ഇന്ത്യൻ നാവികസേനയുടെ അഭിമാന പാരമ്പര്യം, ഐ.എൻ.എസ് അഗ്രയ് പുനർജനിക്കുന്നു.

ഇന്ത്യൻ നാവികസേനയുടെ അഭിമാനകരമായ പാരമ്പര്യം പേറുന്ന ഐ.എൻ.എസ് അഗ്രയ് എന്ന യുദ്ധക്കപ്പൽ പുനർജനിക്കുന്നു. പുതിയ ആന്റി-സബ്മറൈൻ യുദ്ധക്കപ്പലായ ഐ.എൻ.എസ് അഗ്രയ് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകുന്നത് 2026 ജൂൺ 21-നാണ് (ഈ വരുന്ന ഞായറാഴ്ച). കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഈ കപ്പൽ രാജ്യാന്തര സേവനത്തിനായി സമർപ്പിക്കുന്നത്.

ഈ കപ്പലിൻ്റെ പാരമ്പര്യവും, ചരിത്രവും.

ആദ്യത്തെ ഐ.എൻ.എസ് അഗ്രയ് (1991- 2017) കമ്മീഷൻ ചെയ്യപ്പെട്ടത് 1991 ജനുവരി 30-നാണ്. അഭയ് ക്ലാസ് കോർവെറ്റ് വിഭാഗത്തിൽപ്പെട്ട ഈ പട്രോളിംഗ് കപ്പൽ, തന്ത്രപ്രധാനമായ കടൽമേഖലകളിൽ 25 വർഷക്കാലം രാജ്യത്തിന് കാവലൊരുക്കി. 2017 ജനുവരി 27-നാണ് ഈ കപ്പൽ നാവികസേനയിൽ നിന്നും ഔദ്യോഗികമായി വിരമിച്ചത്.

പുതിയ രൂപത്തിൽ പുനർജനിച്ചു.

പഴയ കപ്പലിന്റെ ആ അഭിമാനകരമായ പേരും പാരമ്പര്യവും ഉൾക്കൊണ്ട്, പുത്തൻ സാങ്കേതികവിദ്യകളോടെ ആന്റി-സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് ആയി പുതിയ 'ഐ.എൻ.എസ് അഗ്രയ്' നാവികസേനയിലേക്ക് തിരിച്ചെത്തുന്നത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനീയേഴ്സ് (GRSE) ആണ് ഇത് നിർമ്മിച്ചത്. സമുദ്ര സുരക്ഷയിൽ ഇന്ത്യയുടെ സ്വയംപര്യാപ്തത (ആത്മനിർഭർ ഭാരത്) വിളിച്ചോതിക്കൊണ്ട് 80 ശതമാനത്തിലധികം തദ്ദേശീയ സാമഗ്രികൾ ഉപയോഗിച്ചാണ് ഈ യുദ്ധക്കപ്പൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രധാന സവിശേഷതകൾ.

ആഴം കുറഞ്ഞ തീരദേശ കടൽമേഖലകളിൽ ഒളിച്ചിരിക്കുന്ന ശത്രു അന്തർവാഹിനികളെ കണ്ടെത്തി നശിപ്പിക്കാൻ പ്രത്യേക ശേഷിയുണ്ട്. അത്യാധുനിക ലൈറ്റ് വെയ്റ്റ് ടോർപ്പിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകൾ, അത്യാധുനിക സോണാർ സംവിധാനങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. വാട്ടർജെറ്റ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നാവികസേനയിലെ ഏറ്റവും വലിയ യുദ്ധക്കപ്പലുകളിൽ ഒന്നാണിത്. ഇത് കപ്പലിന് മികച്ച വേഗതയും വേഗത്തിൽ തിരിച്ചുവിടാനുള്ള ശേഷിയും നൽകുന്നു.

"Ever Foremost, Victorious in Battle" (എപ്പോഴും മുന്നിൽ, യുദ്ധത്തിൽ ജേതാവ്). അർജ്ജുനന്റെ ഗാണ്ഡീവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതിന്റെ പുതിയ ഔദ്യോഗിക ചിഹ്നം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രത്യേകത എന്തെന്നാൽ, ഐ.എൻ.എസ് അഗ്രയോടൊപ്പം മറ്റ് രണ്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ കൂടി (സ്റ്റെൽത്ത് ഫ്രിഗേറ്റ് ആയ ഐ.എൻ.എസ് ദുനാഗിരി, സർവേ കപ്പലായ ഐ.എൻ.എസ് സംശോധക്) ഇതേ ദിവസം ഒന്നിച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമാകുന്നുണ്ട്. തദ്ദേശീയ കപ്പൽ നിർമ്മാണ ചരിത്രത്തിലെ വളരെ അപൂർവ്വവും അഭിമാനകരവുമായ ഒരു നിമിഷമാണിത്.

 




Post a Comment (0)
Previous Post Next Post