ഏകീകൃത സിവിൽ കോഡിൽ ഉറക്കം നഷ്ടപ്പെട്ട ഉഭയജീവികൾ.

സിവിൽ കോഡ് ന്യൂനപക്ഷ വിരുദ്ധമെന്നും നടപ്പാക്കാൻ പാടില്ലെന്ന് പറയുന്ന കപട നവോത്ഥാന വാദികളായ സിപിഎം, സിവിൽ കോഡ് വേണോ/ വേണ്ടേ എന്ന് ചോദിച്ചാൽ 'വേണ്ടണം' എന്നു പറയുന്ന കോൺഗ്രസ്സ്, സിവിൽ കോഡിനെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുമെന്ന് പറഞ്ഞ് മുസ്ലിം വ്യക്തി നിയമ ബോർഡ്, സിവിൽ കോഡ് ഭരണഘടനാ വിരുദ്ധം എന്ന് പറഞ്ഞ കാന്തപുരം മുസ്ലിയാർ, സിവിൽ കോഡ് ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിന് എതിരാണെന്ന് മുസ്ലിം ലീഗും. ഇതാണ് സിവിൽ കോഡ് വിഷയത്തിലെ നിലവിലുള്ള ഒരു ഏകദേശ ചിത്രം.

ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കണമെന്ന് ഇന്ത്യൻ ഭരണഘടനയുടെ തന്നെ ഭാഗം നാലിൽ 44 -മതായി പറയുന്ന കാര്യമാണ്. ഭരണഘടന തന്നെ നിർദേശിക്കുന്ന കാര്യം "ഭരണഘടന വിരുദ്ധമാണ്" എന്ന് പറയുന്നതിന്റെ ലോജിക് എന്താണ്??! കാന്തപുരത്തിന്റെ ലോജിക് വെച്ച് അഞ്ച് നേരമുള്ള "നമസ്കാരം" ഇസ്ലാമിക വിരുദ്ധമാണ് എന്ന് പറയേണ്ടി വരും!!

ഭരണഘടനയുടെ ഇരുപത്തിയഞ്ചാം വകുപ്പ് ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യം ഹനിക്കുന്നതാണ് സിവിൽ കോഡ് എന്നാണ് മുസ്ലിംലീഗിന്റെ ഭാഷ്യം. എന്നാൽ 25 വകുപ്പ് അനുവദിക്കുന്ന മതസ്വാതന്ത്ര്യം എന്നു പറയുന്നത്; "പൊതുസമാധാനത്തിനും സന്മാർഗികതയ്ക്കും ആരോഗ്യത്തിനും ഈ ഭാഗത്തിലെ മറ്റു വ്യവസ്ഥകൾക്കും വിധേയമായി മാത്രം" അനുവദിക്കുന്ന ഒന്നാണ് എന്ന് 25 വകുപ്പിന്റെ തന്നെ വിശദീകരണത്തിൽ കൃത്യമായി എഴുതി വെച്ചിട്ടുണ്ട്. അതായത്, "നിരുപാധികമായ മതസ്വാതന്ത്ര്യം" എന്നത് ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന കാര്യമല്ല എന്നർത്ഥം. നിലവിലുള്ള പല വ്യക്തി നിയമങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന പൊതു ധാർമ്മികതയെയും, പൊതു സാന്മാർഗികതയെയും, തുല്യതയെയും നീതിയെയും ലംഘിക്കുന്നവയാണ് എന്നതാണ് യാഥാർത്ഥ്യം.

പിന്നെയുള്ളത് എന്തിനെയും തള്ളി പറയുന്ന കമ്മ്യൂണിസ്റ്റുകാരുടെ എതിർപ്പാണ്, മനുഷ്യ നന്മയ്ക്ക് ഉതകുന്ന എല്ലാത്തിനെയും തള്ളിപറഞ്ഞ ചരിത്രമാണല്ലോ ഇവർക്കുള്ളത് അതുകൊണ്ട് അത്ഭുതപ്പെടാനില്ല. ഒരുകാലത്ത് ഏകീകൃത സിവിൽ കോഡിനായി ബഹളം വെച്ചവർ, തെരുവിൽ സമരം നടത്തിയവർ, ഇപ്പോഴും ലിംഗ നീതിയെക്കുറിച്ച് വാ തോരാതെ തള്ളി മറിച്ച് സംസാരിക്കുകയും, ലിംഗനീതി ഉറപ്പാക്കാൻ വനിതാ മതിൽ കെട്ടി കളം നിറയുകയും ചെയ്ത കപട നവോത്ഥാന വാദികൾ തന്നെ ഇന്നതിനെ എതിർക്കുന്നത് കാണാൻ നല്ല ചന്തമുണ്ട്. പ്രീണിപ്പിക്കലും, പേടിപ്പിക്കലും തുടരട്ടെ!

"നിങ്ങൾ ആദ്യം മനസ്സിലാക്കേണ്ടത് ഏകീകൃത സിവിൽ കോഡ് എന്നത് ഇന്ത്യയിലെ മുസ്ലീങ്ങളുടെ മാത്രം പ്രശ്നമേയല്ല" എന്നാണ് ഇവരുടെ ഭാഷ്യം. അത് അങ്ങനെയാണെന്ന് വരുത്തി തീർക്കേണ്ടത് ഇവിടുത്തെ മത വ്യാപാരികളുടെയും, വോട്ട് ബാങ്കിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന ഉഭയ ജീവികളായ ഇടതു- വലത് രാഷ്ട്രീയ കാപട്യക്കാരുടെയും ആവശ്യമാണ്.

ഏകീകൃത സിവിൽ കോഡ് എന്നത് അടിസ്ഥാനപരമായി ഒരു നീതിബോധത്തിന്റെ പ്രശ്നമാണ്. സ്വന്തം മാതാവിനോടും സഹോദരിമാരോടും, പെൺമക്കളോടും, ഇണകളോടും സ്നേഹമുള്ള,, അവരെയും മനുഷ്യ ജീവിയായി തന്നെ പരിഗണിക്കുന്ന ഏതൊരു മകനും, സഹോദരനും, പിതാവിനും, ഭർത്താവിനും ഏകീകൃത സിവിൽ കോഡിനെ തള്ളിപ്പറയാൻ കഴിയില്ല. സിവിൽ കോഡിനെ എതിർക്കുന്നു എന്നതിനർത്ഥം നിങ്ങൾ തുല്യ നീതിയെയും, സമത്വത്തെയും എതിർക്കുന്നു എന്ന് മാത്രമാണ്. അതിലൂടെ നിങ്ങൾ അനീതിയെ ആദർശവൽക്കരിക്കുന്നു എന്ന് മാത്രമാണ്. "വിനാശകാലേ വിപരീത ബുദ്ധി".

Post a Comment (0)
Previous Post Next Post