നീരവ് മോഡിയുടെ കാലനായി ഇഡി; 253 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; വജ്രങ്ങളും ആഭരണങ്ങളും ബാങ്ക് നിക്ഷേപവും കണ്ടെത്തിയത് ഹോങ്കോങ്ങിൽ.


രാജ്യം വിട്ട് ഒളിവിൽ പോയ വജ്രവ്യാപാരി നീരവ് മോദിയുടെ 253.62 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരമാണ് ഇഡിയുടെ നീക്കം. ക്രിമിനൽ ഗൂഢാലോചനയും ഐപിസിയിലെ വിവിധ വകുപ്പുകളും ചേർത്ത് നീരവ് മോദി ഗ്രൂപ്പിനെതിരെ എഫ്‌ഐആർ ചുമത്തിയതായും ഇഡി അറിയിച്ചു. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ബാങ്ക് നിക്ഷേപം, സ്വർണ്ണ- വജ്രാഭരണങ്ങൾ എന്നിവയാണ് ഇഡി കണ്ടുകെട്ടിയത്.

ഹോങ്കോങ്ങിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ച സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്. പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്ന നീരവ് മോദി നിലവിൽ യുകെയിലെ ജയിലിലാണ്. പിഎൻബി തട്ടിപ്പ് കേസിൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും, പിഎൻബിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിൽ ഇഡിയും നീരവ് മോദിക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്.

ഏകദേശം 2 ബില്യൺ ഡോളറിന്റെ തട്ടിപ്പിനാണ് നീരവ് മോദി വിചാരണ നേരിടുന്നത്. നീരവ് മോദിക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ യുകെ കോടതി കണ്ടെത്തിയിരുന്നു. 14,000 ത്തോളം കോടി രൂപയുടെ തട്ടിപ്പാണ് മുംബൈയിലെ പഞ്ചാബ് നാഷണൽ ബാങ്കിന്റെ ശാഖയിൽ നിന്ന് നീരവ് മോദി നടത്തിയത്. തുടർന്ന് 2018ൽ ഇയാൾ ഇന്ത്യ വിടുകയായിരുന്നു.

Post a Comment (0)
Previous Post Next Post