സത്യങ്ങൾ വിളിച്ചു പറയുന്നതിനാണ് തന്നെ ആക്രമിക്കുന്നതെന്ന് നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. ജനാധിപത്യം മരിച്ചുവെന്നും രാജ്യം സ്വേച്ഛാധിപത്യത്തിൻ കീഴിലാണെന്നും രാഹുൽ ആരോപിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോൺഗ്രസ് നേതാക്കൾക്കെതിരെ അന്വേഷണം രൂക്ഷമാക്കിയതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രതികരണം.
ജനാധിപത്യത്തിന്റെ മരണത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് പണിതുയർത്തപ്പെട്ട ഇന്ത്യ ഇപ്പോൾ നമ്മുടെ കൺമുന്നിൽ ഇല്ലാതായി കൊണ്ടിരിക്കുകയാണ്. സ്വേച്ഛാധിപത്യത്തിന് എതിരെ നിലകൊള്ളുന്ന ഏതൊരാളെയും ക്രൂരമായി ആക്രമിച്ച് അറസ്റ്റുചെയ്യുകയും, ജയിലിലടക്കുകയും മർദ്ദിക്കുകയും ചെയ്യുന്നുവെന്ന് രാഹുൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെ വായടപ്പിക്കാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുക ആണെന്ന് രാഹുൽ ആരോപിക്കുന്നു.
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഹെറാൾഡ് ഹൗസിലുള്ള യംഗ് ഇന്ത്യൻ കമ്പനിയുടെ ഓഫീസ് ഇഡി താൽകാലികമായി സീൽ ചെയ്ത് പൂട്ടിയതിന് പിന്നാലെയാണ് രാഹുലിന്റെ പരാമർശം. കേന്ദ്രസർക്കാരിനെതിരെ വിമർശനമുന്നയിച്ച രാഹുലിന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ കോൺഗ്രസ് നേതാവിന് മറുപടിയുമായി മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. കോൺഗ്രസ് നേതാവിന്റെ പാർട്ടിയിൽ എന്തെങ്കിലും ജനാധിപത്യം ഇനി അവശേഷിക്കുന്നുണ്ടോ എന്നായിരുന്നു മുതിർന്ന ബിജെപി നേതാവിന്റെ ചോദ്യം.
രാഹുൽ ഗാന്ധി പാർലമെന്റിൽ ചർച്ചയ്‌ക്ക് വരുന്നില്ല. വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകൾക്കും ചോദ്യങ്ങൾക്കും ഇരുസഭകളിലും ധനമന്ത്രി നിർമ്മല സീതാരാമൻ കൃത്യമായ മറുപടി നൽകി. മറ്റ് ലോക രാജ്യങ്ങളേക്കാൾ ഇന്ത്യ എത്രമാത്രം മികച്ച രീതിയിൽ പണപ്പെരുപ്പത്തെ കൈകാര്യം ചെയ്യുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കിയതാണ്. ഇതെല്ലാമറിഞ്ഞിട്ടും രാഹുൽ കള്ളം പറഞ്ഞു. സഭയിലെ ചർച്ചകളിൽ നിന്നും കോൺഗ്രസ് ഒളിച്ചോടി. ഇപ്പോൾ അരങ്ങേറുന്ന പ്രതിഷേധം ഒരു ഒഴിവുകഴിവ് കാണിക്കലാണ്. സ്വന്തം കുടുംബത്തെ ഇഡിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള പരിശ്രമങ്ങൾ മാത്രമാണ്. ബിജെപി സർക്കാർ അധികാരത്തിൽ എത്തുന്നതിന് മുമ്പ് തന്നെ നാഷണൽ ഹെറാൾഡ് കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതാണ്. എന്തുകൊണ്ടാണ് രാഹുൽ ജാമ്യത്തിലിറങ്ങിയത്? ഏത് കേസിനാണ് ജാമ്യം ലഭിച്ചതെന്നും പൊതുസമൂഹത്തോട് വിളിച്ചുപറയാൻ രാഹുൽ തയ്യാറാകണമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
