ഭാരതത്തിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നു; ഓഗസ്റ്റ് 24ന്‌ ഹരിയാനയിലെ അമൃത ആശുപത്രി രാജ്യത്തിന് സമര്‍പ്പിക്കും.


അമൃതാനന്ദമയി മഠം ഹരിയാനയിലെ ഫരീദാബാദില്‍ ആരംഭിക്കുന്ന അമൃത ആശുപത്രിയുടെ ഉദ്ഘാടനം ഓഗസ്റ്റ് 24ന്.  പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രി രാജ്യത്തിന് സമര്‍പ്പിക്കും. മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിലാകും ഉദ്ഘാടന ചടങ്ങ്. ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്തത്രേയ, മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.  ഒരു കോടി ചതുരശ്ര അടി വിസ്തീര്‍ണവും 2,400 കിടക്കകളുമുള്ള ആശുപത്രി ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ്. കൊച്ചിയിലെ അമൃത ആശുപത്രി 25 വര്‍ഷം പിന്നിടുന്ന വേളയിലാണ് ഫരീദാബാദില്‍ അമൃത ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഫരീദാബാദിലെ സെക്ടര്‍ 88ലാണ് 14 നിലകളുള്ള ടവര്‍ ഉള്‍പ്പെടെയുള്ള ആശുപത്രി സമുച്ചയം സ്ഥിതി ചെയ്യുന്നത്.

ഓങ്കോളജി, കാര്‍ഡിയാക് സയന്‍സസ്, ന്യൂറോ സയന്‍സസ്, ഗ്യാസ്‌ട്രോ സയന്‍സസ്, റിനല്‍ സയന്‍സസ്, ബോണ്‍ ഡിസീസ് ആന്‍ഡ് ട്രോമ, ട്രാന്‍സ്പ്ലാന്റ്‌സ്,  മാതൃശിശു വിഭാഗം  തുടങ്ങി എട്ട് മികവിന്റെ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 81 സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ ആശുപത്രിയിലുണ്ട്. 500 കിടക്കകളുമായാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ 750 കിടക്കകളും അഞ്ച് വര്‍ഷത്തിനുള്ളില്‍ 1000 കിടക്കകളും സജ്ജമാക്കും. ആശുപത്രി പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ എണ്ണൂറിലധികം ഡോക്ടര്‍മാരുള്‍പ്പെടെ പതിനായിരത്തിലധികം ജീവനക്കാരുണ്ടാകും.

ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സജ്ജീകരണങ്ങളും സൗകര്യങ്ങളുമാണ് അമൃത ആശുപത്രിയില്‍ ഒരുക്കുന്നതെന്ന് ദല്‍ഹി മാതാ അമൃതാനന്ദമയി മഠം മഠാധിപതി സ്വാമി നിജാമൃതാനന്ദപുരി വ്യക്തമാക്കിയിരുന്നു.64 മോഡുലാര്‍ ഓപ്പറേഷന്‍ തിയേറ്ററുകള്‍, അത്യാധുനിക ഇമേജിംഗ് സേവനങ്ങള്‍, പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ റോബോട്ടിക് ലബോറട്ടറി, ഏറ്റവുമധികം കൃത്യത ഉറപ്പുതരുന്ന റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അത്യാധുനിക സജ്ജീകരണങ്ങളോട് കൂടിയ ഒന്‍പത് കാര്‍ഡിയാക്, ഇന്റര്‍വെന്‍ഷണല്‍ കാത്ത് ലാബ് എന്നിവ ഇവിടെയുണ്ട്.

അത്യാധുനിക മെഡിക്കല്‍ ഗവേഷണത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതിനായി ഏഴ് നിലകളിലായി മൂന്ന് ലക്ഷം ചതുരശ്രഅടി വിസ്തീര്‍ണ്ണത്തിലാണ് റിസര്‍ച്ച് ബ്ലോക്ക് സജ്ജമാക്കുന്നത്. പകര്‍ച്ചവ്യാധികള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും മികച്ച സൗകര്യം ആശുപത്രിയില്‍ സജ്ജമാക്കും. മാതൃശിശു വിഭാഗത്തിനായി 1.5 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള ഒരുനിലയാണ് മാറ്റിവെച്ചിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ പീഡിയാട്രിക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി സെന്റര്‍ എന്ന ബഹുമതിയും ആശുപത്രിക്ക് സ്വന്തമാകും. രാജ്യത്തെ ഏറ്റവും വലിയ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ കൂടിയാകും ഈ ആശുപത്രി.

Post a Comment (0)
Previous Post Next Post