ഇതു പുതിയ ഇന്ത്യ, മുംബൈ കോസ്റ്റൽ റോഡ്.

ഇത് മുംബൈയിൽ നിന്നുള്ള ഒരു കാഴ്ചയാണ്... ഒരു പുതിയ ഇന്ത്യയിൽ നിന്ന്,  മഹാരാഷ്ട്രയിലെ മുംബൈയിലുള്ള മുംബൈ കോസ്റ്റൽ റോഡ് (Mumbai Coastal Road/ Dharmaveer Swarajya Rakshak Chhatrapati Sambhaji Maharaj Coastal Road) ആണ്.​മറൈൻ ഡ്രൈവിനെയും ബാന്ദ്ര- വർളി സീ ലിങ്കിനെയും ബന്ധിപ്പിക്കുന്ന ഈ തീരദേശ പാതയിലെ ഇന്റർചേഞ്ചും മേൽപ്പാലങ്ങളുമാണ്. ഇത് പുതിയ പാലങ്ങളുടെയും പുതിയ റോഡുകളുടെയും ഒരു ദൃശ്യ മാത്രമല്ല, ഇന്ത്യയുടെ ദിശയെയും അവസ്ഥയെയും പരിവർത്തനം ചെയ്ത വികസനത്തിന്റെ വേഗതയുടെയും ഒരു ദൃശ്യം കൂടിയാണ്.

തെക്കൻ മുംബൈയിലെ പ്രിൻസസ് സ്ട്രീറ്റ് ഫ്ലൈഓവർ മുതൽ ബാന്ദ്ര-വർളി സീ ലിങ്ക് വരെ ഏകദേശം 10.58 കിലോമീറ്ററാണ് ഒന്നാം ഘട്ടത്തിന്റെ നീളം. ഏകദേശം ₹12,700 കോടിയിലധികം ചെലവിട്ടാണ് ഈ 8 വരി വീതിയുള്ള പാത നിർമ്മിച്ചിരിക്കുന്നത്. 2018 ഒക്ടോബറിലാണ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മറൈൻ ഡ്രൈവ് മുതൽ വർളി വരെയുള്ള വടക്കോട്ടു പോകുന്ന ഭാഗം  2024 മാർച്ച് 11- നും, ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. വർളിയിൽ നിന്ന് മറൈൻ ഡ്രൈവിലേക്കുള്ള തെക്കോട്ടുള്ള ഭാഗം  2024 ജൂൺ 10-നും ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.

ബാന്ദ്ര-വർളി സീ ലിങ്കുമായി കോസ്റ്റൽ റോഡിനെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണം 2024 സെപ്റ്റംബറോടെ പൂർത്തിയായി ഗതാഗതത്തിന് സജ്ജമായി. അറബിക്കടലിന്റെ അടിയിലൂടെ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ ഇരട്ട തുരങ്കങ്ങൾ ഇതിന്റെ ഭാഗമാണ് (ഗിർഗാവ് ചൗപ്പാട്ടി മുതൽ മലബാർ ഹിൽ വരെ). ഏകദേശം 2.07 കിലോമീറ്റർ നീളമുള്ളതാണ് ഈ തുരങ്കങ്ങൾ. മുൻപ് മറൈൻ ഡ്രൈവിൽ നിന്ന് ബാന്ദ്രയിലേക്ക് യാത്ര ചെയ്യാൻ 40-50 മിനിറ്റ് വേണമായിരുന്നു. എന്നാൽ ഈ പുതിയ പാതയിലൂടെ വെറും 10-12 മിനിറ്റുകൊണ്ട് എത്തുവാൻ സാധിക്കും. കടലിൽ നിന്ന് ഏകദേശം 111 ഹെക്ടർ ഭൂമി വീണ്ടെടുത്താണ് പാതയും അനുബന്ധ ഇടനാഴികളും നിർമ്മിച്ചിരിക്കുന്നത്.

ഈ ഭൂമിയിൽ ജോഗിംഗ് ട്രാക്കുകൾ, പാർക്കുകൾ, സൈക്കിൾ ട്രാക്കുകൾ, തുറസ്സായ വിനോദ മേഖലകൾ എന്നിവ വികസിപ്പിച്ചു വരുന്നു. ട്രാഫിക് തടസ്സമില്ലാതെ വണ്ടികൾക്ക് കയറാനും ഇറങ്ങാനുമായി അമർസൺസ് ഗാർഡൻ, ഹാജി അലി, വർളി എന്നിവിടങ്ങളിൽ വലിയ ബട്ടർഫ്ലൈ/ലൂപ്പ് ഡിസൈനിലുള്ള മൂന്ന് പ്രധാന ഇന്റർചേഞ്ചുകൾ നിർമ്മിച്ചിട്ടുണ്ട് (ചിത്രത്തിൽ കാണുന്നത് വർളി/ഹാജി അലി ഭാഗത്തെ ലൂപ്പുകളാണ്). ടണലുകളിൽ തീപിടുത്തമുണ്ടായാൽ സ്വയം നിയന്ത്രിക്കുന്ന 'Saccardo' വെന്റിലേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം, സിസിടിവി നിരീക്ഷണം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.

 




Post a Comment (0)
Previous Post Next Post