അടുത്ത വിമാനവാഹിനി കപ്പലായ ഐഎൻഎസ് വിശാൽ ഉടൻ.


ഭാരതം തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി, ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബർ 2ന് ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകും. വിമാനവാഹിനികള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള വിരലിലെണ്ണാന്‍ മാത്രം കഴിയുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് അങ്ങിനെ ഭാരതവും. എന്താണ് വിമാനവാഹിനി, എങ്ങനെയാണ് അതിന്റെ പ്രവര്‍ത്തനം എന്നെല്ലാം മുമ്പ് ഒരിക്കല്‍ പറഞ്ഞിരുന്നു.

ഐഎൻഎസ് വിക്രാന്തിനെ നിര്‍മ്മിച്ച കൊച്ചിൻ ഷിപ്പ് യാർഡിൽ തന്നെ ഭാരതത്തിന്റെ അടുത്ത വിമാനവാഹിനി, ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയാണ്. അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ ഓരോന്നും സദാ പ്രവര്‍ത്തനസജ്ജമായി തീരത്ത് ഒരെണ്ണവും ഇത്രയുമാണ് നമ്മുടെ ആവശ്യം. വിക്രമാദിത്യ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്, ഇപ്പോള്‍ വിക്രാന്തും നീരണിഞ്ഞു. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വിശാലും കടലിലിറങ്ങും.

ഇവിടെ ഉയരുന്ന ഒരു പ്രധാന ചോദ്യമുണ്ട്. സാങ്കേതിക സ്വയംപര്യാപ്തത നേടിയ സ്ഥിതിക്ക് ഭാരതത്തിനു എന്തുകൊണ്ട് ഒരു ലക്ഷത്തിലധികം ഡിസ്‌പ്ലേസ്‌മെന്റ് ശേഷിയുള്ള, ആണവശക്തിയില്‍ പ്രവര്‍ത്തിക്കുന്ന, അമേരിക്കയുടെ നിമിറ്റ്‌സ് ക്ലാസ്സ് വിമാനവാഹിനികളെ പോലുള്ള സൂപ്പര്‍ കാരിയറുകള്‍ സ്വന്തമാക്കിക്കൂടാ എന്നതാണത്. ശരിയാണ്, കപ്പലുകളില്‍ ഉപയോഗിക്കുന്ന ആണവ റിയാക്റ്ററുകള്‍ നമുക്ക് നിര്‍മ്മിക്കാന്‍ കഴിയും. അറുപതിനായിരം ടണ്‍ ഡിസ്‌പ്ലേസ്‌മെന്റ് ശേഷി ഉണ്ടെങ്കില്‍ ഒരു ലക്ഷം ടണ്ണും പറ്റും. എന്നിട്ടും നാമതിനു തയ്യാറാകുന്നില്ല.

ഓരോ രാജ്യത്തിന്റെയും സുരക്ഷാമാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്. അതിനനുസരിച്ചുള്ള ആയുധങ്ങളാണ് ഉണ്ടാക്കേണ്ടതും. അമേരിക്കയെ സംബന്ധിച്ചിടത്തോളം അവരുടെ ശത്രുരാജ്യങ്ങള്‍ അടുത്തല്ല, ഭൂഖണ്ഡങ്ങള്‍ക്ക് അപ്പുറമാണ്. അയല്‍ രാജ്യങ്ങളായ കാനഡയും മെക്‌സിക്കോയുമൊന്നും അവരുടെ ശത്രുക്കള്‍ അല്ല. അതുകൊണ്ടുതന്നെ അവരൊന്നും അമേരിക്കയ്ക്ക് ഭീഷണിയുമല്ല. എന്നാല്‍ അകലെക്കിടക്കുന്ന റഷ്യ, ചൈന, ഇറാഖ്, ഇറാന്‍, ഉത്തരകൊറിയ ഒക്കെ അമേരിക്കക്ക് ഭീഷണിയാണ്. അകലെക്കിടക്കുന്ന ശത്രുക്കളെ നേരിടാനും അവിടേക്ക് എത്തിച്ചേരാനും അവര്‍ക്ക് അതിനനുസരിച്ചുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്. അങ്ങനെയാണ് അവര്‍ സൂപ്പര്‍ കാരിയറുകള്‍ ഉണ്ടാക്കുന്നത്.

ആണവ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു കപ്പലിന്റെ മുഴുവന്‍ ആയുസ്സിലേക്കും വേണ്ട ഇന്ധനം ആദ്യം തന്നെ അതില്‍ നിറച്ചിരിക്കും. അതുകൊണ്ടുതന്നെ ഇടക്കിടക്ക് ഇന്ധനം നിറക്കാന്‍ തീരത്തേക്ക് വരേണ്ടതില്ല. ഇക്കാരണത്താല്‍ തന്നെ മാസങ്ങളോളം ഒരു തീരത്തും അടുപ്പിക്കാതെ ഈ കപ്പലുകള്‍ക്ക് കടല്‍പ്പരപ്പില്‍ കഴിയാനാകും. അഫ്ഗാനിലും ഇറാഖിലുമെല്ലാം അമേരിക്ക നടത്തിയ യുദ്ധങ്ങളുടെ നട്ടെല്ല് ഇന്ത്യന്‍ മഹാസമുദ്രങ്ങളില്‍ നങ്കൂരമിട്ടിരുന്ന അമേരിക്കയുടെ വമ്പന്‍ വിമാനവാഹിനികളിലെ നൂറുകണക്കിന് വിമാനങ്ങള്‍ ആയിരുന്നു. ലോകത്തില്‍ ആകെയുള്ള വിമാനവാഹിനികളില്‍ പകുതിയിലേറെയും അമേരിക്കന്‍ നാവികസേനയുടേതാണ്. അതുകൊണ്ടുതന്നെ അമേരിക്കന്‍ വ്യോമസേന കഴിഞ്ഞാല്‍ ഏറ്റവും വലിയ യുദ്ധവിമാനവ്യൂഹമുള്ളത് അമേരിക്കന്‍ നാവികസേനക്കാണ്.

എന്നാല്‍ ഭാരതത്തിന്റെ ശത്രുരാജ്യങ്ങള്‍ അകലെയല്ല, പകരം അയല്പക്കത്താണ്. അതുകൊണ്ട്, പടിഞ്ഞാറും കിഴക്കുമുള്ള രണ്ടു സമുദ്രതീരങ്ങളാണ് നമുക്ക് സംരക്ഷിക്കാനുള്ളത്. അമേരിക്കയെപ്പോലെ ഭൂഖണ്ഡങ്ങള്‍ താണ്ടിയുള്ള സാമ്രാജ്യത്വ താല്പര്യങ്ങളും ഭാരതത്തിനില്ല. രണ്ടു തീരദേശങ്ങള്‍ സംരക്ഷിക്കുക എന്നത് മാത്രമാണ് നമ്മുടെ സുരക്ഷാ മുന്‍ഗണന, അതിനു വമ്പന്‍ പതിനായിരക്കണക്കിന് കോടി ചെലവുള്ള സൂപ്പര്‍ കാരിയറുകള്‍ ആവശ്യമില്ല. മാസങ്ങളോളം കടലില്‍ കഴിയേണ്ട ആവശ്യവുമില്ല. പ്രവര്‍ത്തനക്ഷമമായ മൂന്ന് വിമാനവാഹിനികളുടെ ആവശ്യമേ ഭാരതത്തിനുള്ളൂ. അതിലേക്കാണ് ഭാരതം എത്തിക്കൊണ്ടിരിക്കുന്നതും. 

Post a Comment (0)
Previous Post Next Post