നിങ്ങൾക്ക് സോപ്പ് എങ്ങനെ ഉണ്ടാക്കണം എന്നറിയാമെങ്കിൽ നിങ്ങളുടെ കുടുംബത്തിന് ആവശ്യമായ കുറച്ചു സോപ്പുകൾ മാത്രം ഉണ്ടാക്കി വേണമെങ്കിൽ നിങ്ങളുടെ കഴിവിനെ അവിടെ പരിമിധപ്പെടുത്താം. എന്നാൽ നിങ്ങൾ 100 സോപ്പ് ഉണ്ടാക്കുകയും നിങ്ങളുടെ അയൽക്കാർക്ക് അത് വിൽക്കുകയും ചെയ്താൽ നിങ്ങളിലെ കച്ചവട മനുഷ്യൻ അവിടെ ജനിക്കുകയാണ്.
റിസ്ക്ക് എടുക്കാൻ തയ്യാറായാൽ 1000 സോപ്പുകൾ നിർമിക്കുകയും അത് നിങ്ങളുടെ പഞ്ചായത്തിൽ വിൽക്കുകയും ചെയ്യാം, ചെറുകിട കച്ചവടക്കാരൻ ആയി നിങ്ങൾ മാറും. നിങ്ങളുടെ ആവേശത്തിനും, സ്വപ്നത്തിനും, സാഹസത്തിനും അവിടെ കടിഞ്ഞാൺ ഇടാതെ ഒരു സോപ്പ് ഫാക്ടറി തുടങ്ങി മാസം ലക്ഷകണക്കിന് സോപ്പ് നിർമ്മിക്കുകയും അത് ഈ രാജ്യത്തിന് അകത്ത് വില്പ്പന നടത്തുകയും ചെയ്താൽ നിങ്ങളൊരു വൻകിട സോപ്പ് കച്ചവടക്കാരൻ ആയി മാറും.
എല്ലായിടത്തും നിങ്ങൾ അന്വേഷിക്കുന്നത് സാധ്യതകളെയാണ്, എത്ര മാത്രം സോപ്പ് ഉണ്ടാക്കി വിൽക്കാൻ കഴിയുമോ അത്രയും സാദ്ധ്യതകൾ തന്നെ. അതിലൂടെ നേരിട്ടും അല്ലാതെയും ഒരുപാട് തൊഴിലുകൾ, രാജ്യത്തിന്റെ സമ്പത്തിലേക്ക് ഒരു വിഹിതം, ഉപഭോക്തകൾക്ക് നല്ലൊരു ഉത്പന്നം. ഇതേ കാര്യങ്ങൾ ഇതിലും വലിയ അളവിൽ ചെയ്യുകയും, കോടിക്കണക്കിനു സോപ്പുകൾ നിർമിക്കുകയും, രാജ്യത്തിർത്തിക്ക് പുറത്തേക്ക് നിങ്ങളുടെ സോപ്പ് കയറ്റുമതി ചെയ്യുകയും ചെയ്താൽ ഈ ഭൂമിയിലെ ഏറ്റവും വലിയ കച്ചവട സാധ്യതയിലേക്ക് നിങ്ങൾ കാൽവെപ്പ് നടത്തി കഴിഞ്ഞു. അനന്തമായ സാദ്ധ്യതകൾ.
ആഗോളവൽക്കരണം കൊണ്ട് ഈ ലോകം പറയുന്നതും അത് തന്നെയാണ്. നിങ്ങൾ നിങ്ങളുടെ സാദ്ധ്യതകൾ ഈ ലോകത്തിനു മുമ്പിൽ തുറന്നു വയ്ക്കു എന്ന്. കുടുംബ അതിർത്തികളും പഞ്ചായത്ത് അതിർത്തികളും സംസ്ഥാന അതിർത്തികളും രാജ്യ അതിർത്തികളും ഭേദിച്ച് ഉല്പന്നങ്ങളും, സേവനങ്ങളും, തൊഴിലും, സമ്പത്തും, അറിവും എല്ലാം പരസ്പരം കൈമാറ്റം ചെയ്യാൻ ആണ് ആഗോള വൽക്കരണം കൊണ്ട് ഉദ്ദേശിക്കുന്നത്.
പക്ഷെ ഇവിടെയെല്ലാം ചെറിയൊരു പ്രശനം ഉണ്ട്. നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം വീടിന് ഉള്ളിൽ മാത്രം, നിങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി മാത്രം സോപ്പ് നിർമ്മിച്ചു നിങ്ങളുടെ അനന്ത സാധ്യതകൾക്ക് വിരാമം ഇടാമായിരുന്നു. നിങ്ങളെ സോപ്പ് നിർമ്മാണത്തിൽ നിന്നും നിങ്ങളുടെ അയൽക്കാർ തടഞ്ഞിരുന്നുവെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ പഞ്ചായത്ത് സമതി നിങ്ങളെ വിലക്കിയിരുന്നു എങ്കിൽ, അല്ലെങ്കിൽ സർക്കാർ തടഞ്ഞിരുന്നു എങ്കിൽ. അവിടെയെല്ലാം നഷ്ടപ്പെടുന്നത് സാദ്ധ്യതകൾ ആണ്, കച്ചവട സാധ്യതകൾ, തൊഴിൽ സാധ്യതകൾ, നികുതി സാധ്യതകൾ, നല്ലൊരു ഉത്പനത്തിന്റെ സാധ്യതകൾ. അതിലെല്ലാം ഉപരി ഒരുപാട് മനുഷ്യരുടെ സ്വപ്നത്തിന്റെയും കഴിവിന്റെയും ആഗ്രഹങ്ങളുടെയും സാധ്യതകൾ. അത് കൊണ്ട് ആർക്ക് എന്ത് നേട്ടം???
മുങ്ങി താഴാനിരുന്ന കപ്പലിനെ കരയ്ക്കടുപ്പിക്കാൻ വേണ്ടി ഒരു ശ്രമം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്ത ഒരു രാജ്യമാണ് നമ്മുടേത്. നരേന്ദ്ര ദാമോദർ ദാസ് മോദിയെ പോലുള്ളർ നേതൃത്വം കൊടുക്കുയയും ഒട്ടനവധി മനുഷ്യരുടെ സഹായത്താൽ ഈ രാജ്യം ഈ ലോകത്തിനു മുമ്പിൽ തുറന്ന് കൊടുത്ത ആ കഥ വേണമെങ്കിൽ നിങ്ങൾക്ക് മനസ്സിലാക്കാതെ പോകാം.
മനസ്സിലാക്കിയാലും ഇല്ലെങ്കിലും നിങ്ങളുടെ ചൈനീസ് അല്ലെങ്കിൽ കൊറിയൻ മൊബൈൽ നിങ്ങൾക്ക് ഉപയോഗിക്കാം, നിങ്ങളുടെ കമ്പ്യൂട്ടർ, ഡിജിറ്റൽ സംവിധാനങ്ങൾ, വാഹനങ്ങൾ, വസ്ത്രങ്ങൾ, എന്തിനേറെ ആഹാരം പോലും കഴിക്കാം. ഇന്ന് നിങ്ങൾ കഴിച്ച ചോറിലെ അരി ഉണ്ടാക്കാൻ ഉപയോഗിച്ച ട്രാക്ടറിന്റെ ബോൾട്ട് നിർമ്മിച്ച മെഷീൻ ചിലപ്പോൾ വന്നത് ജർമനിയിൽ നിന്നോ അമേരിക്കയിൽ നിന്നോ ആയിരിക്കും, അതുമല്ലെങ്കിൽ അളക്കാൻ ഉപയോഗിച്ച കാലിബർ ജപ്പാനിൽ നിന്നും ആയിരിക്കും. അത്രമാത്രം രാജ്യങ്ങൾ തമ്മിൽ പരസ്പര ധാരണയിൽ, കൈമാറ്റപ്പെടലിൽ ആയി കഴിഞ്ഞു, ഇനി ഒരു തിരിച്ചു പോക്ക് ഉണ്ടാകില്ല.
ഇതൊന്നും മനസ്സിലാക്കാതെ ഉന്നത വിദ്യാഭ്യാസ മന്ത്രി, അന്ധവിശ്വാസം കേറി കണ്ണടിച്ചു പോയ രണ്ട് വ്യക്തികളുടെ വന്യമായ പ്രവർത്തികളുടെ ക്രെഡിറ്റ് അവരുടെ ചക്കര വിശ്വാസത്തിൽ കൊണ്ട് കെട്ടാൻ ശ്രമിക്കാതെ, ഈ ലോകത്തിനെ മുന്നോട്ട് നയിക്കുന്ന ആഗോള വൽക്കരണത്തിന്റെ കാലിൽ കൊണ്ട് കെട്ടുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്ല്യം മാത്രം.
അതും സർക്കാർ സ്റ്റാർട്ട് അപ്പ് മിഷനുകളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമയത്ത്, മുഖ്യമന്ത്രിയും പരിവാരങ്ങളും നോർവേയും, ഫിൻലാൻഡും മറ്റും കറങ്ങി പഠനം കഴിഞ്ഞു വന്ന ഈ സമയത്ത്. ആഗോള വൽക്കരണത്തിന്റെ സാദ്ധ്യതകൾ തള്ളികയാനും തെറ്റായ പ്രചാരണങ്ങൾ നടത്താനുമാണെങ്കിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആദ്യം മുഖ്യനെയും വ്യവസായ മന്ത്രിയെയും ആവണം തള്ളിപ്പറയാൻ.