എന്താണ് വിഷു ?
പ്രകൃതിയുടെ പ്രത്യേകതകളിൽ പകലും രാവും തുല്യമായി വരുന്ന ദിവസം ആണ് വിഷു എന്ന് പറയുന്നത്. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. സൂര്യൻ ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് പോകുന്നതിനെ സംക്രാന്തി/സംക്രമം എന്നു പറയുന്നു. സംക്രാന്തികളിലെ പ്രധാനമായത് മഹാവിഷു എന്നും പറയുന്നു. മലയാളികൾ വിഷു ആഘോഷിക്കുന്നത് മേടമാസം ഒന്നാംതിയ്യതി ആണ്. കാർഷിക ഉത്സവമായും ശ്രീകൃഷ്ണ ഭഗവാന്റെ ആരാധനയുമായും വിഷുവിനെ ബന്ധപെടുത്താറുണ്ട്. വരാൻ പോകുന്ന ഒരു വർഷത്തിന്റെ പ്രതീകമായും വിഷുവിനെ പറയാറുണ്ട്.
വിഷുവിനെ കുറിച്ചു വ്യത്യസ്ഥ ഐതിഹ്യങ്ങൾ പ്രചാരത്തിൽ ഉണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത് എന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പ് ഉത്സവങ്ങളാണ് വിഷുവും, ഓണവും. ഓണം വിരിപ്പു കൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
വിഷുക്കണി എങ്ങിനെ വേണം ?
വരാൻ പോകുന്ന ഒരു വർഷത്തെ വിഷു സൂചിപ്പിക്കുന്നു എന്നതിനാൽ വിഷുക്കണിയും വിഷു കൈനീട്ടവും പ്രധാനം ആണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണിയുടെ ചുമതല. അരിയും നെല്ലും പാതി നിറച്ച ഓട്ടുരുളിയിൽ അലക്കിയ മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം ഓടിയെത്തുന്നത് കണിക്കൊന്നയാണ് (ഇന്ത്യൻ ലബർണം). ഫെബ്രുവരി മാസം മുതൽ കേരളത്തിൽ കണിക്കൊന്ന പൂക്കാൻ തുടങ്ങും.കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പം. കർണ്ണികാരം എന്നും കണിക്കൊന്നയ്‌ക്ക് പേരുണ്ട്. വിഷുക്കാലത്ത് കേരളത്തിൽ അങ്ങോളമിങ്ങോളം പൂത്തു നിൽക്കുന്ന കണിക്കൊന്ന നയനാന്ദകരമായ കാഴ്ചയാണ്.
പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന ഐശ്വര്യസമ്പൂർണ്ണമായ വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക. കുറിക്കൂട്ടും, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലായവയും ഒക്കെ പ്രാദേശികമായി കണിക്ക് വെയ്‌ക്കാറുണ്ട്. കത്തിച്ച ചന്ദനത്തിരിയും, വെള്ളം നിറച്ച ഓട്ടുകിണ്ടിയും,പുതിയ കസവുമുണ്ടും അടുത്തുണ്ടാവണം എന്നാണ് പറയുന്നത്.
വീട്ടിലെ ഏറ്റവും മുതിർന്ന സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാൻ കിടക്കും. പുലർച്ചെ എഴുന്നേറ്റ് സ്വയം കണികണ്ട്, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തി പുറകിൽ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നത്. കുടുംബാംഗങ്ങൾ എല്ലാവരും കണികണ്ടാൽ പിന്നെ വീടിന്റെ കിഴക്കുവശത്ത് കണികൊണ്ടുചെന്ന് പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.
വിഷുക്കൈനീട്ടം..
കണി കണ്ടതിനുശേഷം ഗൃഹനാഥന്റെ ചുമതല ആണ് കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം കൊടുക്കുക എന്നത്. പണ്ടൊക്കെ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. വരുന്ന വർഷം മുഴുവൻ സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുനത്. പ്രായമായവർ പ്രായത്തിൽ കുറവുള്ളവർക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്.
പണ്ട് കൂട്ട് കുടുംബ വ്യവസ്ഥിതിയിൽ കഴിഞ്ഞിരുന്ന സമയത്ത് വിഷുദിനത്തിൽ സ്വത്തിന്റെ ചെറിയൊരു പങ്ക് എല്ലാവർക്കുമായി വീതിച്ചു നൽകിയിരുന്ന പതിവ് ഉണ്ടായിരുന്നു. ഇതാണ് പിൽക്കാലത്ത് വിഷുക്കൈനീട്ടം എന്ന നിലയിൽ ഇന്നത്തെ രീതിയിലേക്ക് മാറിയതെന്നും ചില സാമൂഹിക ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. ഇന്ന് കാലം മാറിയപ്പോൽ മുതിർന്നവർ ചെറു പ്രായത്തിലുള്ളവർക്ക് നൽകുന്ന പണമായി കൈനീട്ടം. മുത്തശ്ശനോ, അച്ഛനോ അമ്മാവനോ വീട്ടിലെ മുതിർന്നവരോ മാത്രമാണ് കൈനീട്ടം നൽകുക എന്ന നിലയിലേക്കും കൈനീട്ടം ഒതുങ്ങിയിട്ടുണ്ട്.
കണി ഉരുളിയിലെ നെല്ലും അരിയും കൊന്നപ്പൂവും സ്വർണവും ചേർത്ത് വേണം വിഷുക്കൈനീട്ടം നൽകാൻ. പണ്ട് കാലത്ത് നാണയമായിരുന്നു കൈനീട്ടമായി നൽകിയിരുന്നത്. ഇന്ന് സൗകര്യപൂർവ്വം നോട്ടിലേക്ക് മാറി. കൈയ്യിൽ കിട്ടിയ നാണയമെടുത്തതിന് ശേഷം സ്വർണവും ധാന്യവും തിരിച്ചു വയ്‌ക്കും. കൊന്നപ്പൂ കണ്ണോട് ചേർത്ത ശേഷം തലയിൽ ചൂടുകയായിരുന്നു പതിവ്. വർഷം വർഷം മുഴുവൻ സമ്പദ് സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ച് കൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവരാണ് കൈനീട്ടം നൽകുന്നതെങ്കിലും ഇന്ന് മക്കൾ മാതാപിതാക്കൾക്കും മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. കൊടുക്കുന്നവർക്ക് ഐശ്വര്യമുണ്ടാകുമെന്നും കിട്ടുന്നവർക്ക് അത് വർദ്ധിക്കുമെന്നുമാണ് വിശ്വാസം.
ഏവർക്കും വിഷു ആശംസകൾ..