ഇന്ത്യൻ പാർലമെന്റിൽ പ്രതിഷ്ഠിക്കാൻ പോകുന്ന ചെങ്കോൽ രണ്ടു കാര്യങ്ങൾ വെളിവാക്കുന്നു. പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ഒരു കപടനാട്യക്കാരൻ ആയിരുന്നു. കാരണം, താൻ ഒരു സെക്കുലറിസ്റ്റും സോഷ്യലിസ്റ്റുമാണെന്നും തനിക്ക് മതത്തിലും ദൈവത്തിലും മതപരമായ അനുഷ്ഠാനങ്ങളിലും വിശ്വാസമില്ല എന്നും അദ്ദേഹം പലവട്ടം വെളിവാക്കിയിട്ടുണ്ട്. എന്നിട്ടും ശൈവപാരമ്പര്യ പ്രകാരം ചക്രവർത്തിയായി അഭിഷേകം ചെയ്യാനുള്ള വൈദിക അനുഷ്ഠാനങ്ങൾ ആചരിക്കാൻ അദ്ദേഹത്തിന് ഒരു മടിയും ഉണ്ടായിരുന്നില്ല. 1947 ആഗസ്ററ് 14നു വൈകിട്ട് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ഹോമാദിപൂജകളിൽ ഒരു വിശ്വാസിയുടെ പകിട്ടോടെ അദ്ദേഹം പങ്കെടുത്തു.
വേദമന്ത്രങ്ങൾ ഉച്ചരിച്ചു കൊണ്ടിരുന്ന ബ്രാഹ്മണർക്കു മുന്നിൽ കുളിച്ചു തൊഴുകൈയ്യോടെ ഈറനുടുത്തുകൊണ്ടു, ഭക്തി പ്രകടിപ്പിച്ചുകൊണ്ട്, നെഹ്‌റു ഇരുന്നു. നടരാജന് നിവേദിച്ച ചോറ് അനുഷ്ടാനത്തോടെ വൈദികർ നൽകി; അത് അദ്ദേഹം ആദരവോടെ ഭക്ഷിച്ചു. ഏഴ് പുണ്യ നദികളിൽ നിന്നും ശേഖരിച്ച തീർത്ഥം ശിവാർപ്പിതമായി വേദമന്ത്രം ചൊല്ലി അവർ അദ്ദേഹത്തിന്റെ ശിരസ്സിൽ അഭിഷേകിച്ചു. അതിനുശേഷം മഞ്ഞപ്പട്ടു പുതപ്പിച്ചു. അവസാനമായി അധികാര കൈമാറ്റത്തിന്റെ സൂചകമായി ചെങ്കോലും കൈമാറി. അതോടെ ജ്യോതിഷികൾ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ നെഹ്‌റു ഭാരത ചക്രവർത്തിയായി. മതരഹിതനാണ് താനെന്ന് പരസ്യമായി അവകാശപ്പെടുന്ന ഒരാൾ ഇങ്ങനെ ചെയ്യുമ്പോൾ അതിനെ കാപട്യം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ. നന്ദിയാണ് ചെങ്കോലിലെ മതചിഹ്നം. കൈലാസത്തിന്റെ കാവൽക്കാരനായിരുന്നു ശിവന്റെ വിശ്വസ്തനായ ആ കാള.
ഈ വസ്തുത ചരിത്രത്തിൽ നിന്നും വെട്ടിമാറ്റാൻ നെഹ്‌റു ഭക്തന്മാരായ ചരിത്രകാരന്മാർ ശ്രമിച്ചു. നെഹ്രുവിന്റെ മതരഹിത ഇമേജ് കാത്തുസൂക്ഷിക്കാനായി ഈ വസ്തുതകളെ മൂടിവെക്കാൻ ചൂട്ടുപിടിച്ച ഈ ചരിത്രകാരന്മാർ അത്മവഞ്ചന നടത്തി ഒരു രാജ്യത്തെ 75 കൊല്ലം ചതിച്ചു. നെഹ്‌റു 1927 ഡിസംബറിൽ ഗാന്ധിജിക്കു എഴുതിയ കത്തിൽ താൻ മതരഹിതനാണ് തനിക്കു അഹിംസയിൽ വിശ്വാസമില്ല എന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അഹിംസയിലും സത്യത്തിലും വിശ്വസമില്ലാതിരുന്ന നെഹ്‌റു ഗാന്ധി ശിഷ്യനാണ് എന്നും അവകാശപ്പെട്ടിരുന്നു. സത്യവും അഹിംസയും മാത്രമാണ് തന്റെ ആശ്രയമെന്നും അവ തന്റെ പ്രാണവായുവാണ് എന്നും ഗാന്ധിജി ആവർത്തിച്ചു പറഞ്ഞിട്ടിട്ടുണ്ട്. അതിലൊന്നും വിശ്വാസമില്ലാത്ത ഒരാൾക്ക് എങ്ങിനെയാണ് ഗാന്ധി ശിഷ്യനാകാൻ കഴിയുക? നെഹ്രുവിനു അതും കഴിഞ്ഞിരുന്നു.
ഈ കപട യത്‌നത്തിനും ചരിത്രകാരന്മാർ ചൂട്ടു പിടിച്ചു. അനേകം തലമുറകളെ നിരന്തരം ചതിക്കുകയും തെറ്റായ ചരിത്രം പഠിപ്പിക്കുകയും ചെയ്തതിന്റെ പാപഭാരത്തിൽ നിന്നും നെഹ്രുവിനൊപ്പം ഇവർക്കും ഒഴിയാനാവില്ല. മോത്തിലാൽ കറയറ്റ കുടുംബ സ്നേഹിയായിരുന്നു. ഹാരോവിൽ മകൻ ജവഹർലാൽ പഠിച്ചുകൊണ്ടിരിക്കെ മകന് എഴുതിയ കത്തിൽ മോത്തിലാൽ പറഞ്ഞു: "നെഹ്‌റു കുടുംബത്തിന്റെ അടിത്തറ പാകിയത് ഞാനാണ് എന്ന് അതിശയോക്തി ഇല്ലാതെ ഞാൻ അവകാശപ്പെടുന്നു. ആ അടിത്തറയിൽ മനോഹരമായ സൗധം പടുത്തുയർത്താനുള്ള ഉത്തരവാദിത്വം, മകനെ, ഞാൻ നിന്നെ ഏല്പിക്കുന്നു. നിനക്ക് അതിനു കഴിയും." തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കാൻ നെഹ്രുവിനു കഴിഞ്ഞു.
ചതിയും, നുണയും, വഞ്ചനയും അതിനു സമർത്ഥമായി ഉപയുക്തമാക്കാനും നെഹ്രു മടിച്ചില്ല. അതിനു വേണ്ടി ഗാന്ധി എന്ന സമാരാദ്ധ്യമായ പേര് അടിച്ചുമാറ്റി ഉപയോഗിക്കാൻ അദ്ദേഹം തന്റെ മകൾക്കു അനുവാദം നൽകി. ഗാന്ധി നാമം കൊണ്ട് ഇത്രയേറെ ലാഭം ഉണ്ടാക്കിയ ഒരു കുടുംബവും ഇന്ത്യയിൽ വേറെയില്ല. ഗാന്ധിയിൽ വിശ്വസമില്ലാതെ ഗാന്ധി ശിഷ്യനായി ഭാവിച്ചു നെഹ്‌റു, ഗാന്ധി നാമം കട്ടെടുത്തു തന്റെ പേരിനൊപ്പം ചേർത്ത നെഹ്‌റു പുത്രി ഇന്ദിര, ഗാന്ധി എന്ത് പറഞ്ഞു എന്ന് അറിയാതെ ഗാന്ധി നാമത്തെ സ്വന്തം പേരോട് ചേർത്ത സോണിയയും രാഹുലും; ഇവരുടെയെല്ലാം ഇൻവെസ്റ്റ്മെന്റ് ഗാന്ധി എന്ന നാമം മാത്രമാണ്.
ഈ നുണയുടെയും ആയുസ്സ് 75 കൊല്ലം മാത്രമാണ്. ഈ ജാള്യത മറയ്ക്കുന്നതിനു വേണ്ടി കൂടിയാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്‌ഘാടന ചടങ്ങു ബഹിഷ്കരിക്കാൻ കോൺഗ്രസ്സ് തീരുമാനിച്ചത്. ജീവനുള്ള ശരീരത്തെ സ്പർശിക്കാതെ അവ ചത്തുചീഞ്ഞു കഴിഞ്ഞു അവയെ ആർത്തിയോടെ സമീപിക്കുന്ന ചില ജീവികൾ ഉണ്ട്. ആ വിഭാഗത്തിലാണ് ഇടതുപക്ഷവും അവരുടെ ലിബറൽ ബുദ്ധിജീവികളും ഉൾപ്പെടുന്നത്.
മഹാത്മാ ഗാന്ധിയെ പോലുള്ളവർ കോൺഗ്രസ്സിനെ നയിച്ചിരുന്ന കാലത്തു അവർ കോൺഗ്രസ്സിന് എതിരായിരുന്നു. സോണിയ ഗാന്ധി കോൺഗ്രസ്സിന്റെ തലപ്പത്തു എത്തിയപ്പോൾ അവർക്കു കോൺഗ്രസ്സ് സ്വീകാര്യമായി. അവരുടെ ബുദ്ധിജീവികൾ അവകാശപ്പെടുന്നത് അവരുടെ പരിശ്രമം കൊണ്ടാണ് കർണാടകയിൽ കോൺഗ്രസ്സ് ജയിച്ചത് എന്നാണ്. ഞാനും മുതലച്ചേട്ടനും എന്ന് പണ്ടൊരു കൊതുകു പറഞ്ഞതായി കേൾവിയുണ്ട്. അത് സത്യമാണെന്നു ഇടതുപക്ഷം തെളിയിച്ചു. 0. 06 ശതമാനം വോട്ട് വാങ്ങി സി പി എം കർണാടകയിൽ ശക്തി തെളിയിച്ചു കഴിഞ്ഞു. ഇനി വച്ചടി കയറ്റമായിരിക്കും.
ചരിത്ര വസ്തുതകളെ എന്തുകൊണ്ട് മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്തു എന്ന ചോദ്യത്തിന് കൂടി ഉത്തരം പറയാനുള്ള ബാധ്യത നെഹ്രുവിയൻ സെക്കുലർ ചരിത്രകാരന്മാർക്കുണ്ട്. കാര്യലാഭമുണ്ടാകുമെങ്കിൽ കള്ളം പറയാനും കാപട്യം കാണിക്കാനും പൊതുജീവിതത്തിലുള്ളവർ മടിക്കേണ്ടതില്ല എന്ന സന്ദേശം നൽകിയവരിൽ പ്രമുഖനാണ് നെഹ്‌റു. ബുദ്ധിയും വിവരവും ഉള്ളവരെ ശത്രുവായി കാണാൻ നെഹ്‌റു ഒരിക്കലും മടിച്ചിട്ടില്ല. സുഭാഷ് ചന്ദ്രബോസ്, രാജേന്ദ്രപ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, സവർക്കർ, കെ. എം. മുൻഷി, അംബേദ്‌കർ ഇങ്ങനെ നീളുന്നു നെഹ്‌റു ശത്രുവായി കരുതിയവരുടെ പട്ടിക. അഭിപ്രായ സ്വാതന്ത്രത്തിന്റെ വക്താവായി അവതരിച്ച നെഹ്‌റു തനിക്കു ഇഷ്ടമില്ലാത്ത പുസ്തകങ്ങളെ നിരോധിക്കാൻ ഒട്ടും മടിച്ചില്ല. ജനാധിപത്യവാദി എന്ന ഖ്യാതി നിലനിർത്തിക്കൊണ്ടു ജനാധിപത്യത്തിന് വിരുദ്ധമായ കുടുംബാധിപത്യം നെഹ്‌റു സ്ഥാപിച്ചു. മതരഹിതൻ എന്ന ഇമേജ് നിലനിർത്തിക്കൊണ്ടു മതത്തെ ലാഭകരമായി ഉപയോഗിച്ച് നേട്ടം കൊയ്തു. ഇനിയും സത്യം വെളിച്ചത്തുവരും. കാത്തിരിക്കുക.