"ദേശീയ ബോധമുള്ള തൊഴിലാളി, തൊഴിലാളിവൽക്കൃത, വ്യവസായ വൽക്കൃത രാഷ്ട്രം". എന്നീ ശ്രേഷ്ഠമായ മുദ്രാവാക്യം ഉന്നയിച്ചുകൊണ്ട് അധ്വാനം ആരാധനയായി കരുതി പ്രവർത്തിക്കുന്ന ബിഎംഎസ്സിന് ചരിത്രപരമായ അംഗീകാരമാണ് തൊഴിലാളികൾ നൽകുന്നത്. വർഗ്ഗ സംഘർഷമെന്ന പ്രാകൃത ചിന്താഗതി ഉപേക്ഷിച്ചു കൊണ്ട് യോജിക്കാവുന്ന മേഖലകളിൽ പരാമാവധി യോജിച്ചുകൊണ്ട് പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് (ബി.എം.എസ്) ഭാരതീയ മസ്ദൂർ സംഘ്.
ഭാവാത്മകവും, സർഗ്ഗാത്മകവുമായ രീതിയിൽ പ്രജകളെ സമീപിക്കുന്ന നിലപാടാണ് ബിഎംഎസ്സിനുള്ളത്. തൊഴിലുടമയെയും തൊഴിൽ ദാതാവിനെയും വർഗ്ഗ ശത്രുവായി കണ്ട് യുദ്ധം ചെയ്യേണ്ട സാഹചര്യം വർത്തമാന കാലഘട്ടത്തിലില്ല. സഹകരിക്കാവുന്ന മേഖലകളിൽ പരാമാവധി സഹകരിക്കുകയും, എതിർക്കേണ്ട കാര്യങ്ങളെ ശക്തമായി എതിർക്കുകയും ചെയ്യുന്ന നിലപാടാണ് ബിഎംഎസ്സിനുള്ളത്. മൂലധന ശക്തികളുടെ തടവറയിലേയ്ക്ക് തൊഴിലാളികളെ നയിക്കുന്ന പിന്തിരിപ്പൻ ശക്തികളോട് കടുത്ത എതിർപ്പ് ബിഎംഎസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്.
അച്ചടക്കം, സാമൂഹ്യ പ്രതിബദ്ധത, ദേശസ്നേഹം എന്നീ സവിശേഷ ഗുണഗണങ്ങൾ തൊഴിലാളികളീൽ വളർത്തിയെടുത്ത് മാതൃകാ പൗരന്മാരെ സൃഷ്ടിച്ച് രാജ്യത്തെ ശക്തിപ്പെടുത്തുകയും പുരോഗതിയിലേക്ക് നയിക്കുകയും ചെയ്യുക എന്നുള്ളത് ബിഎംഎസ്സിന്റെ പ്രഥമ പരിഗണനയിലുള്ള വിഷയങ്ങളാണ്. രാഷ്ട്രീയ അടിമത്വവും, വിധേയത്വവും ഇല്ലാതെ തൊഴിലാളി പക്ഷത്തു നിന്നുകൊണ്ട് പ്രവർത്തിക്കുന്ന ബിഎംഎസ്സിന് ഓരോ ദിവസം പിന്നിടുമ്പോഴും വലിയ പിന്തുണയാണ് തൊഴിലാളികൾ നൽകി വരുന്നത്.
തൊഴിലാളികൾക്കു വേണ്ടി തൊഴിലാളികളാൽ നയിക്കപ്പെടുന്ന തൊഴിലാളികളുടെ പ്രസ്ഥാനമായ ബിഎംഎസ്സിനു മാത്രമേ ആത്മാർത്ഥമായും സത്യസന്ധമായും തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയുകയുള്ളു. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന തൊഴിലാളി നേതാക്കൾ നമ്മുടെ നാട്ടിലുണ്ട്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി തൊഴിലാളികളുടെ വിയർപ്പും, രക്തവും കവർന്നെടുക്കുന്ന മലീമസമായ വർത്തമാനകാല തൊഴിലാളി രംഗത്തെ ശുദ്ധീകരിക്കുക എന്നുള്ള ദൗത്യം ഏറ്റെടുത്തു കൊണ്ട് നേരായ ദിശാബോധം നൽകി തൊഴിലാളികൾക്ക് വെള്ളിവെളിച്ചം നൽകുന്ന ദീപസ്തംഭമാണ് ബിഎംഎസ്.
മൂല്യാധിഷ്ഠിതമായ ആശയവും സുതാര്യമായ പ്രവർത്തനവും സത്യസന്ധമായ സമീപനങ്ങളും യഥാർത്ഥ തൊഴിലാളി സംഘടനയുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്. ബിഎംഎസിന്റെ ഓരോ പ്രവർത്തകനും അവരിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിന് കൂടുതൽ സമയം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഭാരതീയ മസ്ദൂർ സംഘ് 1955 ജൂലായ് 23ന് മധ്യപ്രദേശിലെ ഭോപ്പാലിൽ ആരംഭിച്ചവേളയിൽ ബിഎംഎസ് സ്ഥാപകൻ സ്വർഗ്ഗീയ ദത്തോപന്ത് ഠേംഗ്ഡിജിയുടെ വാക്കുകളിൽ ഓരോ ബിഎംഎസ് പ്രവർത്തകനും സംഘടനാ നിർവ്വഹണത്തിന് വേണ്ടി സത്യസന്ധമായി ജോലി ചെയ്ത് മികച്ച പ്രവർത്തനം നടത്തുക എന്നുള്ളത് കടമയായി സ്വീകരിക്കണം.
അതോടൊപ്പം സമയവും സമ്പത്തും ബുദ്ധിയും സംഘടനയ്ക്കു വേണ്ടി നേരായ രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ആത്മവിശ്വാസത്തോടു കൂടി സംതൃപ്തമായി സന്തോഷത്തോടെ പ്രവർത്തിക്കാൻ സംഘടന കൂടുതൽ കരുത്ത് ആർജ്ജിക്കേണ്ടിയിരിക്കുന്നു. സമൂഹത്തിലെ അവസാനത്തെ തൊഴിലാളി വരെയും നമ്മുടെ ഭാഗമായി മാറണം. "സ്വദേശി, സ്വാശ്രയം, സ്വാഭിമാനം എന്ന തത്വം നമ്മൾ ആചരിക്കുകയും പരിപാലിക്കുകയും വേണം.