തന്റെ മകനെ കൊലപ്പെടുത്തിയവർക്ക് ഏറ്റവും കഠിനമായ ശിക്ഷ തന്നെ നൽകണമെന്ന് സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ അമ്മ. പ്രവീൺ തങ്ങളുടെ ഏകമകനാണെന്നും, കുറ്റവാളികളായ ഭീകരരെ തൂക്കിക്കൊല്ലണമെന്നും ഈ അമ്മ പറയുന്നു. ‘എനിക്ക് ഇത് സഹിക്കാനാകുന്നില്ല. അവന്റെ അച്ഛനും ഹൃദ്രോഗത്തിന് ചികിത്സയിലാണ്. പ്രവീൺ ഞങ്ങളുടെ ഏക മകനായിരുന്നു. നല്ലൊരു വീട് പണിയാനുള്ള തയ്യാറെടുപ്പിലായിരുന്നു അവൻ. മകനോട് ഈ ക്രൂരത ചെയ്ത കുറ്റവാളികളായ ഭീകരർ ശിക്ഷിക്കപ്പെടണം. അവരെ തൂക്കിക്കൊല്ലണമെന്നും’ പ്രവീണിന്റെ അമ്മ പറയുന്നു.
പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ സർക്കാരിന്റെ വാർഷികവുമായി ബന്ധപ്പെട്ട പരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ‘ബിജെപി ഭരണത്തിന്റെ മൂന്നാം വാർഷികം അടുത്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജനോത്സവം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഈ കൊലപാതകം നടന്നത് ഞങ്ങളെ ഏറെ സങ്കടത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ഈ പരിപാടികളെല്ലാം റദ്ദാക്കാൻ തീരുമാനിക്കുകയാണ്. ഈ ക്രൂരകൃത്യം നടത്തിയ പ്രതികളെയെല്ലാം കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കുമെന്നും’ അദ്ദേഹം പറഞ്ഞു.
പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചതായി കർണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കേരളത്തിലേക്ക് പുറപ്പെട്ടു. കർണാടക ഡിജിപി കേരള ഡിജിപിയോട് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്തു. പ്രതികളുടേതെന്ന് സംശയിക്കുന്ന ബൈക്ക് കണ്ടെത്തിയതായി സൂചനയുണ്ട്. കേരള രജിസ്‌ട്രേഷൻ വാഹനം കർണ്ണാടകയിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികളെ ട്രാക്ക് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും, എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.
