ഭാരതത്തിനായി കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണം നേടിയതിൽ സന്തോഷം പങ്കുവെച്ച് ബോക്‌സിംഗ് താരം നിഖാത് സരിൻ. ”കഴിഞ്ഞ തവണ പ്രധാനമന്ത്രിയെ കണ്ടപ്പോൾ അദ്ദേഹവുമായി സെൽഫിയെടുക്കാൻ സാധിച്ചു. ഇനിയെനിക്ക് അദ്ദേഹത്തോടൊപ്പം പുതിയൊരു സെൽഫി വേണം. അന്ന് ടി-ഷർട്ടിലായിരുന്നു അദ്ദേഹത്തിന്റെ ഓട്ടോഗ്രാഫ് വാങ്ങിയത്. എന്നാലിനി, എന്റെ ബോക്‌സിംഗ് ഗ്ലൗസിൽ ഓട്ടോഗ്രാഫ് വാങ്ങും.” സ്വർണ്ണമെഡൽ നേട്ടത്തിന് ശേഷം ഇപ്രകാരമായിരുന്നു സരിൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അതേസമയം തെലങ്കാനയിലുള്ള നിഖാത് സരിന്റെ വീട്ടിൽ മധുരം വിതരണം ചെയ്ത് ആഘോഷങ്ങൾ ആരംഭിച്ചു. ലോക്ക്ഡൗണിലടക്കം വളരെയധികം കഠിനാധ്വാനം ചെയ്താണ് സരിൻ ഈ മെഡൽ നേട്ടത്തിലെത്തിയതെന്ന് സഹോദരി അഞ്ചും മീനസ് പ്രതികരിച്ചു. ഇതവളുടെ മൂന്നാം മെഡലാണ്. ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുക എന്നതാണ് ഇനിയവളുടെ ലക്ഷ്യമെന്നും സഹോദരി പറഞ്ഞു. സരിന്റെ പേഴ്‌സണൽ ഡോക്ടർ കൂടിയാണ് സഹോദരിയായ അഞ്ചും മീനസ്.
കോമൺവെൽത്ത് ഗെയിംസിൽ ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിലായിരുന്നു (48-50 കിലോഗ്രാം) ഇന്ത്യയുടെ ബോക്‌സിംഗ് താരമായ നിഖാത് സരിൻ സ്വർണ്ണം നേടിയത്. അയർലാൻഡിന്റെ കാർളി മക്‌നൗളിനെ തോൽപ്പിച്ചായിരുന്നു സ്വർണ്ണ നേട്ടം. ഫൈനലിൽ 5-0 ലായിരുന്നു കാർളിയെ പരാജയപ്പെടുത്തിയത്. നേരത്തെ വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിലും നിഖാത്ത് സരിൻ സ്വർണ്ണം നേടിയിട്ടുണ്ട്.
https://twitter.com/ANI/status/1556315252643745793?s=20&t=dLYo3xpIxlQmZkdfcr4uIQ
