'അന്തർവാഹിനികളുടെ അന്തകൻ' എന്ന് വിശേഷിപ്പിക്കാവുന്ന, ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ കരുത്തൻ INS മാഹി കമ്മീഷൻ ചെയ്തു. ഈ യുദ്ധകപ്പൽ ഇന്നു മുതൽ ഇന്ത്യൻ നാവിക സേനയുടെ ഭാഗമാണ്. കൊച്ചിൻ ഷിപ്പ്‌യാർഡ് നിർമ്മിച്ച ഈ യുദ്ധക്കപ്പൽ 'ആന്റി- സബ്‌മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്' (ASW SWC) വിഭാഗത്തിൽ പെടുന്നതാണ്. ഇന്ത്യൻ നാവികസേനയുടെ അഭയ് ക്ലാസ് കപ്പലുകൾക്ക് പകരക്കാരനായാണ് INS മാഹി എത്തുന്നത്.
പ്രധാന ദൗത്യങ്ങൾ:
സമുദ്രത്തിനടിയിൽ ഒളിച്ചിരിക്കുന്ന ശത്രുക്കളുടെ അന്തർവാഹിനികളെ കണ്ടെത്തി തകർക്കുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. ആഴം കുറഞ്ഞ കടലിൽ വളരെ വേഗത്തിൽ സഞ്ചരിക്കാനും ഓപ്പറേഷനുകൾ നടത്താനും ഇതിന് സാധിക്കും. തീരപ്രദേശങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ ഇത് സഹായിക്കുന്നു.
കടലിൽ മൈനുകൾ നിക്ഷേപിക്കാനും മറ്റ് ചെറിയ തോതിലുള്ള യുദ്ധകാര്യങ്ങൾക്കും ഇത് ഉപയോഗിക്കാം. യുദ്ധകാലഘട്ടത്തിൽ അല്ലെങ്കിൽ, കടലിലെ തിരച്ചിലിനും രക്ഷാ പ്രവർത്തനങ്ങൾക്കും ഇത് ഉപയോഗിക്കാം.
INS മാഹിയുടെ നിർമ്മാണത്തിലും സാങ്കേതികവിദ്യയിലും 'ആത്മനിർഭർ ഭാരത്' (Make in India) പദ്ധതിയുടെ വലിയ സ്വാധീനമുണ്ട്. ഇതിലെ 80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമ്മിച്ചതാണ്.
ഈ യുദ്ധക്കപ്പലിൻ്റെ നീളം 78 മീറ്ററും, വീതി 11.36 മീറ്ററുമാണ്. ഇതിൻ്റെ വേഗത 25 നോട്ട്സ് (ഏകദേശം 46 km/h), റെയിഞ്ച് 1800 നോട്ടിക്കൽ മൈൽ, ഭാരം 900 ടൺ, ക്രൂ (Crew) 57 പേരെ (7 ഓഫീസർമാരും 50 നാവികരും) ഉൾപ്പെടുത്താനാകും.
ആയുധശേഖരം (Weapons & Sensors):
ശത്രുക്കളെ നേരിടാൻ അത്യാധുനിക ആയുധങ്ങളാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. വെള്ളത്തിനടിയിലൂടെ പോയി ശത്രു കപ്പലുകളെയും അന്തർവാഹിനികളെയും തകർക്കാനാകും. അന്തർവാഹിനികളെ തകർക്കാനുള്ള റോക്കറ്റ് ലോഞ്ചറുകൾ. 30 mm ക്ലോസ്-ഇൻ വെപ്പൺ സിസ്റ്റം (CRN-91), 12.7 mm റിമോട്ട് കൺട്രോൾ ഗണ്ണുകൾ എന്നിവ ഇതിലുണ്ട്. വെള്ളത്തിനടിയിലെ ശബ്ദതരംഗങ്ങൾ തിരിച്ചറിഞ്ഞ് ശത്രുക്കളെ കണ്ടെത്താൻ അത്യാധുനിക സോണാറുകൾ (Hull Mounted & Towed Array Sonar) ഇതിലുണ്ട്.
എന്തുകൊണ്ട് ഇത് പ്രധാനമാണ്?
ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെയും പാകിസ്ഥാന്റെയും അന്തർവാഹിനികളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, തീരത്തോട് ചേർന്ന് ആഴം കുറഞ്ഞ ഭാഗങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന ഇത്തരം കപ്പലുകൾ ഇന്ത്യയുടെ പ്രതിരോധത്തിന് നിർണ്ണായകമാണ്. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മിക്കുന്ന 8 കപ്പലുകളിൽ ആദ്യത്തേതാണ് 'മാഹി'. 'മാൽവാൻ', 'മാംഗ്രോൾ' എന്നിവയാണ് ഈ ശ്രേണിയിലെ അടുത്ത കപ്പലുകൾ.
