ഒരു അമ്മയുടെ ധീരമായ ചെറുത്തു നിൽപ്പിനെ തുടർന്ന് കടുവയിൽ നിന്ന് 15 മാസം പ്രായമുള്ള തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തിയ സംഭവമാണ് ഇപ്പോൾ പുറത്തു വരുന്നത്. അപ്രതീക്ഷിതമായി അപകടം നടക്കുമ്പോൾ അതിനെ നേരിടാൻ മനോധെെര്യം അത്യാവശ്യമാണ്, അത് ഈ മാതാവിനുണ്ടെന്ന് തെളിയിച്ചു.
മദ്ധ്യപ്രദേശിലെ ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാത്തിലാണ് സംഭവം. അർച്ചന ചൗധരി എന്ന യുവതിയാണ് മകന്‍ രവിരാജിനെ കടുവയുടെ പിടിയില്‍ നിന്ന് രക്ഷിച്ചത്. മകനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ കടുവ അമ്മയേയും ആക്രമിച്ചു. കാട്ടിൽ നിന്നുള്ള ബഹളം കേട്ട് ഗ്രാമവാസികൾ സ്ഥലത്തെത്തി കടുവയെ വനത്തിലേക്ക് ഓടിച്ചു.
ഞായറാഴ്ച്ച രാവിലെയാണ് സംഭവം. ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് സമീപത്ത് വച്ച് കടുവ കുഞ്ഞിനെ കടിച്ചെടുക്കുക ആയിരുന്നു. ഇതുകണ്ട യുവതി കുഞ്ഞിനെ രക്ഷിക്കാനായി കടുവയെ നേരിടുകയായിരുന്നു. കടുവയുടെ താടിയെല്ലില്‍ പിടിച്ചാണ് യുവതി മല്‍പ്പിടുത്തം നടത്തിയത്.
യുവതിക്ക് അരയ്ക്കും കൈയ്ക്കും മുതുകിനും പരിക്കും മകന് തലയ്ക്കും മുതുകിനും പരിക്കേറ്റിട്ടുണ്ട്. യുവതിയെയും മകനെയും മാൻപൂരിലെ ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് ചികിത്സയ്ക്കായി ഉമരിയയിലെ ജില്ലാ ആശുപത്രിയിലേക്കും കൊണ്ടു പോയതായി ഫോറസ്റ്റ് ഗാർഡ് പറഞ്ഞു. വനമേഖലയില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.