വൈദേശിയർക്ക് ഒരു പക്ഷേ ഇതുവരെ കൊള്ളയടിക്കാൻ പറ്റാതെ പോയ ഒരേയൊരു ഇന്ത്യൻ ക്ഷേത്രമാണ് പത്മനാഭ സ്വാമി ക്ഷേത്രം. ദക്ഷിണ ഇന്ത്യയുടെ രണ്ടു സഹസ്രാബ്ദങ്ങളുടെ ചരിത്രമാണ് ആ നിലവറകളിൽ ഉറങ്ങുന്നത്. ആ ചരിത്രത്തിന്റെ മൂല്യം ആ സമ്പത്ത് ഭൗതിക മൂല്യത്തിന്റെ പതിന്മടങ്ങാണ്.
ദക്ഷിണേന്ത്യയുടെ ചരിത്രത്തിൽ അതിപ്രധാനമായ സ്ഥാനം കൈയ്യാളുന്ന മഹാ ക്ഷേത്രമാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം. ഈ മഹാക്ഷേത്രത്തിന് കുറഞ്ഞത് 2000 വർഷത്തെ വ്യക്തമായ വായ്മൊഴി ചരിത്രവും ഒരു പക്ഷെ അതിനും ഒരു സഹസ്രാബ്ദം പിന്നിലേക്ക് നീളുന്ന അവ്യക്തമായ ചരിത്രവുമുണ്ട്.
പ്രധാന്യമേറിയ ഒരു ഭൂമിശാസ്ത്ര പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. എല്ലാ പ്രമുഖ ദക്ഷിണേന്ത്യൻ ശക്തികളും പല കാലങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന ഇന്ത്യയുടെ തെക്കെ അറ്റമാണ് ഈ പ്രദേശം. പശ്ചിമഘട്ട മലനിരകളുടെ ഉയരം വളരെ കുറയുന്ന ഒരു പ്രദേശമാണ് ഇന്നത്തെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി, നാഗർ കോവിൽ പ്രദേശം.
ഈ തെക്കൻ പ്രദേശത്തുകൂടെ സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പോലും പാണ്ഡ്യദേശവും, മലനാടും നമ്മിൽ നിരന്തരമായ വ്യാപാര, സാസ്കാരിക ബന്ധങ്ങൾ നിലനിന്നിരുന്നു. ഉരുക്ക്, സുഗന്ധ വ്യജ്ഞനങ്ങൾ, പവിഴം തുണിത്തരങ്ങൾ എന്നിവ രണ്ടര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് പോലും പാശ്ചാത്യ ലോകത്തേക്ക് കയറ്റുമതി ചെയ്തിരുന്ന പ്രദേശമാണിത്.
BCE 100 - CE 200 കാലഘട്ടത്തിൽ റോമിൽ നിന്ന് കച്ചവടത്തിലൂടെ സ്വർണ്ണം ഈ പ്രദേശത്തേക്ക് ഒഴുകിയിരുന്നു. അന്നത്തെ റോമൻ സെനറ്റിൽ ഇതേക്കുറിച്ച് ചർച്ച കൾ നടന്നിരുന്നു. ചേരൻമാരും, ആയ് വിഭാഗവും ഉരുക്കിന്റെ നിർമ്മാണത്തിൽ അദ്വിതീയരായിരുന്നു. ചില അദിമ ചേര രാജാക്കൻ മാരുടെ പേരിനു കൂടെ "ഇരുമ്പൊറെ " എന്ന പേരു കൂടി ഉണ്ടായിരുന്നു. വസ്ത്ര വ്യാപാരത്തിൽ ചോളൻമാരായിരുന്നു മുമ്പിൽ.
മുത്തിന്റെയും, പവിഴത്തിന്റെയും കാര്യത്തിൽ പാണ്ഡ്യൻമാർ അഗ്രഗണ്യരായിരുന്നു. പുകാർ, കോർക്കെ, മുചിരി, പൂവാർ തുടങ്ങിയ തുറമുഖങ്ങളിലൂടെ ആയിരുന്നു രണ്ടു സഹസ്രാബ്ദങ്ങൾക്ക് മുൻപുള്ള ദക്ഷിണ ഇന്ത്യൻ- പാശ്ചാത്യ കച്ചവടം. ഈ കച്ചവടത്തിലൂടെ ഒഴുകിയ സ്വർണ്ണത്തിന്റെ ഒരു ഭാഗമാണ് ദക്ഷിണ ഇന്ത്യയിലെ മഹാ ക്ഷേത്രങ്ങളിൽ സ്വരൂപിക്കപ്പെട്ടത്. മധുര മീനാക്ഷി ക്ഷേത്രം, തിരുച്ചെന്തുർ മുരുകൻ ക്ഷേത്രം പത്മനാഭസ്വാമി ക്ഷേത്രം തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ സമ്പത്ത് വന്നത് അങ്ങിനെയായിരുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ഒഴികെയുള്ള മറ്റെല്ലാ ക്ഷേത്രങ്ങളും മുഗൾ, അഫ്ഗാൻ, ഡച്ച്, ബ്രിട്ടീഷ് ആക്രമണ കാരികൾ കൊള്ളയടിച്ചു. മധുര മീനാക്ഷി ക്ഷേത്രം കൊള്ളയടിച്ച് നൂറുകണക്കിനു ടൺ സ്വർണ്ണമാണ് മുഗൾ - അഫ്ഗാൻ ആക്രമണകാരികൾ കടത്തിയത്. തിരുച്ചെന്തൂരിലെ ക്ഷേത്രം പതിനെട്ടാം ശതകത്തിൽ ഡച്ചുകാർ ആക്രമിച്ച് കൊള്ളയടിച്ചു.
ഭൂമി ശാസ്ത്രപരവും, സൈനികപരവുമായ പ്രത്യേകതകൾ കാരണവും പത്മനാഭസ്വമി ക്ഷേത്രത്തിലെ നിധി പിടിച്ചെടുക്കാൻ ആർക്കുമായില്ല. ഏറ്റവും അവസാനം അതിനു ശ്രമിച്ച ടിപ്പു വെട്ടുകൊണ്ട് മുടന്തിയോടി രക്ഷപ്പെട്ടതിന്റെ വൈരാഗ്യം ഇപ്പോഴും മനസിൽ സൂക്ഷിക്കുന്ന ചില കൂട്ടർ നമുക്കിടയിലുണ്ട്.