"നിങ്ങളാണോ അച്ഛൻ, നിങ്ങളാണോ ഞങ്ങളുടെ അച്ഛൻ, നിങ്ങളെയാണോ ഞാൻ അച്ഛാ എന്ന് വിളിച്ചത്, സ്നേഹിച്ചത് മാനിച്ചത് ആരാധിച്ചത്". ചെങ്കോൽ സിനിമയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് സേതുമാധവൻ അച്യുതൻ നായരോട് ചോദിച്ചത്. (അണികളായ സ്ത്രീകൾക്ക് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടും ഒരുപക്ഷേ ഇതുതന്നെയാവും ചോദിക്കാനുള്ളത്). അവസാനം "മകനെ അഭിമുഖീകരിക്കാൻ ആവാതെ അച്യുതൻ നായർ ആത്മഹത്യ ചെയ്തു." ആധുനികതയെ തള്ളിപ്പറഞ്ഞ് പ്രാകൃത വാറോലകളെ പുണരുന്നവർക്ക് മുന്നിലുള്ളത് പൊളിറ്റിക്കൽ സൂയിസൈഡ് മാത്രമാണ്.
മുസ്ലീം പെൺകുട്ടികൾക്ക് ഒരു കാരണവശാലും തുല്യാവകാശങ്ങൾ നൽകാൻ പാടില്ലായെന്ന് ഘോരഘോരം വാദിക്കുന്ന ഇസ്ലാമിക പ്രാകൃതന്മാരെ വിളിച്ചു കൂട്ടി 'സെമിനാർ' സംഘടിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. സമസ്തയുടെയും, കാന്തപുരത്തിന്റെ മത സമ്മേളനങ്ങളിൽ എന്ന പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിച്ച പുരുഷാധിപത്യ സംരക്ഷണവേദിയിൽ ഒരു സ്ത്രീ പോലുമില്ലായിരുന്നു. ഒരു പെണ്ണിനെയും പ്രസംഗിക്കാനും അനുവദിച്ചില്ല.
സമത്വം എന്ന ഒരു ആശയം പുരുഷന്മാർക്ക് മാത്രമുള്ളതാണെന്ന് ശഠിക്കുന്ന താലിബാൻ താടികൾക്കൊപ്പം കൂടി തുല്യരായി ജീവിക്കാനുള്ള പെണ്ണവകാശത്തെ ഒറ്റിക്കൊടുക്കുന്ന ഒരു പാർട്ടിയായി സിപിഎം മാറി. പഴയകാലത്തെ പുരോഗമന പ്രസ്ഥാനമെന്ന് പറഞ്ഞാണ് പാവപ്പെട്ട ജനങ്ങളെ ഇപ്പോഴും വിശ്വസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഈ പാർട്ടിയെ ആണല്ലോ അവർ സ്നേഹിച്ചതും, മാനിച്ചതും, ആരാധിച്ചതും. ഇപ്പോഴും ഇടതുപക്ഷത്തിന് മാത്രം വോട്ട് ചെയ്തിട്ടുള്ളവർക്ക് ഇന്നത്തെ നിലപാടിനെ കുറച്ച് ഓർക്കുമ്പോൾ ഉള്ളിൽ ലജ്ജയും, നിരാശയും നിറയുന്നുണ്ടാവും.
മാർക്സിസത്തിന്റെ കടുത്ത ആരാധകർ ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീരുമാനത്തെ അന്ന് ആവേശപൂർവ്വമാണ് പിന്തുണച്ചത്. എന്നാൽ പെണ്ണിന് കുടുംബസ്വത്തിൽ തുല്യാവകാശം നിഷേധിക്കുന്ന, പെണ്ണിന് കോടതി വഴി വിവാഹമോചനം പാടില്ലെന്ന് ശഠിക്കുന്ന, ബഹുഭാര്യത്വം അനുവദിക്കുന്ന മനുഷ്യ വിരുദ്ധമായ മുസ്ലീം വ്യക്തി നിയമത്തെ പിന്തുണയ്ക്കുകയും അവർക്കായി തെരുവിലിറങ്ങുകയും ചെയ്യുന്ന കമ്മ്യൂണിസ്റ്റുകളുടെ ഇരട്ടത്താപ്പ് ജനം തിരിച്ചറിയപ്പെടുക തന്നെ ചെയ്യും.
അധഃസ്ഥിതരുടെയും, അവശരുടെയും പ്രസ്ഥാനമാണെന്ന് പറഞ്ഞു വിശ്വാസിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിന്തുണയ്ക്കുന്നച്ചവരെ, പാർട്ടി കാർഡോ, സ്ഥാനമോ, പദവിയോ ഒന്നുമില്ലാത്ത പുരോഗമന മനസ്സുള്ള ഒത്തിരി മനുഷ്യർ ഇന്ന് കേരളത്തിലുണ്ട്. അവരുടെയൊക്കെ വിശ്വാസത്തെ ഒറ്റിക്കൊടുത്ത് പുരുഷ കൂടാരങ്ങളിൽ ചേക്കേറി പെണ്ണിനെ പൂട്ടാൻ ചങ്ങല പണിയുന്നവരെ കാലം തള്ളിക്കളയുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. സ്വാതന്ത്ര്യത്തിനും തുല്യനീതിക്കും വേണ്ടിയുള്ള മനുഷ്യന്റെ ത്വരയെ ഒരു അധമശക്തിക്കും തടഞ്ഞു നിർത്താനാവില്ല.