പാഞ്ചാലിമേടിന്റെ ചരിത്രം


മുണ്ടക്കയത്തു നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ അകലെയാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. മുണ്ടക്കയത്തു നിന്നും കൃത്യം പതിനാറു കിലോമീറ്റര്‍ അകലെയുള്ള വള്ളിയാങ്കാവ് ശ്രീഭദ്രകാളി ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണിവിടം.

പഞ്ചപാണ്ഡവര്‍ വനവാസക്കാലത്ത് പാഞ്ചാലിമേട്ടില്‍ കഴിയുകയും, ആ സമയം വച്ചാരാധിക്കുകയും ചെയ്തിരുന്നതാണ് ഈ ദേവീചൈതന്യം എന്നാണ് വിശ്വാസം. അക്കാലത്ത് കൊടും വനമായിരുന്നു ഈ പ്രദേശം. പാണ്ഡവര്‍ അവിടെ നിന്നും പോയപ്പോള്‍ ഈ വിഗ്രഹം മലയരയന്മാര്‍ക്കു നല്‍കി. കാലക്രമത്തില്‍ ഈ വംശം കുന്നിന്മുകളില്‍ നിന്നും താഴ്വരയിലേക്കു മാറി. 

ഇതിനു ശേഷം അമ്മ മഹാകാളി ഒരു വള്ളിയില്‍ തൂങ്ങിയാടി വിജനമായ കുന്നിന്‍മുകളില്‍ നിന്നും താഴ്വരയില്‍ എത്തിയെന്നാണ് ഐതിഹ്യം. അവിടെയാണ് ഇപ്പോള്‍ വള്ളിയാങ്കാവ് മഹാദേവീക്ഷേത്രം ഉള്ളത്. അമ്മ ആടി വന്നതെന്നു കരുതപ്പെടുന്ന വള്ളിയും, ആ വള്ളിയില്‍ 'വള്ളിക്കെട്ടില്‍ അഞ്ചുമൂര്‍ത്തികള്‍' എന്ന് പഞ്ച പാണ്ഡവന്മാരുടെ സങ്കല്‍പ്പവും, അവിടെ ക്ഷേത്രത്തിനു സമീപം, വലിയ ഗുരുതിക്കളത്തിനും, മലദൈവമായ കരിം കുറ്റിയാന്‍ സ്വാമിക്കും സമീപത്തായി ഇപ്പോഴുമുണ്ട്.

ശാക്തേയ സമ്പ്രദായത്തില്‍ പൂജിച്ചു വന്നിരുന്ന അമ്മയുടെ നടയില്‍ അത്യുജ്ജ്വലമായ കാളീ ചൈതന്യമാണുള്ളത്. 1993 ല്‍, അന്നത്തെ അവിടുത്തെ മുഖ്യ തന്ത്രിയായിരുന്ന കണ്ടന്‍ കോന്നിയുടെ സമാധിക്കു ശേഷമാണ് ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് 'കൈയ്യേറുന്നത്'. അന്നു മുതലാണ് അവിടെ കൗളാചാരപ്രകാരമുള്ള ബലികള്‍ നിര്‍ത്തലാക്കുന്നത്. 

ദുരിതത്തില്‍ അറ്റം പറ്റുന്നവരും, ഉപാസകരുമല്ലാതെ അമ്മയുടെ നടയില്‍ പോകാനോ, ആ നാമം ഉച്ചരിക്കാനോ പോലും ഭയപ്പെട്ടിരുന്ന ഒരു കാലമുണ്ട്. ഇന്നും അത് അങ്ങനെയൊക്കെ തന്നെയാണ്. തുടര്‍ന്ന് അമ്മയുടെ ചൈതന്യം ഒരു വിഗ്രഹത്തില്‍ ആരാധിക്കാന്‍ കെല്‍പ്പില്ലാതെ, ഭദ്രയായും, ദുര്‍ഗ്ഗയായും രണ്ടു ഭാവത്തില്‍ രണ്ടു ശ്രീകോവിലുകളിലായാണ് അവിടെ അമ്മയെ ആരാധിച്ചു പോരുന്നത്. തരികിടകള്‍ക്കു കണ്ടാല്‍ ഭയവും, ഭക്തര്‍ക്ക് വാത്സല്യം തിരളുന്ന മാതൃഭാവവും ഒരേ വിഗ്രഹത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്ന പുണ്യസ്ഥലം. ശ്രീഭദ്രകാളി പൂര്‍ണ്ണ പ്രഭാവത്തില്‍ അമരുന്നയിടം.

ഈ ക്ഷേത്രവുമായി ഒഴിച്ചു കൂടാനാവാത്ത ബന്ധമാണ് പാഞ്ചാലിമേടിനുള്ളത്. മാത്രവുമല്ല ശബരിമലയുമായും ഈ ക്ഷേത്രത്തിന് താന്ത്രികമായ ബന്ധമുണ്ട്. അതിന് ഉദാഹരണമാണ്, ശബരിമലയില്‍ നട തുറക്കുന്ന മണ്ഡലകാലത്ത് വള്ളിയാങ്കാവില്‍ വലിയ ഗുരുതി നിര്‍ത്തി വയ്ക്കുമെന്നുള്ളത്. തുടര്‍ന്ന് മാളികപ്പുറത്തെ ഗുരുതിക്കു ശേഷമേ മഹാഗുരുതിയോടു കൂടി അവിടെ ഗുരുതിയാരംഭിക്കൂ.

കാലം ഗണിക്കാനാവാത്ത, അതായത് ദ്വാപര യുഗത്തോളമെങ്കിലും പഴക്കമുള്ള ഒരു സംസ്കൃതിയുടെ ചരിത്രമുണ്ട് ആ ഭൂമികയ്ക്ക്. പാഞ്ചാലിമേട്ടില്‍ അമ്മയുടെ മൂലസ്ഥാനത്ത് ഭുവനേശ്വരീ സങ്കല്‍പ്പത്തിലുള്ള പ്രതിഷ്ഠയും, ക്ഷേത്രവും, അവിടെ പൂജയുമുണ്ട്. ക്ഷേത്രത്തിനു ചരിത്രമുണ്ട്.'

Post a Comment (0)
Previous Post Next Post