ഇന്ന് ഏപ്രിൽ 22. ജമ്മു കശ്മീരിലെ പഹൽഗാമിൽ ലോകത്തെ നടുക്കിയ ആ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. മതത്തിന്റെ പേരിൽ മനുഷ്യനെ വേർതിരിക്കുകയും, പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് നിഷ്കരുണം 26 പേരുടെ ജീവനൊടുക്കുകയും, 20 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആ കറുത്ത ദിനത്തിന്റെ ഓർമ്മകൾ ഇന്നും മായാതെ നിൽക്കുന്നു. ആ ഭീകരാക്രമണം മനുഷ്യത്വത്തിന് നേരെ നടന്ന അത്യന്തം വേദനാജനകമായ ഒരു സംഭവമാണ്. നിഷ്കളങ്കരായ മനുഷ്യർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് ഇത്തരത്തിൽ ക്രൂരതയ്ക്ക് ഇരയാകുന്നത് ഏതൊരു സമൂഹത്തിനും വലിയ ആഘാതമാണ് സൃഷ്ടിക്കുന്നത്.
ഒരു മത വിശ്വാസത്തിന്റെ പേരിൽ ഭിന്നതയുണ്ടാക്കാനും ഭീതി പടർത്താനും ശ്രമിക്കുന്ന ഇത്തരം കടുത്ത വർഗീയ നിലപാടുകൾ മനുഷ്യത്വത്തിന് നിരക്കാത്തതാണ്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതിനൊപ്പം, സമാധാനവും പരസ്പര ബഹുമാനവും പുലരുന്ന ഒരു സമൂഹത്തിനായി നമുക്ക് പ്രത്യാശിക്കാം. ഇത്തരത്തിലുള്ള ഇരുണ്ട ഓർമ്മകൾ നമുക്ക് നൽകുന്ന പാഠം, വിദ്വേഷത്തിനെതിരെ ഒത്തൊരുമയോടെ നിൽക്കുക എന്നത് മാത്രമാണ്. ആ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്ന ചില കാര്യങ്ങൾ...
മനുഷ്യത്വത്തിന് വിള്ളലേറ്റ നിമിഷം.
പഹൽഗാമിലെ ആ സായാഹ്നം ഭീതിയിലാഴ്ത്തിയത് വെടിയൊച്ചകൾ മാത്രമല്ല, മറിച്ച് ഭീകരർ പ്രകടിപ്പിച്ച വർഗീയ വെറിയായിരുന്നു. സാധാരണ ഭീകരാക്രമണങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ ഭീകരർ ഇരകളുടെ മതം ചോദിച്ചറിയാൻ ശ്രമിച്ചു. മതം ഏതെന്ന് ഉറപ്പുവരുത്താൻ 'കലിമ' ചൊല്ലാൻ ആവശ്യപ്പെടുകയും, അതിന് സാധിക്കാത്തവരെ ലക്ഷ്യം വെക്കുകയും ചെയ്തത് ആസൂത്രിതമായ വംശീയ വിദ്വേഷത്തിന്റെ തെളിവായിരുന്നു. സ്വന്തം മാതാപിതാക്കളുടെയോ, ഭാര്യയുടെയോ, മക്കളുടെയോ മുന്നിൽ വെച്ച് ഒരാൾ കൊല്ലപ്പെടുന്നത് കാണേണ്ടി വരുന്നതിനേക്കാൾ വലിയൊരു ദുരന്തമില്ല. ആ ദാരുണമായ കാഴ്ചയ്ക്കാണ് പഹൽഗാം സാക്ഷ്യം വഹിച്ചത്.
ഭാരതത്തിൻ്റെ പ്രതികരണം.
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ- ഇ- തൊയ്ബയുമായി ബന്ധമുള്ള 'ദി റെസിസ്റ്റൻസ് ഫ്രണ്ട്' (TRF) എന്ന നിരോധിത ഭീകരസംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ ശക്തമായ പ്രത്യാക്രമണം നടത്തി. ഈ ഓപ്പറേഷനിലൂടെ പാകിസ്ഥാനിലും പാക് അധീന കശ്മീരിലുമുള്ള ഭീകരവാദ ക്യാമ്പുകൾ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തു. കൂടാതെ, പഹൽഗാം ആക്രമണത്തിന് നേരിട്ട് പങ്കെടുത്ത മൂന്ന് ഭീകരരെയും പിന്നീട് സുരക്ഷാ സേന വധിക്കുക ചെയ്തു. പഹൽഗാമിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായി അവിടെ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്.
നാം എന്ത് പഠിക്കണം?
ഇത്തരം വാർഷികങ്ങൾ കേവലം ഓർമ്മപ്പെടുത്തലുകൾ മാത്രമല്ല, മറിച്ച് ഭീകരവാദത്തിന് ഒരു മതമുണ്ടെന്നും അത് മനുഷ്യരാശിയുടെ ശത്രുവാണെന്നുമുള്ള വലിയ സത്യത്തിലേക്കുള്ള വിരൽചൂണ്ടൽ കൂടിയാണ്. മതം ഒരു പരിചയായി ഉപയോഗിച്ച് നിരപരാധികളെ കൊല്ലുന്നവർ യഥാർത്ഥത്തിൽ ആ മതത്തിലെ പൈശാചികമായ ആശയങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. അക്രമത്തിന് ഇരയായ കുടുംബങ്ങൾക്ക് ലഭിക്കേണ്ട നീതിയും സുരക്ഷയും ഉറപ്പുവരുത്തുക എന്നത് ജനാധിപത്യ സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്.
വിഭജനമുണ്ടാക്കാൻ ശ്രമിക്കുന്ന ഇത്തരം ശക്തികൾക്കെതിരെ മാനവികതയുടെ പേരിൽ ഒരുമിച്ചു നിൽക്കാൻ നമുക്ക് സാധിക്കണം. മരണപ്പെട്ടവരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുമ്പോഴും, ഇനിയൊരു കുടുംബത്തിനും ഇത്തരം ഒരു ദുരന്തം ഉണ്ടാകാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. ഭീതിയില്ലാത്ത, സമാധാനമുള്ള ഒരു കശ്മീരും ലോകവുമാണ് വരുംതലമുറയ്ക്കായി നാം കരുതിവെക്കേണ്ടത്.
