മലപ്പുറത്തിനും, പാലക്കാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പന്നിയൂർ വരാഹമൂർത്തി ക്ഷേത്രം വളരെ പുരാതനമായ ക്ഷേത്രം ആണ്. പെരുന്തച്ചൻ ആണ് ഈ അമ്പലത്തിന്റെ പണി ചെയ്തിരിക്കുന്നത് അദ്ദേഹം പണി പൂർത്തീകരിക്കാത്ത അമ്പലം കൂടിയാണിത്. അദ്ദേഹം ഉപയോഗിച്ചിരുന്ന ഉളിയും, മുഴക്കോലും അവിടെ ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
ഐതിഹ്യങ്ങൾ:
പാലക്കാട് ജില്ലയിലെ ആനക്കരയ്ക്കടുത്താണ് പന്നിയൂർ വരാഹ മൂർത്തി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഭൂമി ദേവി സമേതനായ വരാഹ മൂർത്തിയാണ്. മലയാഴ ഉത്ഗ്രത്ഥനത്തിന് ശേഷം ധ്യാനനിരതനായ പരശുരാമന് വിഷ്ണു ദർശനം നൽകി. ഭഗവാന്റെ നിർദ്ദേശ പ്രകാരം വരാഹ മൂർത്തിയെ കേരള ഭൂമിയുടെ മദ്ധ്യത്ത് പ്രതിഷ്ഠിക്കുകയും ഭൂമിയുടെ രക്ഷാധികാരിയായി നിയമിക്കുകയും ചെയ്തു. ഈ ഐതീഹ്യ പ്രകാരം പുരാതന കേരളത്തിന്റെ മദ്ധ്യത്തിലാണ് പന്നിയൂർ. കന്യാകുമാരി മുതൽ ഗോകർണം വരെയാണ് പൗരാണിക കേരളം എന്നുള്ളതനുസരിച്ച് ഇത് ഏറെ കുറെ ശരിയാവുന്നു.
ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മറ്റൊരു പ്രധാന ഐതീഹ്യത്തിൽ പെരുന്തച്ചനുണ്ട്. ക്ഷേത്ര പുനർ നിർമ്മാണം നടക്കുന്ന കാലത്ത് അവശനായൊരു വൃദ്ധൻ അവിടെ എത്തി ആശാരിമാരോട് കണക്കിൽ തെറ്റുണ്ട് എന്ന് പറഞ്ഞു. ഇത് കേട്ട് ദേഷ്യം വന്ന ആശാരിമാർ വൃദ്ധനെ ആട്ടിയകറ്റി. തച്ചു കൂടത്തിന്റെ നിർമ്മാണം കഴിഞ്ഞ് കഴുകോലുകൾ ഒന്നും ഉത്തരത്തിൽ നിൽക്കുന്നില്ല, ആകെ ബഹളമായി. ആ രാത്രി കടന്ന് പോയി, പിറ്റേന്ന് ആശാരിമാർ വന്നപ്പോൾ കഴുകോലുകളിൽ മുറിക്കാൻ വേണ്ടി വരയ്ക്കുന്ന രീതിയിൽ പുതിയ അടയാളങ്ങൾ. തർക്കങ്ങൾക്ക് ഒടുവിൽ പുതിയ വരകൾ അനുസരിച്ച് മുറിച്ചു നോക്കാമെന്നായി അഭിപ്രായം. അങ്ങിനെ ചെയ്തപ്പോഴോ, തച്ചു കൂടം കൃത്യ അളവിൽ യോജിക്കുന്നു, എങ്കിലും കൂടം ഉറപ്പിക്കാൻ ആശാരിമാർക്ക് പേടി. അപ്പോൾ വൃദ്ധൻ വന്ന് മുകളിൽ കയറി കൊട്ട് വടി കൊണ്ട് ഒറ്റടിയ്ക്ക് കൂടം ഉറപ്പിച്ചു.
ആ വൃദ്ധൻ മകന്റെ ദാരുണമായ മരണത്തിന് ശേഷം വീടുകളിൽ അന്തി ഉറങ്ങാതെ ദേശാടനം ചെയ്യുന്ന തച്ചനാണെന്ന് അവർക്ക് മനസ്സിലാവുകയും ക്ഷമ യാചിക്കുകയും ചെയ്തു. ഇതോട് കൂടി തന്റെ ഉളിയും, മുഴക്കോലും അവിടെ ഉപേക്ഷിച്ചു ജന്മ ശാപം അലഞ്ഞു തീർക്കുന്നതിനായി അദ്ദേഹം അവിടെ നിന്നും പോയി, പിന്നെ കഥകളിൽ ഒന്നും പെരുന്തച്ചനെ കുറിച്ച് കേട്ടിട്ടില്ല. മകന്റെ ദാരുണമായ മരണത്തിന് ശേഷം അലഞ്ഞു തിരിഞ്ഞു നടന്ന പെരുന്തച്ചൻ പ്രതിഷ്ഠിച്ചതാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. പെരുന്തച്ചൻ ഉളി നിക്ഷേപിച്ച മറ്റൊരു ക്ഷേതമാണ് ഗുരുവായൂരിനടുത്തുള്ള അരിയന്നൂർ (ഹരികന്യകയൂർ) മോഹിനി ക്ഷേത്രം.