ട്രെയിൻ 18 എന്ന് അറിയപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ വേഗത അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. നിലവിൽ രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാണ് രാജ്യത്ത് സർവീസ് നടത്തുന്നത്. മൂന്നാമത്തെ ട്രെയിൻ പരീക്ഷണ ഓട്ടത്തിലാണ്. പരീക്ഷണ ഓട്ടത്തിനിടെ 180 കിലോമീറ്റർ വേഗത പരിധി കടന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെട്ടു.
ഈ വീഡിയോ ട്വിറ്ററിൽ അദ്ദേഹം പങ്കിട്ടു. കാട്ട നാഗ്ദ സെക്ഷനിടയിലാണ് വന്ദേഭാരത് ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത്. നിലവിലെ ശതാബ്ദി എക്സ്പ്രസിന് പകരമാണ് വന്ദേ ഭാരത് ഉപയോഗിക്കുന്നത്. 200 കിലോമീറ്റർ വേഗതയിൽ പായാൻ കഴിയുന്ന ട്രെയിനാണ് ഇത്. എന്നാൽ ഇതിനായി കരുത്തുറ്റ ട്രാക്കും, ആധുനിക സിഗ്നൽ സൗകര്യവും ഒരുക്കേണ്ട വരും.
16 കോച്ചുകളുള്ള ഈ ട്രെയിനിന് ശതാബ്ദി എക്സ്പ്രസിന്റേതിന് സമാനമായ യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ടാകും. ലക്ഷ്യസ്ഥാനങ്ങളിൽ വേഗത്തിൽ തിരിയുന്നതിന് രണ്ടറ്റത്തും എയറോഡൈനാമിക് ആയി രൂപകൽപ്പന ചെയ്ത ഡ്രൈവർ ക്യാബിനുകളാണ്. പവർ ലാഭിക്കുന്ന ഒരു നൂതന റീജനറേറ്റീവ് ബ്രേക്കിംഗ് സംവിധാനമാണ് ട്രെയിനിലുള്ളത്. പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനിൽ യാത്രക്കാർക്ക് മികച്ച സൗകര്യവും സുരക്ഷിതത്വവും പ്രദാനം ചെയ്യുന്നു.
110 കിലോമീറ്റർ വിജയകരമായ ആദ്യ ട്രയൽ റണ്ണിന് ശേഷം, കോട്ടനാഗ്ദ സെക്ഷനിൽ രണ്ടാം ഘട്ടത്തിന്റെ ട്രയൽ റൺ ആരംഭിച്ചു, കോട്ടയ്ക്കും നഗ്ദ റെയിൽവേ സ്റ്റേഷനും ഇടയിലുള്ള 225 കിലോമീറ്റർ സെക്ഷനിലാണ് ട്രയൽ റൺ. പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററിലാവും. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിൽ പുതിയ ട്രെയിൻ ഓടിക്കാൻ കഴിയുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
https://twitter.com/AshwiniVaishnaw/status/1563059203177992192?s=20&t=8Akef2n7Kh0qVsMSPMa15Q