ഡിസംബറിൽ വരാൻ പോകുന്നത് പ്രധാനമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരമുള്ളത്. കേരളത്തിന് അതിവേഗ വന്ദേഭാരത് ട്രെയിൻ അനുവദിച്ചതിന് പിന്നാലെ ഒരു വന്ദേ ഭാരതിൽ ഒതുങ്ങുന്നില്ല തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായും വികസിപ്പിക്കാൻ 156 കോടി രൂപയുടെ പദ്ധതിയുമായി റെയിൽവേ.
തിരുവനന്തപുരത്തിന്റെ റെയിൽവേ വികസനത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ നൽകിയ നിർദേശം മാനിച്ചാണ് പദ്ധതിയെന്ന് റെയിൽവേ മന്ത്രാലത്തിൽ നടന്ന പത്രസമ്മേളനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ് അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ 495 കോടി രൂപ ചെലവിൽ ലോക നിലവാരത്തിലാക്കാനും ശിവഗിരി തീർത്ഥാടനം കണക്കിലെടുത്ത് വർക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ വികസനം നടപ്പാക്കാനും നേരത്തേ പ്രഖ്യാപിച്ച പദ്ധതികൾ തുടരും.
ധാരാളം ഉപനഗരങ്ങളുള്ള തിരുവനന്തപുരം നഗരത്തിന് ചുറ്റും മികച്ച യാത്രാ സൗകര്യം ഒരുക്കലാണ് ലക്ഷ്യം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്കു കുറയ്‌ക്കുന്നതിനൊപ്പം നഗരപ്രാന്ത മേഖലകൾക്ക് പ്രയോജനപ്പെടും വിധമാവും കൊച്ചുവേളിയും നേമവും ഉപ ടെർമിനലുകളായി വികസിപ്പിക്കുക. തിരുവനന്തപുരം സെൻട്രൽ ഒന്നാം സ്റ്റേഷനാക്കിയും കൊച്ചുവേളിയും നേമവും രണ്ടും മൂന്നും സ്റ്റേഷനുകളാക്കിയും ആധുനികമായി നാമകരണം ചെയ്യും. ട്രെയിനുകൾ മൂന്ന് ടെർമിനലുകളിലായി പുനഃക്രമീകരിക്കും. കോഴിക്കോട് സ്റ്റേഷനിൽ 350 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കും.
വന്ദേഭാരത് കാസർകോട് വരെ, ഭാവിയിൽ 160 കി.മീ വേഗത.
♢ തിരുവനന്തപുരത്തുനിന്നു കണ്ണൂരിലേക്കുള്ള വന്ദേഭാരത് കാസർകോട്ടേക്ക് നീട്ടി.
♢ സമീപ ഭാവിയിൽ തിരുവനന്തപുരത്തും കാസർകോട്ടും നിന്ന് ഒരേസമയം വന്ദേഭാരത് ട്രെയിനുകൾ പുറപ്പെടും.
♢ 160 കിലോമീറ്റർ വേഗതയ്ക്ക് കേരളത്തിലെ പാത പരിഷ്‌കരിക്കും.
♢ നിലവിൽ 70-80 കിലോമീറ്റർ. മൂന്നു ഘട്ടമായി 160 കിലോമീറ്ററാക്കും.
♢ ആദ്യഘട്ടം- ഒന്നര വർഷത്തിനകം തിരുവനന്തപുരം- കാസർകോട് 110 കിലോമീറ്റർ വേഗത കിട്ടാൻ പാത നവീകരിക്കും. ഇതിന് 381 കോടി.
♢ പുതിയ പാളങ്ങൾ സ്ഥാപിക്കും. സ്ളീപ്പറുകൾ മാറ്റും.
♢ രണ്ടാം ഘട്ടം: 3-5 വർഷത്തിനകം 130 കിലോമീറ്റർ വേഗത. വളവുകൾ നികത്താൻ ഭൂമി ഏറ്റെടുക്കും.
♢ മൂന്നാം ഘട്ടം: 160കിലോമീറ്റർ വേഗതയ്‌ക്ക് പാത നവീകരിക്കും. ഇതിനുള്ള രൂപരേഖ 7-8 മാസത്തിനകം.
♢ രാജ്യത്ത് നിലവിൽ വേഗത 130 കിലോമീറ്റർ.
♢ 160 കിലോമീറ്റർ വേഗതയ്‌ക്ക് സങ്കീർണമായ സാങ്കേതിക വിദ്യകൾ.
♢ എറണാകുളം-കായംകുളം പാത ആധുനിക വൽക്കരണം നടക്കുന്നു.
♢ ഡബിൾ സിഗ്‌നൽ:എൻജിൻ ഡ്രൈവർക്ക് ദൂരെ നിന്ന് കാണാവുന്ന ആധുനിക ഓട്ടോമാറ്റിക്, കവച് സിഗ്‌നൽ നടപ്പാക്കും.
♢ സ്ലീപ്പർ വന്ദേഭാരത് ഡിസംബറിൽരാജ്യത്ത് ഇപ്പോൾ ഇരുന്ന് യാത്ര ചെയ്യാനുള്ള വന്ദേഭാരത് ട്രെയിനുകളാണ്. 500 - 600 കിലോമീറ്ററാണ് ഓടുന്നത്.
♢ 500 കിലോമീറ്ററിൽ കൂടുതൽ ഓടുന്ന സ്ളീപ്പർ വന്ദേഭാരത് ഡിസംബർ-ജനുവരിയിൽ തുടർന്ന് ആഴ്‌ചയിൽ ഒരു ട്രെയിൻ വീതം ഇറങ്ങും.
♢ 50-150 കിലോമീറ്റർ ചുറ്റളവിൽ നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേമെട്രോ ട്രെയിനുകളും ഡിസംബറിൽ.
♢ പാത വൈദ്യുതീകരിച്ച സംസ്ഥാനങ്ങളിൽ മേയിൽ വന്ദേഭാരത് കേരളത്തിലെ റെയിൽ പാതകൾ വികസിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചതു പ്രകാരമാണ് നടപടികൾ.
- അശ്വനി വൈഷ്‌ണവ്, റെയിൽവേ മന്ത്രി