രാമായണ പുണ്യം പകർന്ന് കർക്കിടകം; ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കുള്ള ആത്മീയ പ്രയാണം.


ഇരുളിൽ നിന്നും വെളിച്ചത്തിലേക്കുള്ള ആത്മീയ പ്രയാണത്തിന്റെ പുണ്യ നാളുകളിലേക്ക് മിഴി തുറക്കുന്ന കർക്കിടകം. പേമാരിയും മഹാമാരികളും കരിനിഴൽ വീഴ്‌ത്തി കടന്നു പോയ വറുതിയുടെ നാളുകൾക്ക് വിട പറഞ്ഞ് സമൃദ്ധിയുടെ നല്ല നാളുകളിലേക്കുള്ള പ്രയാണത്തിന് ഊർജ്ജം പകരാൻ, രാമായണ ശീലുകൾ അകത്തളങ്ങളിലും ക്ഷേത്രങ്ങളിലും മുഴങ്ങുന്ന വിശുദ്ധിയുടെ രാപകലുകളിലേക്ക് കൂപ്പുകൈകളോടെ മലയാളി കൺതുറക്കുന്നു. ശീതം പെയ്യുന്ന നാട്ടകങ്ങളിൽ കാർമേഘമാലകൾക്കപ്പുറം വീഴുന്ന വെള്ളിവെളിച്ചം കാത്ത് മലയാളി. ഇത് അന്ധകാരമകറ്റി വെളിച്ചം പരത്തുന്ന സനാതന സംസ്കൃതിയുടെ അതുല്യമായ വീണ്ടെടുപ്പിന്റെ പുണ്യകാലം.

ശ്രീരാമനാമമോതി അമരതയിലേക്കുയർന്ന വനവേടന്റെ തൂലികത്തുമ്പാൽ രചിക്കപ്പെട്ട മൂലകൃതിയെ ഭക്തിരസപ്രധാനമായി വിവർത്തനം ചെയ്ത് അദ്ധ്യാത്മരാമായണം കിളിപ്പാട്ടായി മലയാളിക്ക് നൽകിയ ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛനേയും സ്മരിക്കുന്ന ദിനങ്ങളാണ് വരാൻ പോകുന്നത്. രാമന്‍ എക്കാലത്തെയും മാനുഷികധര്‍മ്മത്തിന്‍റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

“രാമായണത്തെക്കാള്‍ ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യസംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല “എന്നാണ് സ്വാമി വിവേകാനന്ദന്‍ രാമായണത്തെക്കുറിച്ച് പറഞ്ഞത്. നന്മ തിന്മകൾ തമ്മിലുള്ള ഏറ്‍റുമുട്ടലിന്‍റെ അവസാനം കത്തി ചാമ്പലാകേണ്ടത് ലങ്കയല്ല, മനസ്സിലെ രാഗ വിദ്വേഷങ്ങളാകണം. തുളസിയിലയിൽ വീണ മഞ്ഞുതുള്ളി പോലെ പരിശുദ്ധമാകണം അന്തരംഗം. അപ്പോൾ മാത്രമേ, നുകരാനാകൂ.. സാരാനുഭൂതിക്ക് സാമ്യമില്ലാത്ത രാമകഥാമൃതത്തിന്‍റെ പൂർണ്ണാനന്ദം. ഇനിയുള്ള നാളുകൾ അതിനുള്ളതാകട്ടെ, ആത്മീയതയുടെ അതിരില്ലാത്ത ആനന്ദം ഇച്ഛകൾ വെടിഞ്ഞ് ജീവിതത്തെ ധന്യമാക്കട്ടെ.

Post a Comment (0)
Previous Post Next Post