1921-ൽ മതഭ്രാന്ത് തലക്കുപിടിച്ച് ഒരുകൂട്ടം തറവാട് വളഞ്ഞപ്പോൾ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി; 1921 -ലെ വംശഹത്യയിൽ കുഞ്ഞു മനസ്സിൽ പതിഞ്ഞ ഭീതി. അമ്മൂമ്മയുടെ വാക്കുകളിൽ ഉണ്ടായിരുന്നു; ആ ആറു വയസുകാരിയാണ് സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ
1921-ൽ മലബാറിൽ നടന്ന ഹിന്ദു വംശഹത്യയിൽ കൊല്ലപ്പെട്ട അറിയപ്പെടാത്ത നൂറുകണക്കിന് നിസ്സഹായരുടെ ജീവിതമാണ് പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിലൂടെ സംവിധായകൻ രാമസിംഹൻ പൊതുസമൂഹത്തിന് മുന്നിലേയ്‌ക്ക് എത്തിച്ചത്. സിനിമയെ പരാജയപ്പെടുത്താൻ പല കോണുകളിൽ നിന്നും ശ്രമം നടന്നിരുന്നുവെങ്കിലും സിനിമ പ്രദർശനത്തിനെത്തിയ സെന്ററുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
ഈ ചലച്ചിത്ര വിജയത്തിന്റെ രണ്ടാം വാരത്തിലേയ്‌ക്ക് കടക്കുമ്പോൾ സിനിമയുടെ പ്രസക്തി ചൂണ്ടിക്കാട്ടി നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തു വരുന്നത്. സിനിമ ചർച്ചയായതോടെ പ്രസിദ്ധ നർത്തകി സ്മിതാ രാജന്റെ ഒരു ഫേയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 1921-ലെ കലാപത്തെപ്പറ്റി സൂചിപ്പിക്കുന്ന ഫേയ്സ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത് 2021 ആഗസ്റ്റ് 30-നാണ്. കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും കൊച്ചു മകളാണ് പ്രസിദ്ധ നർത്തകി സ്മിതാ രാജൻ.
‘1921 കലാപ ഭൂമിയിൽ നിന്നും രക്ഷപ്പെട്ട് പ്രാണരക്ഷാർത്ഥം പറിച്ചുനട്ടപ്പെട്ട ഒരു ബാല്യം. കരിങ്ങമണ്ണ തറവാട്ടിലെ നിർമ്മലമായ ബാല്യകാലം, അവിചാരിതമായി ആ തറവാട്ടു മുറ്റത്ത് മതഭ്രാന്ത് തലക്കുപിടിച്ച ഒരുകൂട്ടം വളഞ്ഞപ്പോൾ, രാത്രിയുടെ മറവിൽ ആരുടേയോ തണലിൽ വീടിന്റെ പിന്നാമ്പുറത്തെ പടർപ്പിലൂടെ ഓടി രക്ഷപ്പെട്ട ഒരു ആറു വയസുകാരി.
ഉമ്മറപ്പടിയിൽ ഭിഷണിയുടെ സ്വരം നിറഞ്ഞപ്പോൾ അപകടം മനസ്സിലാക്കിയ കാരണവർ. സ്ത്രീകളെയും കുഞ്ഞുങ്ങളേയും വീടിന്റെ പുറം വാതിൽ വഴി കാട്ടിലേയ്‌ക്ക് ഓടി രക്ഷപ്പെടുവാൻ തരപ്പെടുത്തി. ഭീകരത താണ്ഡവമാടിയ ആ രാത്രിയിൽ പ്രാണരക്ഷാർത്ഥം ഇരുളിന്റെ മറവിൽ നദി കടന്ന് ആ മനുഷ്യക്കൂട്ടം സ്വന്തം മണ്ണും തറവാടും വിട്ട് ഓടി രക്ഷപെട്ടു. അത് സാധ്യമാകാത്ത അനേകം ഹതഭാഗ്യർ നിഷ്ക്കരുണം കൊല്ലപ്പെട്ടു’.
‘പ്രാണരക്ഷാർത്ഥം സ്വന്തം തറവാട് ഉപേക്ഷിച്ചു മറ്റൊരു ദിക്കിലേക്ക് ഓടി രക്ഷപെട്ട കരിങ്ങമണ്ണ തറവാട്ടിലെ ആ ആറു വയസുകാരിയാണ് കേരളത്തിന്റെ സാംസ്ക്കാരിക നായികയായി മാറിയ സാക്ഷാൽ കലാമണ്ഡലം കല്ല്യാണിക്കുട്ടിയമ്മ. ആ കുഞ്ഞു മനസ്സിൻ പതിഞ്ഞ ഭീതി അമ്മമ്മയുടെ വാക്കുകളിലൂടെ എന്നിൽ പകർന്നിട്ടുണ്ട്.
വർഷങ്ങൾക്കു ശേഷം, അമ്മമ്മ പറഞ്ഞു തന്ന ആ തറവാടിന്റെ ഉൾ മുറികളും വരാന്തകളും ചാരുപാടികളും ഒരു നോക്ക് കാണാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. അമ്മമ്മ തന്നെ ആ തറവാട്ടു മുറ്റത്തു വരെ എത്തി, അന്നവിടെ താമസിച്ചിരുന്ന മുസ്ലിം കുടുംബാംഗങ്ങളോട് അഭ്യർത്ഥിച്ച് കൊച്ചു മകൾക്കായി ആ അവസരം ഒരുക്കി തന്നു’.
'ഒരു കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ഉള്ളിലൊതുക്കി അമ്മമ്മ പുറത്തു നിൽക്കുന്നത് ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്ന് പറഞ്ഞ് വ്യാഖ്യനിക്കാനും വെള്ളപൂശാനും ശ്രമിക്കുന്ന നവ ചരിത്രകാരന്മാരും, ബുദ്ധിജീവികളും, നാട് വാഴികളും. അന്നത്തെ ഭീകരതയുടെ ഇരകളുടെ ഒരു പിൻതലമുറ ഇവിടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറക്കരുത്.
ഇവർ കഷ്ടപ്പെട്ട് പ്രകടിപ്പിക്കുന്ന സവിശേഷ ബുദ്ധിയല്ല വെറും സാമാന്യബുദ്ധി മാത്രം മതി സത്യം മനസ്സിലാക്കുവാൻ. സത്യസന്ധമായ ചരിത്ര പഠനം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാൻ വരും തലമുറയ്‌ക്ക് വഴികാട്ടിയാവട്ടെ’ എന്നായിരുന്നു സ്മിതാ രാജന്റെ ഫേയ്സ്ബുക്ക് കുറിപ്പ്.