വീണ്ടും ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന; മകളുടെ ബിസിനസ് സ്മൂത്തായി നടക്കണം; ഇതിന് ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണ്ണം കൊടുക്കണമെന്ന് മുഖ്യമന്ത്രി.


മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും നേരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വപ്‌ന സുരേഷ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനത്തിനിടെ പ്രോട്ടോകോൾ ലംഘനമുണ്ടായെന്ന് സ്വപ്‌ന ആവർത്തിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ, ഷാർജ ഭരണാധികാരിയുടെ യാത്രാറൂട്ടിനെ താൻ മാറ്റി. മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ഇത് ചെയ്തത്. ഇതിന് വേണ്ടി ഭരണാധികാരിയുടെ മുൻകൂട്ടി നിശ്ചയിച്ചിരുന്ന പരിപാടി മാറ്റിവെച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ഷാർജ ഭരണാധികാരിയെ എത്തിച്ചു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് വേണ്ടിയായിരുന്നു ഈ കൂടിക്കാഴ്ചയെന്നും സ്വപ്‌ന ആവർത്തിച്ചു. ഇക്കാര്യങ്ങളെല്ലാം താൻ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ശിവശങ്കർ നൽകിയ നിർദേശം അനുസരിച്ചായിരുന്നുവെന്നും സ്വപ്‌ന വ്യക്തമാക്കി.

ഡീലിറ്റ് അവാർഡ് സ്വീകരിക്കുന്നതിനായി എത്തിയ ഷാർജ ഭരണാധികാരിയുടെ കേരള സന്ദർശനം പൂർണ്ണമായും കോഴിക്കോട് ആകണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദേശം. അതുകൊണ്ട് തന്നെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കൂടിക്കാഴ്ചയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി തന്റെ അധികാരത്തെ ദുർവിനിയോഗം നടത്തി മകൾക്ക് വേണ്ടി സംസാരിക്കാൻ ഷാർജ ഭരണാധികാരിയെ ക്ലിഫ് ഹൗസിൽ എത്തിക്കുക ആയിരുന്നുവെന്നും സ്വപ്‌ന ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങൾ ദേശസുരക്ഷയെ ബാധിക്കുന്ന തരത്തിലാണ്. മുഖ്യമന്ത്രിയുടെ പിടിപാടുകൾക്ക് അനുസരിച്ച് ഈ രാജ്യത്ത് ആർക്ക് വേണമെങ്കിലും എങ്ങനെ വേണമെങ്കിലും വന്ന് പോകാമെന്നതാണ് അവസ്ഥ. ഇത് സാധൂകരിക്കുന്ന നിരവധി സംഭവ വികാസങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിന്റെ രേഖകൾ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നും സ്വപ്‌ന അറിയിച്ചു.

മകൾ വീണാ വിജയന് ഷാർജയിൽ ബിസിനസ് തുടങ്ങുന്നതിനായി മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കസേരയുടെ അധികാരത്തെ ദുർവിനിയോഗം ചെയ്തു. ബിസിനസ് കാര്യങ്ങൾ തടസമില്ലാതെ നടത്തിക്കിട്ടാൻ ഷാർജ ഭരണാധികാരിക്ക് എത്ര സ്വർണം പാരിതോഷികമായി നൽകണമെന്ന് ക്ലിഫ് ഹൗസിൽ വെച്ച് തന്നോട് ചോദിച്ചു. മുഖ്യമന്ത്രിയും ഭാര്യ കമലയും നളിനി നറ്റോയും ശിവശങ്കറും ചേർന്ന് താനുമായി ക്ലിഫ് ഹൗസിൽ നടത്തിയ രഹസ്യ കൂടിക്കാഴ്ചയിലാണ് ഇത് ചർച്ച ചെയ്തതെന്നും സ്വപ്‌ന ആരോപിച്ചു.

Post a Comment (0)
Previous Post Next Post