നിങ്ങൾക്ക് പെൺകുഞ്ഞാണോ? ഭാവിയെ കുറിച്ച് ഇനി വേവലാതി വേണ്ട. കുഞ്ഞിന്റെ പിറവി മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് അച്ഛനമ്മമാർക്ക് സ്വപ്‌നങ്ങളുണ്ടാകും. പെൺകുഞ്ഞാണെങ്കിൽ ആ കരുതലിന്റെ തീവ്രത കൂടുകതന്നെ ചെയ്യും.
മക്കളുടെ ഭാവി സുരക്ഷിതമാക്കാനായി വിദ്യാഭ്യാസത്തിനും വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി കരുതി വെയ്‌ക്കുന്നവരാണ് എല്ലാവരും. ഭാരതത്തിൽ പെൺകുട്ടികളുടെ ഭാവി സുരക്ഷിതം ആകണമെന്നു ചിന്തിക്കുന്ന നരേന്ദ്ര മോഡി സർക്കാർ അതിനായി വിവിധ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ പെൺകുട്ടികളുടെ സുരക്ഷിതമായ, ശോഭനമായ ഭാവിയ്‌ക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കി വരുന്ന ഏറ്റവും ആകർഷകമായ പദ്ധതിയാണ് “സുകന്യ സമൃദ്ധി യോജന”.
പെൺകുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ഭാവി ആവശ്യങ്ങൾക്ക് മാതാപിതാക്കളെ സജ്ജമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ചെറുകിട നിക്ഷേപ പദ്ധതിയാണിത്. പ്രതിവർഷം കുറഞ്ഞത് 250 രൂപ അക്കൗണ്ടിൽ നിക്ഷേപിച്ചാൽ മതി.അക്കൗണ്ട് തുടങ്ങി 14 വർഷം വരെ നിക്ഷേപം നടത്തിയാൽ, 21 വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തുകയും പലിശയും തിരികെ ലഭിക്കും. നിക്ഷേപത്തിന് ഇപ്പോൾ 8.1 ശതമാനം നിരക്കിലാണ് പലിശ ലഭിക്കുന്നത്. പെൺകുട്ടിക്ക് 18 വയസ്സ് കഴിയുമ്പോൾ അവരുടെ ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി മുൻ സാമ്പത്തിക വർഷം വരെയുള്ള നിക്ഷേപത്തിന്റെ 50 ശതമാനംവരെ പിൻവലിക്കാം. പെൺകുട്ടിയുടെ വിവാഹസമയത്ത് ഈ അക്കൗണ്ട് ക്ലോസ് ചെയ്യാം. രക്ഷാകർത്താവിന് പെൺകുട്ടിയുടെ പേരിൽ പോസ്റ്റ് ഓഫീസുകളിലും ദേശസാൽകൃത, വാണിജ്യ ബാങ്കുകളിലും അക്കൗണ്ട് തുറക്കാം.
പത്ത് വയസുവരെയുള്ള പെൺകുട്ടികൾക്കാണ് അക്കൗണ്ടിന് അർഹത. പെൺകുട്ടിയുടെ മാതാവിനോ പിതാവിനോ മറ്റു രക്ഷകർത്താവിനോ ഈ അക്കൗണ്ട് കുട്ടിയുടെ പേരിൽ തുറക്കാവുന്നതാണ്. രണ്ടു പെൺകുട്ടികൾ വരെ ഉള്ളവർക്കാണ് അക്കൗണ്ട് തുറക്കാവുന്നതെങ്കിലും രണ്ടാമത്തെ ഇരട്ട കുട്ടികളുള്ളവർക്ക് അംഗീകൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ഈ വ്യവസ്ഥയിൽ ഇളവ് ലഭിക്കും. പെൺകുട്ടിയുടെ പേരിലായിരിക്കണം തുടങ്ങേണ്ടത്. രക്ഷകർത്താവിന് പദ്ധതിയിൽ സമ്പാദ്യം നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. പദ്ധതിയിൽ ചേരാനും തുടരാനും പദ്ധതിയുടെ കാലാവധിയ്‌ക്കകത്ത് പെൺകുട്ടി ഇന്ത്യയിൽ താമസിക്കണമെന്ന് നിർബന്ധമുണ്ട്.
എങ്ങനെ PMSSY അക്കൗണ്ട് തുറക്കാം:-
കുട്ടിയുടെയും രക്ഷാ കർത്താവിന്റെയും ആധാർ,കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, രക്ഷകർത്താവിന്റെ മേൽവിലാസം തെളിയിക്കുന്ന രേഖ, തിരിച്ചറിയൽ രേഖ (പാൻ കാർഡ്, തിരിച്ചറിയൽ രേഖ, ആധാർ കാർഡ്, പാസ്‌പോർട്ട്) എന്നിവയാണ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ രേഖകൾ. ഇതുമായി തൊട്ടടുത്ത ബാങ്കിലോ പോസ്റ്റ് ഓഫീസിലോ പോയി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുടങ്ങാം.
250 രൂപ നിക്ഷേപിച്ച് അക്കൗണ്ട് തുറക്കാം. ഒറ്റത്തവണ പരമാവധി 15,000 രൂപ വരെ നിക്ഷേപിക്കാവുന്നതാണ്. ഒരു സാമ്പത്തിക വർഷത്തിൽ എത്ര പ്രാവശ്യം വേണമെങ്കിലും പണം നിക്ഷേപിക്കാവുന്നതാണ്. തുക പണമായോ ചെക്കായോ ഡ്രാഫ്റ്റായോ നിക്ഷേപിക്കാം. അക്കൗണ്ടിൽ മിനിമം തുക നിക്ഷേപിക്കാൻ പരജയപ്പെട്ടാൽ കുടിശ്ശിക വന്ന തുകയ്‌ക്കൊപ്പം 50 രൂപ പിഴ അടച്ച് അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാ. 100 രൂപയുടെ ഗുണിതങ്ങളായാണ് തുക നിക്ഷേപിക്കേണ്ടത്. ആകെ നിക്ഷേപ തുക ഒരു സാമ്പത്തിക വർഷം ഒന്നര ലക്ഷം രൂപയിൽ കൂടാൻ പാടില്ല.15 വർഷം വരെ ഇങ്ങിനെ നിക്ഷേപിക്കാം.
രക്ഷിതാക്കൾക്ക് പരമാവധി രണ്ട് കുട്ടികളുടെ പേരിൽ മാത്രമാണ് അക്കൗണ്ട് തുറക്കാൻ അനുവാദമുള്ളത്. ഇരട്ടക്കുട്ടികളാണെങ്കിൽ മൂന്നാമതൊരു പെൺകുട്ടിയുടെ പേരിലും അക്കൗണ്ട് തുറക്കാവുന്നതാണ്. കേന്ദ്ര സർക്കാർ പലിശ നിരക്ക് ഓരോ വർഷവും പ്രഖ്യാപിക്കും. വർഷത്തിൽ ഒരിക്കലാണ് പലിശ അക്കൗണ്ടിൽ ക്രഡിറ്റാവുക. ആദായ നികുതി നിയമത്തിന്റെ 80 സി വകുപ്പ് പ്രകാരം 1.5 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ പൂർണ്ണമായും നികുതി രഹിതമായിരിക്കും.
അക്കൗണ്ട് ക്ലോസ് ചെയ്യാൻ:-
പെൺകുട്ടിയ്‌ക്ക് 18 വയസ് പൂർത്തിയായാൽ മുൻ സാമ്പത്തിക വർഷ ക്ലോസിംഗ് പ്രകാരം അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം പിൻവലിക്കാവുന്നതാണ്. പെൺകുട്ടിയ്‌ക്ക് 21 വയസ് ആകുന്ന മുറയ്‌ക്ക് അക്കൗണ്ട് അവസാനിപ്പിക്കാം. എന്നാൽ അപ്പോഴും പണം പിൻവലിക്കുന്നില്ലെങ്കിൽ തുടർന്നും പലിശ വരുമാനം ലഭിക്കുന്നതാണ്. അക്കൗണ്ട് ക്ലോസിങ് അപേക്ഷാഫൊറം, തിരിച്ചറിയൽ രേഖ, മേൽവിലാസത്തിനുള്ള രേഖ/ പൗരത്വ രേഖ എന്നിവ ഹാജരാക്കി അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
അക്കൗണ്ട് ഉടമയുടെ മരണ സർട്ടിഫിക്കേറ്റ് ഹാജരാക്കിയാൽ അക്കൗണ്ട് ഉണ്ടാണ് ക്ലോസ് ചെയ്യാവുന്നതാണ്. ഉടമയുടെ ജീവൻ അപകടപ്പടുന്നതരം അസുഖങ്ങൾക്ക് ചികിത്സക്ക് പണം ആവശ്യമെങ്കിൽ മെഡിക്കൽ സർട്ടിഫിക്കേറ്റ് ഹാജരാക്കി അക്കൗണ്ട് ക്ലോസ് ചെയ്യാവുന്നതാണ്.
പദ്ധതി ആനുകൂല്യം ഉദാഹരണം:-
പ്രതിമാസ നിക്ഷേപം 500 രൂപ. ഒരു വർഷം നിക്ഷേപം 6000 രൂപ .മൊത്തം 14 വർഷം നിക്ഷേപിച്ചാൽ 6000X 14= 84000. കാലാവധി എത്തുമ്പോൾ (അതായത് കുട്ടിക്ക് 21 വയസ്സ് പൂർത്തിയാകുമ്പോ) ലഭിക്കുന്ന തുക= 320259.
ഇന്ന് ഇന്ത്യയിൽ നില നിൽക്കുന്ന ഏറ്റവും മികച്ച സമ്പാദ്യ പദ്ധതികളിൽ ഒന്നാണിത്. സുകന്യ സമൃദ്ധി യോജന ഓരോ പെൺകുട്ടിയുടെയും അവകാശമാണ്. ഈ അവകാശം നിങ്ങളുടെ കുട്ടിക്ക് നിഷേധിച്ചു കൂടാ. ഇന്ന് തന്നെ നിങ്ങളുടെ കുട്ടിയെ ഈ പദ്ധതിയിൽ അംഗമാക്കൂ. ഈ വിവരം നിങ്ങളുടെ സുഹൃദ്- ബന്ധു ജനങ്ങളോട് പങ്കു വെയ്‌ക്കൂ.