ഒടുവിൽ അനിവാര്യമായ നിരോധനത്തിലേക്ക്..


 

ഭാരത സുരക്ഷയ്‌ക്ക് ഭീഷണിയായ നിരോധിച്ച പോപ്പുലർ ഫ്രണ്ട് എന്ന ഭീകര സംഘടനക്ക് കേരളത്തിലെ എൽഡിഎഫ്- യുഡിഎഫ് മുന്നണികളിൽ നിന്നും പരോക്ഷമായും പലപ്പോഴും പ്രത്യക്ഷമായും ലഭിച്ചത് അപകടകരമായ പിന്തുണ. രാഷ്‌ട്രീയ പാർട്ടികൾക്ക് പുറമെ നിഷ്പക്ഷത നടിക്കുന്ന ചില മാദ്ധ്യമങ്ങളും ഇടതുപക്ഷ സൈദ്ധാന്തികരും സാഹിത്യകാരന്മാരും കമ്മ്യൂണിസ്റ്റ് ഭീകരവാദികളും പലപ്പോഴായി ഒളിഞ്ഞും തെളിഞ്ഞും ഇവരെ പിന്തുണച്ചു.

രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും ജനാധിപത്യപരമായ പിന്തുണയോടെ കേന്ദ്രം ഭരിക്കുന്ന ബിജെപിയുമായും ആർ എസ് എസ് എന്ന ദേശീയ പ്രസ്ഥാനവുമായും അടിസ്ഥാന രഹിതമായ സമീകരണമാണ് പോപ്പുലർ ഫ്രണ്ടിന് കേരളത്തിൽ ലഭ്യമാക്കാൻ ശ്രമിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും വിഭിന്നമായി ഈ ഭീകരസംഘത്തിന് ഇത്രമേൽ അപകടകരമായ കാൻസറായി പടർന്നു പന്തലിക്കാൻ കേരളത്തിൽ സാധിച്ചത് എന്തുകൊണ്ട് എന്ന കാര്യം ചിന്തിക്കുമ്പോഴാണ്, പലർക്കും അപ്രിയമാകുന്ന ആ സത്യം ഉറക്കെ പറയേണ്ടി വരുന്നത്.

പോപ്പുലർ ഫ്രണ്ട് ഭീകരതയെ കുറിച്ച് സംസാരിക്കുമ്പോൾ കേരളത്തിലെ ഇടത് പക്ഷവും കോൺഗ്രസും പതിവായി പറയുന്ന പല്ലവിയാണ് അവർ ആർ എസ് എസിന്റെ സൃഷ്ടിയാണ് എന്നത്. എന്നാൽ അത് എപ്രകാരം എന്ന് ചോദിച്ചാൽ ഇവർക്ക് മറുപടിയില്ല. ഈ അപകടകരമായ താരതമ്യത്തിന്റെ ഏറ്റവും പുതിയ ഉദാഹരണങ്ങളിൽ ഒന്നായിരുന്നു, നിരോധനത്തിന് മുന്നോടിയായി പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ പരിശോധന നടന്നപ്പോൾ പുറത്തു വന്ന രാഷ്‌ട്രീയ പ്രതികരണങ്ങൾ.

പോപ്പുലർ ഫ്രണ്ടിനെതിരായ എൻ ഐ എ റെയ്ഡ് ഏകപക്ഷീയം ആണെന്നായിരുന്നു എന്നാണ് സിപിഎം എം പി, എ എം ആരിഫിന്റെ പ്രതികരണം. എന്തിനാണ് പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ മാത്രം റെയ്ഡ് ചെയ്യുന്നത് എന്നായിരുന്നു സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ചോദ്യം. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കേണതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പാർട്ടി കണ്ണൂർ ജില്ലാ നേതാവ് എം വി ജയരാജനും പരസ്യമായി പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ ലഭിക്കുന്ന അവിശുദ്ധ പിന്തുണയുടെയും തദ്ദേശ സ്ഥാപനങ്ങളിൽ മിക്കയിടങ്ങളിലും ഒരുമിച്ച് ഭരിക്കുന്നതിന്റെ ഉപകാര സ്മരണയുമാണ് ഇതിന് പിന്നിൽ എന്ന് വലതുപക്ഷ മാദ്ധ്യമങ്ങൾ ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ടിന് വേണ്ടി കള്ളപ്പണം കൈകാര്യം ചെയ്ത കേസിൽ ജയിലിൽ കഴിയുന്ന മുൻ തേജസ് മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് വേണ്ടി നിയമസഹായം ഉൾപ്പെടെ ചെയ്തു കൊടുത്ത കേരളത്തിലെ പ്രമുഖരായ ചില മാദ്ധ്യമ പ്രവർത്തകരും പോപ്പുലർ ഫ്രണ്ടിനെതിരായ കേന്ദ്ര നീക്കത്തെ ഏകപക്ഷീയമായ വേട്ടയായി ചിത്രീകരിച്ചു. ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന കാരണത്താൽ ചിലതെല്ലാം തങ്ങൾ കണ്ടില്ലെന്ന് നടിക്കുമെന്ന് ചില മാദ്ധ്യമ പ്രവർത്തകർ പരസ്യമായി നിലപാട് സ്വീകരിച്ചു. ഭൂരിപക്ഷ ഭീകരവാദം എന്ന ഇല്ലാത്ത ഗോൾപോസ്റ്റിലേക്ക് ഗോളടിക്കാൻ, നുണകൾ കൊണ്ട് വാചാടോപം നടത്തുന്ന ചില ‘സൈദ്ധാന്തികർ‘ കാലാകാലങ്ങളായി മത്സരിച്ചു.

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തെ പാടിപ്പുകഴ്‌ത്തിയിരുന്ന ചില സാഹിത്യകാരന്മാരും ചലച്ചിത്രകാരന്മാരും അതിനൊപ്പം പോപ്പുലർ ഫ്രണ്ട് പ്രചരിപ്പിക്കുന്ന ആശയങ്ങൾ കൂടി സന്തോഷത്തോടെ ഏറ്റെടുത്തു. ദേശീയ തലത്തിൽ ഇടതുപക്ഷ തീവ്രവാദികൾക്ക് വേണ്ടി പ്രത്യക്ഷപ്പെടുന്ന ചില അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും അധിക ചുമതലയായി തീവ്ര ഇസ്ലാമികവാദികളെ കൂടി ഏറ്റെടുത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന കലാപങ്ങളിൽ ഈ ഛിദ്രശക്തികളെല്ലാം ഒരുമിച്ച് ഒരു കുടക്കീഴിൽ അണിനിരന്നു.

രാഷ്‌ട്രീയ കൊലപാതകങ്ങൾക്ക് പേര് കേട്ട കേരളത്തിൽ, ആർ എസ് എസ് പ്രവർത്തകരെ ഉന്മൂലനം ചെയ്യാൻ ഇടതുപക്ഷത്തോടൊപ്പം സമാന്തരമായി ഇസ്ലാമിക മൗലികവാദികളും കൂട്ടുചേർന്നു. എന്നാൽ, അഭിമന്യു ഉൾപ്പെടെയുള്ള ഇടതുപക്ഷ പ്രവർത്തകരെ, കൃത്യമായി മതം നോക്കി തിരഞ്ഞു പിടിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ കൊലപ്പെടുത്തി. ചുളുവിൽ രക്തസാക്ഷിയെ കിട്ടുന്നതിന്റെ ലാഭം കൂടി ഓർത്തിട്ടാകാം, ഇവയ്‌ക്കൊക്കെയും നേരെ ‘താത്വികമായ‘ കണ്ണടയ്‌ക്കൽ തുടർന്നു.

ഇത്തരത്തിൽ വളർന്നു വന്ന, അഥവാ വളർത്തിക്കൊണ്ടു വന്ന ഭീകര സംഘടനയെയാണ്, രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ബലത്തിൽ കേന്ദ്രസർക്കാർ ഭരണഘടനാപരമായി അവസാനിപ്പിച്ചത്. ഇനിയും ഇത്തരത്തിലുള്ള പരിലാളനങ്ങളുടെ ബലത്തിൽ പുതിയ രൂപത്തിൽ അവതരിക്കാൻ മതമൗലികവാദികൾ ഒരുമ്പെട്ടാൽ, പത്തിക്കടിച്ച് മാളത്തിൽ കയറ്റാനുള്ള കരുത്തുമായി ദേശീയത നെഞ്ചേറ്റിയ പ്രസ്ഥാനങ്ങൾ ഇവിടെയുണ്ടാകും എന്ന ആത്മവിശ്വാസമാണ് ഈ രാജ്യത്തെ ജനസാമാന്യത്തിന്റെ ആത്മവിശ്വാസം.

Post a Comment (0)
Previous Post Next Post