ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടിയതോടെ സിവിൽ കോഡ് ചർച്ച വീണ്ടും ചൂടുപിടിക്കുകയാണ്. "സിവിൽ കോഡിന്റെ കരട് വരട്ടെ" എന്ന് സമുദായ പാർട്ടിയായ മുസ്ലിം ലീഗ് പോലും പറയുമ്പോൾ സിവിൽകോഡേ പാടില്ല എന്ന അറുപിന്തിരിപ്പൻ നിലപാടാണ് പുരോഗമനവാദികൾ എന്ന് അവകാശവാദം ഉന്നയിച്ച് തെക്കു വടക്കോടുന്ന ഇടതുപക്ഷ നേതാക്കൾ സ്വീകരിക്കുന്നത്. 1985ലെ "ഷാബാനു ബീഗം കേസ്" കാലത്ത് ഏകീകൃത സിവിൽ കോഡിന് വേണ്ടി വാദിച്ച അതേ പാർട്ടി ഇന്നതിനെ മുച്ചൂടും മുടിപ്പിക്കാൻ അരയും, തലയും മുറുക്കി രംഗത്തിറങ്ങുന്ന ദുരന്ത കാഴ്ചയാണ് നാം കാണുന്നത്.
"പൗരന്മാർക്ക് ഭാരതത്തിൻറെ ഭൂപ്രദേശം ഒട്ടാകെ ഏക രൂപമായ ഒരു സിവിൽ നിയമ സംഹിത സംപ്രാപ്തമാക്കുവാൻ രാഷ്ട്രം യത്നിക്കേണ്ടതാണ്"- എന്ന് ഇന്ത്യൻ ഭരണഘടനയുടെ രാഷ്ട്ര നയത്തിന്റെ നിർദേശക തത്വങ്ങളിൽ (ഭാഗം 4) 44-മതായി പറയുന്ന കാര്യമാണ്. സിവിൽ കോഡ് ന്യൂനപക്ഷങ്ങളെ (വിശിഷ്യാ മുസ്ലീങ്ങളെ) ബാധിക്കുന്ന എന്തോ മാരക വിപത്താണെന്ന നുണ അവർ പറഞ്ഞു കൊണ്ടേയിരിക്കുന്നു. സിവിൽകോഡ് എന്നത് ഇന്ത്യയിലെ വിവിധ മതങ്ങളിലും, അനേകം ജാതികളിലും പെടുന്നവരും അല്ലാത്തവരുമായ 130 കോടി മനുഷ്യർക്കും ഒരുപോലെ ബാധകമാകുന്ന ഒന്നാണ്. 95% പൗര നിയമങ്ങളും ഏകീകരിക്കപ്പെട്ട ഇന്ത്യയിൽ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തെടുക്കൽ, കുട്ടികളുടെ പരിരക്ഷാവകാശം തുടങ്ങിയ കാര്യങ്ങൾ മാത്രമേ സിവിൽ കോഡിന് കീഴിൽ ഇനി വരാനുള്ളൂ. ഇവ മുസ്ലിങ്ങൾക്ക് മാത്രം ബാധകമായ കാര്യമേ അല്ല എന്നതാണ് വാസ്തവം.
രാഷ്ട്രീയ ലാഭം മാത്രം ലക്ഷ്യം വെച്ച് ഭീതി വ്യാപാരം അഴിച്ചുവിടുന്ന സ്ഥിരം ഏർപ്പാട് തന്നെയാണ് കമ്മ്യൂണിസ്റ്റുകളും, കോൺഗ്രസ്സും ഇക്കാര്യത്തിലും ചെയ്തു കൊണ്ടിരിക്കുന്നത്. മുത്തലാഖ് ബില്ല് വന്നപ്പോൾ അത് "ഇന്ത്യയിലെ മുസ്ലിം യുവാക്കളെ മുഴുവൻ ജയിലിൽ അടയ്ക്കാനുള്ള തന്ത്ര"മാണെന്ന് പ്രചരിപ്പിച്ചതിന്റെയും, പൗരത്വ ബില്ലിന്റെ സമയത്ത് അത് "ഇന്ത്യയിലെ മുസ്ലിങ്ങളെ മുഴുവൻ പാകിസ്ഥാനിലേക്ക് നാടുകടത്താനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്ന് പ്രചരിപ്പിച്ചതിന്റെയും തുടർച്ച തന്നെയാണ് സിവിൽ കോഡ്. ഇത് മുസ്ലിങ്ങളെ ലാക്കാക്കിയുള്ള കെണിയൊരുക്കലാണ് എന്ന കള്ള പ്രചാരണവും. പ്രീണിപ്പിച്ചും, പേടിപ്പിച്ചും, മത വൈരം കത്തിച്ചു നിർത്തിയും, വോട്ട് ബാങ്ക് ഭദ്രമാക്കാനുള്ള കുതന്ത്രത്തിലൂടെ "തുല്യനീതി" എന്നൊരു മാനവിക മൂല്യത്തെയാണ് ഇവർ എറിഞ്ഞുവീഴ്ത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
മറ്റുള്ളവർ നടപ്പിലാക്കുന്ന എന്തിനെയും സിദ്ധാന്തം ചമച്ച് കണ്ണും പൂട്ടി എതിർക്കുകയും, എന്തും തങ്ങൾ നടപ്പിലാക്കിയാൽ മാത്രമേ വിശുദ്ധമാവുകയുള്ളൂ എന്ന അന്ധവിശ്വാസം പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇടതുപക്ഷത്തിന്റെ ജനിതക സ്വഭാവമാണ്. തുല്യനീതി പൂക്കുന്ന ഒരു വ്യവസ്ഥിതിക്ക് അളള് വെച്ചവർ എന്ന് ചരിത്രത്തിൽ നിങ്ങൾ അടയാളപ്പെടുത്തപ്പെടും. കമ്പ്യൂട്ടറിലും, ട്രാക്ടറിലും, ആധാറിലും, എഡിബിയിലും, ഐഎംഎഫിലും; ഗെയിലിലും, എക്സ്പ്രസ് ഹൈവേയിലും ഒക്കെ മുമ്പ് സ്വീകരിച്ച "പോളിസി"കൾ ഇന്ന് ഇടതുപക്ഷത്തെ തിരിഞ്ഞു കുത്തുന്നത് പോലെ സിവിൽ കോഡ് പോളിസിയും നാളെ നിങ്ങളെ തിരിഞ്ഞുകുത്തും തീർച്ച. സംശയമുള്ള കമ്മ്യൂണിസ്റ്റ് അടിമകളും, ഭക്തരും കാത്തിരുന്നു കാണുക.