രക്ഷാബന്ധനോട് അനുബന്ധിച്ച് സ്ത്രീകള്‍ക്ക് സമ്മാനവുമായി യോഗി സര്‍ക്കാര്‍. രണ്ടു ദിവസം സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് പ്രഖ്യാപിച്ചത്.


രക്ഷാബന്ധനോട് അനുബന്ധിച്ച് യുപിയിലെ സ്ത്രീകള്‍ക്ക് സ്നേഹ സമ്മാനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. രണ്ടു ദിവസം സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 10 അര്‍ദ്ധരാത്രി മുതല്‍ ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി വരെയാണ് സൗജന്യമായി യാത്ര ഒരുക്കിയിരിക്കുന്നത്. രക്ഷാബന്ധന്‍ അടുത്തിരിക്കുന്ന വേളയില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് മുഖ്യമന്ത്രി യോഗിയുടെ സമ്മാനമെന്ന നിലയ്ക്കാണ് പ്രഖ്യാപനം. രക്ഷാബന്ധന്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സ്ത്രീകളുടെയും സുരക്ഷിത യാത്രയ്ക്കായി ഉത്തര്‍പ്രദേശ് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി യോഗി ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും എല്ലായ്‌പ്പോഴും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാണമെന്നും നേരത്തെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അഭ്യര്‍ത്ഥിച്ചിരുന്നു. സഹോദരീ സഹോദരന്മാര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും ആദരവിന്റെയും ആഴത്തിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് രക്ഷാബന്ധനെന്ന് നായിഡു പറഞ്ഞു. ഈ ശുഭദിനത്തില്‍, സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും അവര്‍ക്ക് എല്ലായ്‌പ്പോഴും സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാനും നമുക്ക് പ്രതിജ്ഞാ ബദ്ധരാകാമെന്നും നായിഡു ട്വീറ്റ് ചെയ്തു.

Post a Comment (0)
Previous Post Next Post