ഇന്ത്യൻ റെയിൽവേയുടെ സുവർണ്ണ കാലഘട്ടമാണ് ഇപ്പോൾ കടന്നുപോകുന്നത്. സംസ്ഥാനത്ത് വന്ദേഭാരത് ട്രെയിൻ വിജയകരമായി സർവ്വീസ് തുടരുന്നതിനിടെ റെയിൽവേ പുതുതായി പുറത്തിറക്കുന്ന വന്ദേമെട്രോയും കേരളത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്. ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച് റെയിൽവേ ബോർഡ് ആലോചന തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ തന്നെ റൂട്ടുകൾ ഏതൊക്കെയെന്ന് ഉറപ്പിക്കും.
ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയിൽവേയുടെ ശുപാർശ അനുസരിച്ചാകും ബോർഡ് തീരുമാനമെടുക്കുക. അടുത്തവർഷം ജനുവരിക്കു ശേഷം തിരുവനന്തപുരം മുതൽ കൊച്ചിവരെയുള്ള വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവ് നേരത്തേ വ്യക്തമാക്കിയിരുന്നു.
വന്ദേമെട്രോയ്ക്ക് ഇരുനൂറ് കിലോമീറ്റർ ദൂരപരിധിയാണ് പറയുന്നതെങ്കിലും അതിൽ ഇളവുണ്ടാകുമെന്നാണ് അറിയുന്നത്. അതുപോലെ പാസഞ്ചർ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേമെട്രോയ്ക്ക് ഉണ്ടാവുകയുമില്ല. പൂർണ്ണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകളാവും ഈ ട്രെയിനിൽ ഉണ്ടാവുക. സൗകര്യങ്ങൾ ഏറക്കുറെ വന്ദേഭാരതിന് സമാനമായിരിക്കും. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാവും വന്ദേമെട്രോ ചീറിപ്പായുക.
സംസ്ഥാനത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന റെയിൽ പാതകളുടെ വളവ് നിവർത്തലും മറ്റുമൊക്കെ നടന്നു കൊണ്ടിരിക്കുകയാണ്, അധികം വൈകാതെ തന്നെ പണി പൂർത്തിയാവും. അതിനാൽ വന്ദേമെട്രോയ്ക്ക് ഇത്രയും വേഗത്തിൽ കുതിക്കാൻ തടസ്സം ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് വന്ദേമെട്രോയ്ക്ക് ആവശ്യമായ റേക്ക് നിർമ്മിക്കുന്നത്. നവംബർ അവസാനത്തോടെയാവും ആദ്യറേക്ക് പുറത്തിറക്കുന്നത്.