പിതൃബലിക്കും തർപ്പണത്തിനും പ്രസിദ്ധമാണ് കർക്കിടക വാവ്. അന്നു ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു. ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞ് മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾ കൊണ്ടാണ് ബലിതർപ്പണം നടത്തുക. പ്രശസ്തമായ സ്നാനഘട്ടങ്ങളിലും ക്ഷേത്രക്കടവുകളിലും പിതൃ തർപ്പണത്തിനുള്ള സൗകര്യം ഏർപ്പെടുത്താറുണ്ട്. ആലുവ മഹാശിവരാത്രി മണപ്പുറം, തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ദക്ഷിണകാശി എന്നറിയപ്പെടുന്ന പെരുമ്പാവൂർ ചേലാമറ്റം, തിരുനെല്ലി പാപനാശിനി, വർക്കല പാപനാശം തുടങ്ങിയവ കേരളത്തിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളാണ്.
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണം ആണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക്, ‘ശ്രാദ്ധം’ എന്നു പേര്‍ വന്നത്. ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസമാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. പിതൃപരമ്പരയില്‍ മൂന്നുപേര്‍ വരെ മുമ്പോട്ടെടുത്താല്‍ (പിതാവ്, പിതാമഹർ എന്നിങ്ങനെ) മതി; ഈ ഒരേയൊരു പിതൃവിനെ ഉദ്ദേശിച്ച ശ്രാദ്ധം-ഏകോദ്ദിഷ്ടശ്രാദ്ധം ചെയ്യേണ്ടത് ബ്രാഹ്മണാദികള്‍ ചെയ്യുന്ന ശ്രാദ്ധം. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം എന്നും, ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന്- ബഹുദ്ദിഷ്ട ശ്രാദ്ധമെന്നും പറയുന്നു.
പിതാവിന്റെ പരമ്പരയിലും, മാതൃപരമ്പരയിലും ഇങ്ങനെ ശ്രാദ്ധം വേണ്ടതാണ്. ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസി (കര്‍ക്കിടക വാവ്)- കറുത്ത വാവ് ആണ്. പ്രതിമാസം അമാവാസിക്ക് ശ്രാദ്ധം ചെയ്യുന്നവരുണ്ട്. (പാര്‍വണ ശ്രാദ്ധം) ഒരു മാനുഷ മാസം പിതൃക്കള്‍ക്ക് ഒരു ദിവസമാണ്, ഒരു അഹോരാത്രം എന്നാൽ അഹോ എന്നതിന്റെ അർത്ഥം പകലും രാത്രമെന്നാൽ രാത്രിയും, ഈ ഒരു ദിവസത്തെ (30 മനുഷ്യ ദിവസം) കൃഷ്ണപക്ഷമെന്നും ശുക്ലപക്ഷമെന്നും രണ്ടായി തിരിക്കുന്നു.
പിതൃക്കള്‍ക്ക് ഉണര്‍ന്ന് കര്‍മങ്ങളിലേര്‍പ്പെടാവുന്ന പകലാണ് കൃഷ്ണപക്ഷം (നമ്മുടെ കറുത്തപക്ഷം). രാത്രി, ശുക്ലപക്ഷം (വെളുത്തപക്ഷവും). പിതൃക്കള്‍ ഉണര്‍ന്നിരിക്കുന്ന സമയമാണ് അമാവാസി (കറുത്തവാവ്), ഇപ്രകാരം ചന്ദ്ര മണ്ഡലത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന പിതൃലോകത്തിന് അമാവാസി മധ്യാഹ്നമായി (ഉച്ചഭക്ഷണ സമയമായി) അനുഭവപ്പെടുന്നു. അതുകൊണ്ട് അമാവാസിയിലെ തര്‍പ്പണം, ശ്രാദ്ധം എന്നിവ പിതൃക്കള്‍ക്ക് പ്രീതികരമായ മധ്യാഹ്ന ഭോജ്യമായി മാറുന്നു. അവര്‍ സംതൃപ്തരാവുന്നു. സന്തതി പരമ്പരകളില്‍ സംപ്രീതനായി തീരുന്നു. മറ്റ് അമാവാസികളേക്കാള്‍ കര്‍ക്കിട അമാവാസിക്ക് ഇത്രയധികം പ്രാധാന്യം വരാന്‍ കാരണം.
