തീർത്ഥാടന കേന്ദ്രങ്ങൾ വിശുദ്ധമായ ഊർജ്ജ കേന്ദ്രങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാസമേറിയ ഘട്ടങ്ങളിൽ കരുത്ത് പകരുന്ന ഊർജ്ജ സ്രോതസ്സുകളാണ് ആരാധനാലയങ്ങളെന്ന് അദ്ദേഹം പറഞ്ഞു. കേദാർനാഥ് ക്ഷേത്രദർശനത്തിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയായിരുന്നു പർവതപ്രദേശങ്ങൾ അഭിമുഖീകരിച്ചിരുന്ന പ്രധാന പ്രശ്നം. ഗതാഗത സൗകര്യം ലഭ്യമായില്ലെങ്കിൽ, പർവത പ്രദേശങ്ങളിലെ ജനജീവിതം ദുസ്സഹമാകും. ഈ പ്രശ്നം പരിഹരിക്കാൻ കേന്ദ്ര സർക്കാർ സാദ്ധ്യമായ എല്ലാ കാര്യങ്ങളും ചെയ്തു വരികയാണെന്ന് പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.
‘വോക്കൽ ഫോർ ലോക്കൽ മാതൃകയിൽ ഞാൻ നിങ്ങളുടെ മുന്നിൽ ഒരു അപേക്ഷ വെക്കുകയാണ്. ഒരു ദിവസം നിങ്ങൾ ചിലവാക്കുന്ന പണത്തിന്റെ 5 ശതമാനം, തദ്ദേശീയ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി മാറ്റി വെക്കുക.‘ പ്രധാനമന്ത്രി നിർദ്ദേശിച്ചു.
കേന്ദ്ര സർക്കാരും ഉത്തരാഖണ്ഡ് സർക്കാരും സാധാരണക്കാരുടെ അവസ്ഥ മനസ്സിലാക്കിയാണ് മുന്നോട്ട് പോകുന്നത്. സംസ്ഥാനത്തിന്റെ ഓരോ മൂലയിലുമുള്ള ജനങ്ങൾക്കും ഇക്കാര്യങ്ങൾ ബോദ്ധ്യപ്പെടുന്നുണ്ട്. രാജ്യത്ത് എല്ലായിടത്തും കൃത്യമായി വാക്സിൻ ലഭ്യമാക്കാൻ സർക്കാരിന് സാധിച്ചുവെന്നും, മുൻ സർക്കാർ ആയിരുന്നുവെങ്കിൽ വാക്സിൻ ഇപ്പോൾ ഡൽഹിയിൽ പോലും എത്തുമായിരുന്നില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.