നഗ്നനേത്രങ്ങൾ കൊണ്ട് ശൂന്യാകാശത്തിലേക്ക് നോക്കി താൻ കണ്ടെത്തിയ അറിവുകൾ നമുക്ക് ഗ്രന്ഥ രൂപേണ ആവാഹിച്ച് തന്ന ഒരു മഹാ പ്രതിഭയായിരുന്നു സംഗമ ഗ്രാമ മാധവൻ. അദ്ദേഹത്തെ കുറിച്ച് BBC വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ വന്ന് ഒരു ഡോക്യുമെന്ററി നിർമ്മിച്ചിരുന്നു. അതിന്റെ തലക്കെട്ട് "Calculating Pi, Madhava style" എന്നായിരുന്നു.
14- ആം നൂറ്റാണ്ടിൽ ഇരിങ്ങാലക്കുടയ്ക്ക് അടുത്ത് "കല്ലേറ്റുകര"എന്ന ഗ്രാമത്തിൽ ജീവിച്ചിരുന്ന ഒരു ഗണിത ജ്യോതി ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. സംഗമേശന്റെ (ഭരത മൂർത്തിയുടെ ക്ഷേത്രം- കൂടൽ മാണിക്യത്തേവർ) ഗ്രാമത്തിലെ മാധവൻ എന്ന കാരണത്താലാണ് അദ്ദേഹത്തിന് "സംഗമഗ്രാമ മാധവൻ" എന്ന പേര് വന്നത്. "ഇരിഞ്ഞാടപിള്ളി മന മാധവൻ നമ്പൂതിരി " എന്നതാണ് യഥാർത്ഥ പേര്. ആധുനിക ഗണിത ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന "റെനെ ജെക്കാർത്ത" (Rene Descartes) ജനിക്കുന്നതിനും 256 വർഷം മുമ്പാണ് മാധവാചാര്യൻ ജനിച്ചത്.
1825 -ൽ പുറത്തിറങ്ങിയ "റോയൽ ഏഷ്യാറ്റിക് സൊസൈറ്റി"- യുടെ ശാസ്ത്ര മാസികയിൽ " ചാൾസ് വിഷ് " ആണ് ആദ്യമായി സംഗമഗ്രാമ മാധവനെ പാശ്ചാത്യർക്ക് പരിചയപ്പെടുത്തിയത്. ചന്ദ്രന്റെ സ്ഥാന നിർണ്ണയത്തിനുള്ള ഗണിത മാർഗ്ഗം, പൈയുടെ മൂല്യം പത്ത് ദശാംശം വരെ കൃത്യമായി കണ്ടുപിടിക്കാനുള്ള മാർഗ്ഗം, അനന്തശ്രേണി വാകൃങ്ങൾ കണ്ടുപിടിക്കാനുള്ള വഴി എന്നിവ അടങ്ങിയ "വേണ്വാരോഹണം" ആണ് മുഖ്യകൃതി. 1400 ൽ രചിച്ച 74- ശ്ലോകങ്ങളുള്ള ഗ്രന്ഥമാണ് ഇത്. ചന്ദ്രന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള നൂതന മാർഗ്ഗമാണ് ഈ ഗ്രന്ഥത്തിന്റെ പ്രധാന സവിശേഷത.
ആ ഗ്രന്ഥം പത്മനാഭൻ തരണനെല്ലൂരിന്റെ ഇല്ലത്തെ ഗ്രന്ഥപ്പുരയിൽ നിന്നാണ് കണ്ടെടുത്തത്. അവിടെ നിന്നും ലഭിച്ചത് പഴയ പകർപ്പായിരുന്നു. ഒറിജിനൽ ഐറ്റം പതിറ്റാണ്ടുകൾക്ക് മുന്നേ കടൽ കടന്നിരിക്കാം എന്നാണ് അനുമാനം. വിദേശത്ത് നിന്നും ഒരു പുത്തൻ റിസേർച്ച് പേപ്പറായി വരുന്ന പലതിന്റെയും വേര് തപ്പി പോയാൽ, എത്തി നിൽക്കുന്നത് പണ്ടത്തെ പല ഗുരുകുലങ്ങളുടേയും ഗ്രന്ഥപ്പുരയിൽ ആണെന്ന നഗ്നസത്യം ജിഹാദി- ഇടത് ബുദ്ധിജീവികൾ ഇന്ന് അംഗീകരിച്ചു തരില്ല.
മാധവാചാര്യരിൽ തുടങ്ങി വാടശ്ശേരി പരമേശ്വരൻ, ദാമോദരൻ, നീലകണ്ഠ സോമയാജി, ജ്യേഷ്ഠദേവൻ, ചിത്രഭാനു, ശങ്കരവാര്യർ, അച്യുതപ്പിഷാരടി, എഴുത്തച്ഛൻ, മേൽപ്പത്തൂർ, പുതുമന സോമയാജി, ശങ്കരവർമ്മൻ അങ്ങനെ എത്തി നിൽക്കുന്ന ഒരു ഗുരു- ശിഷ്യപരമ്പര ഉണ്ടായിരുന്നു നമ്മുടെ ഈ കേരളത്തിൽ.
ഇദ്ദേഹത്തിന്റെ ഉപാസനാ മൂർത്തിയുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രം മനയോട് ചേർന്ന് ഇപ്പോഴും നിലനിൽപ്പുണ്ട്. ഈ ശ്രീകൃഷ്ണക്ഷേത്രത്തിൽ ഇരുന്ന് കൊണ്ടാണ് നഗ്നനേത്രങ്ങൾ കൊണ്ട് അനന്തതയിൽ നിലകൊള്ളുന്ന ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും സ്ഥാനവും, ചലനങ്ങളും അദ്ദേഹം മനസ്സിലാക്കിയിരുന്നത്. അതിനായി അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് ശിലാപാളികൾ ഇപ്പോഴും ക്ഷേത്രത്തിൽ കാണാം. ഗ്രന്ഥരചനകൾ നടത്തിയിരുന്നതും ഇവിടെ വച്ചായിരുന്നു. ചതുർബാഹുവായ ബിംബമാണ് (4 കൈകളോട് കൂടിയ) ക്ഷേത്രത്തിലെ പ്രതിഷ്ഠ.
ഗണിത- ജ്യോതി ശാസ്ത്രജ്ഞനായ സംഗമ ഗ്രാമ മാധവനെ പറ്റി പാശ്ചാത്യർ പഠിക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്നു. പക്ഷെ നമ്മൾ ഭാരതീയർ, പ്രത്യേകിച്ച് സ്വന്തം നാട്ടുകാരായ കേരളീയരിൽ ഭൂരിഭാഗം പേർക്കും, ഇപ്പോഴും, അദ്ദേഹത്തെ അറിയുകയില്ല. അറിയുന്നവർ അത് വിളിച്ചു പറയാൻ മറന്ന് പോയിട്ടുണ്ട്. കൂടുതലറിയാവുന്ന കുറേയേറെ പേർ കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്തിരിക്കുന്നു.
ABVP യുടെ സംസ്ഥാന ചുമതലയുണ്ടായിരുന്ന കാര്യകർത്താവ് സനൂഷ് സനുജിക്ക് ഈ വിഷയത്തിൽ കൂടുതൽ വെളിച്ചം പകരാൻ സാധിച്ചേക്കും. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു സംഘപരിവാർ സംഘടനയായ വിദ്യാഭ്യാസ വികാസ കേന്ദ്രവും, ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാധവ ഗണിത കേന്ദ്രവും ഇദ്ദേഹത്തെ പറ്റി പഠിക്കുകയും ചില സെമിനാറുകൾ സംഘടിപ്പിച്ച് പുരസ്കാരദാനം നടത്തുകയും ചെയ്തിരുന്നു.
https://youtu.be/B8IB6D6Ew_8