ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ പുരോഗമനപരമായ സുപ്രീംകോടതി ഉത്തരവിനെതിരെ ഇസ്ലാമിസ്റ്റുകൾ തെരുവിലിറങ്ങിയപ്പോൾ.


1932-ൽ മധ്യപ്രദേശ് ഇൻഡോറിലുള്ള അതിസമ്പന്നനായ അഡ്വക്കേറ്റ് മൊഹമ്മദ് അഹമ്മദ് ഖാൻ വിവാഹിതനായി, വധുവിൻറെ പേര് "ഷാബാനു ബീഗം". 14 വർഷം കഴിഞ്ഞപ്പോൾ പ്രായം തിരെ കുറഞ്ഞ ഒരു പെണ്ണിനെ കൂടി അയാൾ നിക്കാഹ് കഴിച്ചു. അതോടെ ഷാബാനുവിൻറേയും അഞ്ചു മക്കളുടേയും കാര്യം കഷ്ടത്തിലായി. ജീവിക്കാൻ മാർഗ്ഗമില്ലാതെ ചെലവിന് കിട്ടാനായി ഷാബാനു കുടുംബ കോടതിയിൽ കേസുകൊടുത്തു, കോടതി അനുകൂലമായി വിധിച്ചു. 

ഭർത്താവ് ഹൈക്കോടതിയിൽ പോയി, അവിടെയും കോടതി ഷബാനുവിനൊപ്പം നിന്നു. പ്രതിമാസം ജീവനാംശ തുക നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനിടയിൽ മൊഹമ്മദ് അന്ന് 62 വയസ് പ്രായമുണ്ടായിരുന്ന ഷബാനുവിനെ മൊഴി ചൊല്ലി. മുസ്ലീം വ്യക്തി നിയമമനുസരിച്ച് മൊഴി ചൊല്ലപ്പെട്ട ഭാര്യയുടെ കാര്യത്തിൽ ഭർത്താവിന് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഇല്ലെന്ന് കാണിച്ച് മൊഹമ്മദ് അഹമ്മദ് ഖാൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ചീഫ് ജസ്റ്റിസ് വൈ ബി ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് കേസ് പരിഗണിച്ചു.

CR Pc 125- ന്റെ പരിരക്ഷ മുസ്ലീം സ്ത്രീകൾക്ക് ലഭിക്കുമോ എന്നതായിരുന്നു സുപ്രീംകോടതിയുടെ മുന്നിലുയർന്ന ചോദ്യം. CR Pc 125 (ക്രിമിനിൽ പ്രൊസീജിയർ കോഡിലെ സെക്ഷൻ) പ്രകാരം വിവാഹ മോചിതയാകുന്ന എല്ലാ സ്ത്രീകൾക്കും പുനർ വിവാഹം ചെയ്യുന്നത് വരെയോ സ്വന്തമായി വരുമാനമാർഗ്ഗം ഉണ്ടാകുന്നത് വരെയോ പഴയ ഭർത്താവ് ജീവനാംശം അതായത് ചെലവിന് ഒരു നിശ്ചിത തുക നൽകേണ്ടതാണ്. തുക കോടതിയാണ് നിശ്ചയിക്കുന്നത്.

CR Pc 125 എല്ലാ ഇന്ത്യക്കാർക്കും ബാധകമായ ക്രിമിനൽ നിയമം.

വിവാഹവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മുസ്ലീങ്ങൾക്ക് CR Pc 125 ബാധകമല്ലെന്നും മുസ്ലീം വ്യക്തി നിയമമനുസരിച്ച് മൊഴി ചൊല്ലിയ ഭാര്യയുടെ ഒരു കാര്യവും അന്വേഷിക്കേണ്ട ചുമതല ഭർത്താവിനില്ലെന്ന് മൊഹമ്മദ് ഖാന് സപ്പോർട്ടുമായി സുപ്രീം കോടതിയിലെത്തിയ ആൾ ഇന്ത്യ മുസ്ലീം പേഴ്സണൽ ലോ ബോര്‍ഡും വാദിച്ചു. 1985ൽ സുപ്രീംകോടതിയുടെ ചരിത്ര പ്രസിദ്ധമായ വിധി പ്രസ്താവമുണ്ടായി. 

ജാതി മത വർഗ്ഗ വർണ്ണഭേദമില്ലാതെ എല്ലാ ഇന്ത്യൻ സ്ത്രീകളും CR Pc 125- ന്റെ സംരക്ഷണ പരിധിയിൽ വരുമെന്നും ഷാബാനുവിന് ജീവനാംശത്തിന് അർഹതയും അവകാശവുമുണ്ടെന്നും കോടതി വിധിച്ചു. ഷാബാനു അപ്പോഴേക്കും എഴുപതുകാരി അമ്മൂമ്മയായി കഴിഞ്ഞിരുന്നു. ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ ഈ സുപ്രീംകോടതി ഉത്തരവിനെതിരെ മുസ്ലീം മത മൗലിക വാദികൾ തെരുവിലിറങ്ങി. മൃഗീയ ഭൂരിപക്ഷവുമായി അന്ന് രാജ്യം ഭരിച്ചിരുന്ന രാജീവ് ഗാന്ധിയും,  കോൺഗ്രസും ഇസ്ലാമിക മതമൗലിക വാദികൾക്കൊപ്പം നിന്നു. 

സുപ്രീംകോടതി വിധി ഇല്ലാതാക്കുന്നതിനായി 1986-ൽ രാജീവ് ഗാന്ധി പാർലമെൻറിൽ പുതിയ  നിയമം കൊണ്ടുവന്നു പാസ്സാക്കി. Muslim women (Protection of Rghts on Divorce )1986Act. പുതിയ നിയമ പ്രകാരം മൊഴി ചൊല്ലപ്പെട്ട മുസ്ലീം സ്ത്രീകൾക്ക് ജീവനാംശം ലഭിക്കുവാൻ അർഹതയില്ല. അതായത് CR PC 125-ന്റെ സംരക്ഷണം മുസ്ലീം സ്ത്രീക്ക് ലഭിക്കില്ല. മൊഴി ചൊല്ലപ്പെട്ട സ്ത്രീകൾ വഴിയാധാരമായി കണ്ണീരും കയ്യുമായി ജീവിക്കുകയോ, മരിക്കുകയോ എന്തുവേണമെങ്കിലും ചെയ്തോട്ടേയെന്ന്  ചുരുക്കം. 

രാജീവ് ഗാന്ധി കൊണ്ടുവന്ന മനുഷ്യത്വ വിരുദ്ധമായ ഈ കരിനിയമത്തിൽ പ്രതിഷേധിച്ച് കാബിനറ്റ്  മന്ത്രിയായിരുന്ന "ആരിഫ് മുഹമ്മദ് ഖാൻ" (കേരളാ ഗവർണർ) മന്ത്രിസഭയിൽ നിന്നും കോൺഗ്രസ് പാര്‍ട്ടിയിൽ നിന്നും രാജിവച്ചു. പുരോഗമന ശക്തികൾ രാജ്യമെമ്പാടും പ്രതിഷേധമുയർത്തി. ഇഎംഎസിൻറെ നേതൃത്വത്തിൽ സിപിഎമ്മും ശക്തമായി ശരിയ നിയമത്തിനെതിരെ രംഗത്ത് വന്നു. മുസ്ലീം പ്രീണനം നടത്തിയ കോൺഗ്രസ്സിന് എതിരെ അന്ന് ശൈശവാവസ്ഥയിൽ ആയിരുന്ന ബിജെപിയും കത്തിക്കയറി. 

പിന്നീട് ചരിത്രം.. 

1984-ൽ ലോക്സഭയിൽ വെറും രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപി ഇന്ന് 303 സീറ്റുമായി ഇന്ത്യ ഭരിക്കുന്നു. കോൺഗ്രസ് നാമാവശേഷം ആയിരിക്കുന്നു. തുല്യരായി ജീവിക്കാനുള്ള അവകാശത്തിനായി ഇന്ത്യൻ ജനാധിപത്യത്തിൻറെ മുന്നിൽ  മുസ്ലീം സ്ത്രീകൾ ഇന്നും കരഞ്ഞ് കേണപേക്ഷിക്കുന്നു. മതേതരത്വം എന്നാൽ ഇസ്ലാമിക പുരുഷ ഫാസിസത്തിന് കുടപിടിക്കലായി മാറിക്കഴിഞ്ഞിരിക്കുന്നു. മുത്തലാക്കിന് എതിരെ ശബ്ദമയുർത്തുവാൻ അവസാനം ബിജെപി തന്നെ മുന്നോട്ടു വരേണ്ടിവന്നു. "നവോത്ഥാനം" എന്നത് ഒരു രാജ്യത്തെ ജനതയ്ക്ക് ഒരുപോലെ ആയിരിക്കണം.

Post a Comment (0)
Previous Post Next Post