ തന്നെ പ്രതിരോധവും സമാനമായ ആവേശത്തോടെ ചെയ്തിരിക്കും. രണ്ടായാലും മനുഷ്യരോ അവരുടെ ദൈന്യതയോ അവർക്ക് വിഷയമല്ല. എങ്ങനെ സ്വന്തം സ്ഥാപിത നേട്ടങ്ങൾക്ക് വേണ്ടി മനുഷ്യദൈന്യതയെ ഉപയോഗപെടുത്താം എന്നതാണ് ഇക്കൂട്ടരുടെ ഏക ചിന്ത. ജാതിയും, മതവും, പാർട്ടിയും മാത്രം കാണുന്ന ഇവർ ഒരിക്കലും മനുഷ്യനെ കാണില്ല.

ഇന്ത്യാ ടുഡേ പോലുള്ള ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികൾ മണിപ്പൂരിലെ കലാപഭൂമിയിൽ നിന്നും ലൈവായി കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പലയിടങ്ങളിലും യുദ്ധഭൂമിയുടെ സാഹചര്യമാണെന്ന് അവർ ലോകത്തോട് വിളിച്ചു പറയുന്നു. ഓട്ടോമാറ്റിക് തോക്കുകകളുമായി റോന്ത് ചുറ്റുന്ന കുക്കി യുവാക്കളോട് ചോദിക്കുമ്പോൾ മെയ്‌തേയികളിൽ നിന്നും സ്വന്തം ഗോത്രജനതയെ രക്ഷിക്കാനും തങ്ങളുടെ ഭൂമി സംരക്ഷിക്കാനുമാണ് പോരാട്ടമെന്ന് അവർ പറയുന്നു. മെയ്‌തേയി സായുധ സംഘങ്ങളും ഏതാണ്ട് ഇതേ അഭിപ്രായമാണ് കുക്കി സായുധ സേനയെക്കുറിച്ച് പറയുന്നത്. മണിപ്പൂരിലെ പോലീസിലും സമാനമായി മെയ്‌തേയി- കുക്കി വിഭജനം ഉണ്ടെന്ന നിരീക്ഷണവും ഉണ്ട്. ബി.ജെ.പിയുടെ 32 MLA മാരിൽ 8 പേർ കുക്കികളാണ്. അതിൽ ഏഴ് പേരും മേയ് 13 ന് പത്രസമ്മേളനം വിളിച്ച് കുക്കികൾക്ക് സെപ്പറേറ്റ് അഡ്മിനിസ്‌ട്രേഷൻ ആവശ്യപെട്ടവരിൽ പെടുന്നു. മണിപ്പൂരിൽ ബി.ജെ.പി- കോൺഗ്രസ്- ജനതാദൾ എം എൽ എ മാർ അടിസ്ഥാനപരമായി അവരുടെ ഗോത്രത്തിനോട് വിധേയത്വം പുലർത്തുന്നത്. പാർട്ടി മാറാം ഗോത്രം മാറാനാവില്ല എന്നതാണ് അവരുടെ നിലപാട്.

മിസോറാമിൽ കുക്കികളുടെ വലിയൊരു പ്രതിഷേധ പ്രകടനം നടക്കുകയാണ്. മിസോറാമിൽ താരതമ്യേന ന്യൂനപക്ഷമായ അവിടുത്തെ മെയ്‌തേയികൾ കുക്കികളുടെ ഈ പ്രകടനം കണ്ട് ഭയന്ന് വിറച്ച് മിസോറാം സർക്കാരിനോട് സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ്. തങ്ങളുടെ സംസ്ഥാനത്ത് ജീവിക്കുന്ന മണിപ്പൂരികളെ സംരക്ഷിക്കുമെന്ന ഉറപ്പാണ് മിസോറാം സർക്കാർ നൽകുന്നത്. പക്ഷെ കേരളത്തിൽ ഈ യുദ്ധം വിറ്റ് പോകുന്നത് "സംഘപരിവാറിന്റെ നേതൃത്വത്തിൽ ഹിന്ദുക്കൾ മണിപ്പൂരിലെ ക്രിസ്ത്യാനികൾക്കെതിരെ നടത്തുന്ന വംശഹത്യയായിട്ടാണ്". കേരളത്തിൽ മെയ്‌തേയികളും, കുക്കികളുമില്ല. എന്നാൽ ഹിന്ദുക്കളും ക്രിസ്ത്യാനികളുമുണ്ട്. അവർക്കിടയിൽ പരമാവധി സംശയവും, വിദ്വേഷവും ജനിപ്പിച്ചാൽ അതിന്റെ നേട്ടം തങ്ങൾക്കാണെന്ന് ചിന്തിക്കുന്ന മതേതറ രാഷ്ട്രീയ ശക്തികളാണ് മണിപ്പൂരിൽ ദൃശ്യമല്ലാത്ത പാറ്റേൺ ഇവിടെ പ്രചരിപ്പിക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് കേരളത്തിലെ ചില അനധികൃത കുടിയേറ്റം ഉദ്യോഗസ്ഥർ ഒഴിപ്പിച്ചപ്പോൾ "പാവം കുരുശെന്ത് പിഴച്ചു" എന്ന് ചോദിച്ച അതേ രാഷ്ട്രീയ കുബുദ്ധി ഇപ്പോഴത്തെ നരേറ്റീവുകളിലും കാണാം. കുടിയേറ്റം അനധികൃതമാണോ എന്നതല്ല മറിച്ച് കുരിശിന് എന്തെങ്കിലും പറ്റുന്നത് തങ്ങൾക്ക് സഹിക്കാനാവില്ല എന്നൊരു പ്രചരണമാണ് ഇത്തരം കാമ്പെയിനുകളുടെ ഒരു പ്രധാന അജണ്ട. വേറൊരിടത്ത് നടക്കുന്ന ഗോത്ര-വംശീയ കലാപം മുതലെടുത്ത് ഇവിടെ മതപരമായ സംഘർഷവും കാലുഷ്യവും വർദ്ധിപ്പിക്കുക, പറ്റുമെങ്കിൽ ഒരു തമ്മിലടി സൃഷ്ടിക്കുക, എതിരാളികളെ പരമാവധി ഡീമൈനസ് ചെയ്യുക തുടങ്ങിയവയാണ് മറ്റ് പ്രധാന ലക്ഷ്യങ്ങൾ.

Post a Comment (0)
Previous Post Next Post