ഉറങ്ങാൻ അനുവദിക്കാത്ത തരത്തിൽ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാർത്ഥ സ്പനം.


മുൻ രാഷ്‌ട്രപതി ഡോ.എ.പി.ജെ.അബ്ദുൾ കലാമിന്റെ ഓർമ്മകൾക്ക് ഇന്ന് ഏഴ് വയസ്സ്. ഇന്ത്യ കണ്ട എക്കാലത്തേയും ജനപ്രിയനായ രാഷ്‌ട്രപതി ആരെന്ന് ചോദിച്ചാൽ നിസംശയം പറയുന്നത് ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ പേരായിരിക്കും. അവുൽ പക്കീർ ജൈനുലബ്ദീൻ അബ്ദുൾ കലാമെന്ന എ.പി.ജെ അബ്ദുൾ കലാമിന്റെ ജീവിതം ഇല്ലായ്മകളെ അഗ്നിച്ചിറകുകളാൽ കീഴടക്കിയ വിജയഗാഥ തന്നെയായിരുന്നു. 1931 ഒക്ടോബർ 15 ന് തമിഴ്നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിൽ ജനിച്ച കലാം രാജ്യത്തെ ഏറ്റവും ഉയർന്ന പദവി വരെ എത്തിയതിന് പിന്നിൽ ലാളിത്യത്തിന്റെയും, സ്ഥിരോത്സാഹത്തിന്റെയും കഥയുണ്ട്.

ഉറക്കത്തിൽ കാണുകയും ഉണരുമ്പോൾ മാഞ്ഞു പോവുകയും ചെയ്യുന്ന വെറുമൊരു പരിമിതാർത്ഥത്തിലല്ല, ഉറങ്ങാൻ അനുവദിക്കാത്ത തരത്തിൽ നമ്മെ വേട്ടയാടുന്നതെന്തോ അതാണ് യഥാർത്ഥ സ്പനമെന്നാണ് അബ്ദുൾ കലാം ഈ ലോകത്തോട് പറഞ്ഞത്. സ്വപ്‌നത്തിന് അദ്ദേഹം നൽകിയ ഈ പുതിയ നിർവചനം ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രചോദനമായിരുന്നു. ലോകത്തെ സ്വപ്‌നം കാണാൻ പ്രേരിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും അദ്ദേഹം എഴുതിയ പുസ്തകങ്ങളും. അഗ്നിച്ചിറകുകളും, ജ്വലിക്കുന്ന മനസ്സുകളുമെല്ലാം അത്തരത്തിൽ ഉള്ളവ ആയിരുന്നു.

രാമേശ്വരം ക്ഷേത്രത്തിലെ പൂജാരിയായ പാക്ഷി ലക്ഷ്മണ ശാസ്ത്രിയും പിതാവായ ജൈനലബ്ദീനും തമ്മിലുള്ള സൗഹൃദത്തിൽനിന്ന് മതമൈത്രിയുടെ ഇഴയടുപ്പം ചെറുപ്രായത്തിലേ തൊട്ടറിഞ്ഞു. കുട്ടിയായിരുന്നപ്പോൾ പഠനത്തിൽ താൻ അത്ര മിടുക്കനൊന്നും ആയിരുന്നില്ലെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ പഠിക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഇതിനായി മണിക്കൂറുകൾ ചെലവഴിക്കാനും മടിയുണ്ടായിരുന്നില്ല. തന്റെ സ്വപ്‌നങ്ങൾക്കായി അദ്ദേഹം വലിയ പോരാട്ടം തന്നെ നടത്തി. അങ്ങനെയാണ് ഫിസിക്‌സും എയ്‌റോ സ്‌പേസ് എഞ്ചിനീയറിങ്ങും പഠിച്ചതും അവിടെ നിന്ന് ഐഎസ്ആർഒയുടെ തലപ്പത്തേക്ക് എത്തിയതും.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും അദ്ദേഹം വിലപ്പെട്ട സംഭാവനകളാണ് നൽകിയത്. പിന്നീട് ഇന്ത്യയുടെ ആണവ പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകി. 2002 ജൂലൈ 19ന് ഇന്ത്യയുടെ 11ാം രാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. 2007 ജൂലൈ 27ന് കാലാവധി കഴിയുമ്പോൾ ഇന്ത്യ കണ്ട ഏറ്റവും ജനപ്രിയനായ രാഷ്‌ട്രപതിയെന്ന ഖ്യാതിയുമാണ് അദ്ദേഹം പടിയിറങ്ങിയത്. രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. കൃത്യമായ ലക്ഷ്യം നിശ്ചയിച്ച് അതിലേക്ക് അടി തെറ്റാതെ മുന്നോട്ട് നീങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. 2015 ജൂലൈ 27ന് ഷില്ലോങ്ങിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ കുഴഞ്ഞു വീണായിരുന്നു ആ മഹാപ്രതിഭ ഈ ലോകത്തിൽ നിന്ന് വിട പറഞ്ഞത്.

Post a Comment (0)
Previous Post Next Post