ആഫ്രോ സോൾ സംഗീതവിഭാഗത്തിൽപ്പെട്ട പ്രശസ്തമായ ഗാനമാണ് "പാപ്പ ഊട്ടേയ്. പ്രശസ്ത ബെൽജിയൻ കലാകാരനായ സ്ട്രോമെയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ഫ്രഞ്ച് ഭാഷയിലുള്ള ഈ വരികൾക്ക് പിന്നിൽ വളരെ വികാരാധീനമായ ഒരു അർത്ഥമാണുള്ളത്. മികച്ച കമ്പോസിംഗിലൂടെ ആസ്വാധകരെ പിടിച്ചിരുത്തുന്നു, കൂടാതെ എൻ്റെ ഇഷ്ട ഗാനങ്ങളിൽപ്പെട്ട ഒന്നാണ് ഈ പാട്ട്.
"Papaoutai" (പാപ്പ ഊട്ടേയ്) എന്നത് ഫ്രഞ്ച് വാചകമായ എന്നതിന്റെ ചുരുക്കരൂപമാണ്. മലയാളത്തിൽ ഇതിന്റെ അർത്ഥം "അച്ഛാ, നിങ്ങൾ എവിടെയാണ്? എന്നാണ്. ഈ പാട്ടിന്റെ പ്രമേയം സൂചിപ്പിക്കുന്നത് തന്റെ അച്ഛന്റെ അസാന്നിധ്യത്തെക്കുറിച്ചും, ഒരു കുട്ടിയുടെ ജീവിതത്തിൽ പിതാവ് ഇല്ലാത്തത് ഉണ്ടാക്കുന്ന ശൂന്യതയെക്കുറിച്ചുമാണ് സ്ട്രോമെയ് ഈ ഗാനത്തിലൂടെ പറയുന്നത്. അച്ഛൻ എവിടെയാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ ആരും എന്നോട് പറയുന്നില്ല എന്ന വികാരമാണ് പാട്ടിലുടനീളം.
നല്ലൊരു അച്ഛൻ എങ്ങനെയായിരിക്കണം, എല്ലാവരും അച്ഛന്മാരാകുന്നുണ്ടെങ്കിലും ആരും ഉത്തരവാദിത്തം കാണിക്കുന്നില്ല തുടങ്ങിയ ഗൗരവകരമായ കാര്യങ്ങളും പാട്ട് ചർച്ച ചെയ്യുന്നു. സ്ട്രോമെയുടെ ജീവിതവുമായി ഈ പാട്ടിന് വലിയ ബന്ധമുണ്ട്. 1994- ൽ ആഫ്രിക്കയിലെ "റുവാണ്ടൻ" വംശഹത്യയിൽ സ്ട്രോമെയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. തന്റെ കുട്ടിക്കാലത്ത് അച്ഛനെ കാണാതെ വളരേണ്ടി വന്ന സ്ട്രോമെയുടെ ആത്മഗതമാണ് ഈ ഗാനം.
ഒരു മകൻ തന്റെ അച്ഛനിൽ നിന്ന് സ്നേഹവും പ്രതികരണവും ആഗ്രഹിക്കുന്നുണ്ടെങ്കിലും അച്ഛൻ വെറുമൊരു നിർജീവമായ രൂപമായി മാറുന്നു എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ചുരുക്കത്തിൽ, പുറമെ കാണുമ്പോൾ ഇതൊരു അടിപൊളി ഡാൻസ് പാട്ടാണെന്ന് തോന്നുമെങ്കിലും, ഇതിന്റെ ഉള്ളടക്കം അച്ഛന്റെ സാമീപ്യത്തിനായി കൊതിക്കുന്ന ഒരു മകന്റെ സങ്കടമാണ്.
