വാരണാസിയിലെ ക്ഷേത്രത്തിന് മുകളിലൂടെയാണോ ഗ്യാൻവാപി മസ്‌ജിദ് നിർമ്മിച്ചതെന്ന് കണ്ടെത്താനുള്ള ശാസ്‌ത്രീയ സർവേ ഇന്നലെ നടന്നിരുന്നു. ഗ്യാൻവാപി സമുച്ചയത്തിന്റെ ചുമരുകളിലും തൂണുകളിലും ത്രിശൂലം, സ്വസ്തിക, മണി, പുഷ്പം പോലുള്ള ചിഹ്നങ്ങൾ കണ്ടെത്തുകയും അവയുടെ വീഡിയോയും ചിത്രങ്ങളും ശേഖരിക്കുകയും ചെയ്തു. ഇന്നലെ പ്രധാനമായും ചുമരുകളിലും തൂണുകളിലുമാണ് പുരാവസ്തു ഗവേഷണ വകുപ്പ് പരിശോധന നടത്തിയത്. മസ്ജിദിലെ തൂണുകളുടെയും താഴിക കുടങ്ങളുടെയും കാലപ്പഴക്കവും നിർമ്മാണ ശെെലിയും പരിശോധിച്ചു.
സർവേ നടക്കുമ്പോൾ മസ്ജിദിന്റെ പരിസരത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ആദ്യ ദിവസം ഏഴുമണിക്കൂറോളം സർവേ നീണ്ടു. പുരാവസ്തു ഗവേഷണ വകുപ്പിൽ നിന്ന് 37 പേരും ഐ ഐ ടിയിലെ വിദഗ്ദ സംഘങ്ങളും ഉൾപ്പെടെ 41 അംഗങ്ങൾ സർവേയുടെ ടീമിൽ ഉണ്ടായിരുന്നു. ഇന്ന് രാവിലെ വീണ്ടും സർവേ ആരംഭിച്ചു. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച സർവേ ഉച്ചയ്ക്ക് 12.30വരെ തുടരും. പിന്നെ ഉച്ചയ്ക്ക് 2.30 മുതൽ വെെകുന്നേരം അഞ്ച് മണിവരെ തുടരും. ഇന്നും ഗ്യാൻവാപി മസ്‌ജിദിലെ ഭൂഗർഭ അറകളിൽ സർവേ നടന്നു കൊണ്ടിരിക്കുകയാണ്.
വിഗ്രഹങ്ങൾ ഭൂഗർഭ അറകളിൽ കാണുമെന്ന് ഹർജ്ജിക്കാരിൽ ഒരാൾ പറഞ്ഞതായി മുമ്പ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്നുള്ള ഗ്യാൻവാപി മസ്‌ജിദിൽ ശാസ്‌ത്രീയ സർവേ പൂർത്തിയാക്കാൻ വാരണാസി കോടതി വെള്ളിയാഴ്ച എ എസ് ഐയ്ക്ക് നാലാഴ്ച അധിക സമയം അനുവദിച്ചതായും റിപ്പോർട്ടുണ്ട്. 17ാം നൂറ്റാണ്ടിലൃ മുഗൾ കാലഘട്ടത്തിൽ മുഗൾ ചക്രവർത്തി ആയ ഔറംഗസേബിന്റെ നിർദ്ദേശപ്രകാരം കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ഒരു ഭാഗം തകർത്തിട്ടാണ് മസ്ജിദ് നിർമ്മിച്ചത്. ശാസ്‌ത്രീയമായി പരിശോധിക്കാൻ ജില്ലാ കോടതി നിർദേശിച്ചതിന്റെ ഭാഗമായാണ് സർവേ നടത്തുന്നത്.