സ്വർണ്ണം, ഡോളർക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇഡിയുടെ നിർണ്ണായക നീക്കം. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ സ്വപ്‌ന സുരേഷിന്റെ മൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് തീരുമാനം. സ്വപ്‌നയുടെ രഹസ്യ മൊഴിയാണ് നൽകുക. ജൂൺ 6 നും 7 നുമാണ് സ്വപ്‌ന മജിസ്‌ട്രേറ്റ് കോടതിയിൽ രഹസ്യമൊഴി നൽകിയത്. സ്വർണ്ണക്കടത്തും ഡോളർക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും എം ശിവശങ്കർ ഉൾപ്പെടെയുള്ളവർക്ക് എതിരെയാണ് സ്വപ്‌ന രഹസ്യമൊഴി നൽകിയിരുന്നത്. ഇത് മുദ്രവെച്ച കവറിൽ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം. മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് രഹസ്യമൊഴി സുപ്രീം കോടതിയിൽ സമർപ്പിക്കാൻ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം ഫയൽ ചെയ്ത ട്രാൻസ്ഫർ ഹർജിയിൽ ഈ വിവരങ്ങൾ സുപ്രീംകോടതിക്ക് കൈമാറാൻ തയ്യാറാണെന്ന് അന്വേഷണ ഏജൻസി അറിയിച്ചിരുന്നു. സ്വർണ്ണം, ഡോളർക്കടത്ത് കേസുകളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉൾപ്പെടെയുള്ള പങ്ക് തെളിയിക്കുന്ന സ്വപ്‌ന സുരേഷിന്റെ നിർണ്ണായക വെളിപ്പെടുത്തലുകൾ സുപ്രീം കോടതിയിൽ ഹാജരാക്കാം എന്നാണ് ഇഡി പറഞ്ഞത്. ഗുരുതരമായ ആരോപണങ്ങൾ ഉള്ളതുകൊണ്ട് ഇത് പരസ്യപ്പെടുത്തരുതെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ രഹസ്യമൊഴി മുദ്രവെച്ച കവറിൽ മാത്രമേ സുപ്രീം കോടതിയിൽ ഹാജരാക്കൂ.
